Wed. Aug 26th, 2026

എറണാകുളം: കേരളത്തിൽ പുതിയ ജില്ല രൂപീകരിക്കുന്ന സാഹചര്യമുണ്ടായാൽ മൂവാറ്റുപുഴയെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലാ പുനർവിഭജനത്തിനായി സർക്കാർ കമ്മീഷനെ നിയോഗിക്കുമെന്നും കമ്മീഷന്റെ പരിധിയിൽ മൂവാറ്റുപുഴയും ഉൾപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ മലപ്പുറം, തിരുവനന്തപുരം ജില്ലകള്‍ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എം എൽ എയാണ് മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചത്. മൂവാറ്റുപുഴക്കാർക്ക് ഓണസമ്മാനമായി പുതിയ ജില്ല പ്രഖ്യാപിക്കണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം.

വികസന പ്രവർത്തനങ്ങൾക്കുള്ള കൂടുതൽ ഫണ്ട് എറണാകുളം, കൊച്ചി മേഖലകളിലേക്ക് പോകുന്നതിനാൽ മൂവാറ്റുപുഴ, കോതമംഗലം ഉൾപ്പെടെയുള്ള മലയോര മേഖലകൾ പിന്നാക്കം പോകുന്നുവെന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്.



 

Leave a Reply