തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണ് ഓണമെന്നും അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. എന്നാല്‍ അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്.
വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ തിരുവോണം. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കാലത്ത് ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കാനാകണം. അതു തന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശവുമെന്ന് മുഖ്യമന്ത്രി കുറിച്ചു.


