ന്യൂഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി. സമരനടപടികളെ കുറിച്ച് ചർച്ച ചെയ്യാനായി അടിയന്തര വർക്കിംഗ് കമ്മിറ്റി യോഗം ചേരാനാണ് തീരുമാനം. സമരം പിൻവലിപ്പിച്ചതിന് ശേഷം കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാതെ യുവാക്കളെ വഞ്ചിക്കാൻ ശ്രമിക്കുകയാണെന്ന് പാർട്ടി ആരോപിക്കുന്നു. പ്രതിഷേധക്കാർക്കെതിരെയുള്ള എഫ്ഐആർ പട്ടിക സമർപ്പിക്കാൻ സുപ്രീം കോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ അത് നൽകിയില്ലെന്ന് അവർ കുറ്റപ്പെടുത്തുന്നു.
ഇതിനിടയിൽ, നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുൻകൂട്ടി ഒരുങ്ങാൻ പ്രധാനമന്ത്രി പാർട്ടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തയ്യാറെടുപ്പുകൾ നേരത്തെ തുടങ്ങാനാണ് നിർദ്ദേശം. വന്ദേമാതരം ചർച്ചാ വിഷയമാക്കുന്നതിനൊപ്പം ജെൻസികളുമായുള്ള ആശയവിനിമയം കൂട്ടാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്രത്തിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുമ്പോൾ, ചർച്ച വന്ദേമാതരത്തിൽ നിർത്താനാണ് ബിജെപിയുടെ തീരുമാനം. ഡൽഹിയിൽ നടന്ന ദേശീയ ഭാരവാഹികളുടെ യോഗത്തിൽ വന്ദേമാതര ആലാപന വിവാദത്തിൽ കോൺഗ്രസിനെതിരെ പ്രമേയവും പാസാക്കിയിരുന്നു. വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് തീരുമാനം വർഗീയ ശക്തികളെ പ്രീണിപ്പിക്കാനാണെന്നാണ് ബിജെപിയുടെ ആരോപണം. യുവാക്കൾക്കിടയിൽ ഇതിൻ്റെ പ്രാധാന്യം എത്തിക്കാൻ രാജ്യവ്യാപക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
കൂടാതെ, ജെൻസികളിലേക്ക് കൂടുതൽ അടുക്കാനുള്ള പരിപാടികളുടെ ചുമതല സ്മൃതി ഇറാനിക്കടക്കം നൽകിയിട്ടുണ്ട്. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ശുചിത്വ പ്രവർത്തനങ്ങൾ, രക്തദാന ക്യാമ്പുകൾ, ആരോഗ്യ ക്യാമ്പുകൾ എന്നിവ ഉൾപ്പെടുന്ന സേവന കാമ്പയിനും സംഘടിപ്പിക്കും. ഈ കാമ്പയിനൊപ്പം മുൻകാലങ്ങളിൽ പ്രഖ്യാപിച്ച ക്ഷേമ പ്രവർത്തനങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാനും യോഗം തീരുമാനിച്ചു.

