ന്യൂഡല്‍ഹി: പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ടി പി വധക്കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായിരുന്ന സീനിയര്‍ അഭിഭാഷകനെ മാറ്റാന്‍ തീരുമാനം. സീനിയര്‍ അഭിഭാഷകന്‍ പി വി ദിനേശിനെയാണ് മാറ്റുന്നത്. മുന്‍ സോളിസിസ്റ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍, പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്ര എന്നിവരില്‍ ഒരാളെ കേസില്‍ ഹാജരാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

അതിനിടെ, ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി ഉള്‍പ്പടെ ഏഴ് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മൂന്നാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.
13 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയാണ്. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നു ആവശ്യപ്പെട്ട് നല്‍കിയ ജാമ്യ ഹരജി വേഗത്തില്‍ കേള്‍ക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹരജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റിയത്. രണ്ട് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ രമയോട് കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിനായി സ്റ്റാഡിംഗ് കോണ്‍സല്‍ സുല്‍ഫിക്കര്‍ അലി പി എസ് ഹാജരായി.


