✍️ ലിബി. സി. എസ്
ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനമാണ്. ദൈനംദിന വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തിൽ കൊല്ലപ്പെട്ട പത്രപ്രവർത്തകർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ദിനാചരണം നടത്തുന്നത്.
പത്രപ്രവര്‍ത്തകരും മറ്റ് മാധ്യമപ്രവര്‍ത്തകരും നിരന്തരം വേട്ടയ്ക്കിരയാവുന്ന ഇക്കാലത്ത് ഈ ദിനമുയര്‍ത്തുന്ന ചോദ്യങ്ങള്‍ മുമ്പെന്നത്തേക്കാളും പ്രസക്തമാണ്. പ്രത്യേകിച്ച് ഇൻഡ്യയിൽ!
അവകാശങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നു: മറ്റെല്ലാ മനുഷ്യാവകാശങ്ങള്‍ക്കും ഒരു ചാലകമായി ആവിഷ്‌കാര സ്വാതന്ത്ര്യം ( Shaping a Future of Rights: Freedom of Expression as a Driver for All Other Human Rights ) എന്നതാണ് 2023ലെ പത്രസ്വാതന്ത്ര്യ ദിനത്തിന്റെ വിഷയം.
അവകാശങ്ങളുടെ ഭാവിയും ആവിഷ്‌കാര സ്വാതന്ത്ര്യവും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്താണ് ഈ ദിനം കടന്നെത്തുന്നത്. ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ വ്യാജം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അത്യന്തം ഗൗരവതരമായ സാഹചര്യത്തിലാണ് ലോക പത്രസ്വാതന്ത്ര്യ ദിനം ചര്‍ച്ചയാവുന്നത്.
ജനാധിപത്യത്തിന്‍റെ നാലാമത്തെ കാവല്‍ത്തൂണ് എന്ന അർത്ഥത്തിലുള്ള ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന പ്രയോഗത്തെ പരിഭാഷപ്പെടുത്തിയാകണം, തിരുവന്തോരം ബാറിലെ അഭിഭാഷകർ മുൻപ് പത്രപ്രവർത്തകരെ നാലാം ലിംഗക്കാര്‍ എന്നു വിശേഷിപ്പിച്ചത്. അതു കേട്ട് പ്രിയ മാധ്യമ പ്രവര്‍ത്തകര്‍ പ്രകോപിതരാകുകയോ പ്രതിഷേധിക്കുകയോ ചെയ്യാതിരുന്നതും അതുകൊണ്ടു തന്നെയാണ്. കാരണം ജനാധിപത്യത്തിന്‍റെ മറ്റു മൂന്നു ലിംഗങ്ങള്‍ കഴിഞ്ഞാലേ നാലാമത്തെ ലിംഗം വരുന്നുള്ളൂ.
മുന്‍പറഞ്ഞ മൂന്നു തൂണുകള്‍ക്കും വളരെക്കൂടുതല്‍ അധികാരങ്ങളുണ്ട്. അവ മറ്റുള്ളവര്‍ക്കു മേല്‍ പ്രയോഗിക്കാനുള്ള അവകാശവുമുണ്ട്. എന്നാല്‍ ഈ മൂന്നു ലിംഗങ്ങള്‍ക്കുമുള്ള ഒരധികാരവും നാലാം ലിംഗ ക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ക്കില്ല. പക്ഷേ, മുന്‍പറഞ്ഞ മൂന്നു തൂണുകളില്‍ ഏതിലെങ്കിലും വല്ല വളവോ, ചരിവോ, ബലക്ഷയമോ, അസഹിഷ്ണതയോ, പ്രതിപത്തിയോ, പ്രീതിയോ, വിദ്വേഷമോ എന്തു തന്നെ കണ്ടെത്തിയാലും അവ ജനങ്ങളെ അറിയിക്കാനുള്ള കടമ മാധ്യമങ്ങള്‍ ക്കുണ്ട്. സന്തോഷിപ്പിക്കുന്നവയും ദുഃഖിപ്പിക്കുന്നവയും ആവശ്യമെങ്കില്‍ പരസ്യപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്.
ജഡ്ജിയെയോ അഭിഭാഷകനെയോ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമില്ല. എന്നാല്‍ അവരുടെ വിധിന്യായത്തിലും വാദപ്രതിവാദങ്ങളിലും അരുതായ്മകളുണ്ടെങ്കില്‍ വിമര്‍ശിക്കാമെന്നു സുപ്രീം കോടതിയുടെ തന്നെ റൂളിങ്ങുമുണ്ട്.
ഭരണഘടനയുടെ 19 ആം വകുപ്പ് അനുശാസിക്കുന്ന, സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായം പറയാനുമുള്ള ഏതൊരു പൗരന്‍റെയും മൗലികാവകാശം മാത്രമാണ് ഇന്ത്യയിലെ പത്രസ്വാതന്ത്ര്യത്തിന്‍റെ കാതല്‍. ഒരു പൗരനു പോകാവുന്ന ലക്ഷ്മണ രേഖയ്ക്കപ്പുറത്തേക്കു പോകാന്‍ ഇതുവരെയും മാധ്യമങ്ങളെ അനുവദിച്ചിട്ടുമില്ല. ഭരണഘടനയുടെ 19 (1) എ ചട്ടങ്ങളാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന പ്രധാന നിയമം. അതനുസരിച്ച് സ്വതന്ത്രവും നിഷ്പക്ഷവും നിര്‍ഭയവുമായ വിവരങ്ങളും അഭിപ്രായങ്ങളും പ്രസിദ്ധപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ 19(2) ചട്ടത്തിലെ നിയന്ത്രണങ്ങള്‍ക്കു വിധേയമായിരിക്കുകയും വേണം ഇത്തരം റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കേസ് ആയിരുന്നു അലഹബാദ് ഹൈക്കോടതി പരിഗണിച്ച സ്റ്റേറ്റ് ഒഫ് യുപി വെഴ്സസ് രാജ് നാരായണ്‍ കേസ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി, 1975 ജൂണ്‍ 12 നു ജസ്റ്റിസ് ജഗ് മോഹന്‍ ലാല്‍ സിന്‍ഹ നടത്തിയ വിധി പ്രസ്താവന ചരിത്ര സംഭവമാണ്.
രാജ്യത്ത് ആദ്യമായി അടിയന്തിരാവസ്ഥയ്ക്കു വഴിതുറന്ന ഈ വിധി വരുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ, രാജ് നാരായണനെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്തു കോടതിയിലെത്തിച്ചതാണു കേസ്. മേയ് 23 നു വാദം പൂര്‍ത്തിയാക്കിയെങ്കിലും ജൂണ്‍ 12 വരെ സ്വയം വല്‍മീകത്തിലൊളിച്ചിരുന്നാണു ജസ്റ്റിസ് സിന്‍ഹ അവസാന വിധി രേഖപ്പെടുത്തിയത്.
ജഡ്ജിയെ സ്വാധീനിക്കാനും സമ്മര്‍ദത്തിലാക്കാനും നിരവധി ശ്രമങ്ങള്‍ നടന്നു. അന്തിമ വിധി തയാറാക്കാന്‍ സ്റ്റെനോഗ്രാഫറുടെ പോലും സഹായം തേടാതെ ഒറ്റയ്ക്കു കുറിച്ച വിധി വാചകങ്ങള്‍ വായിക്കാന്‍ കോടതിയിലെത്തുന്നതിനു മുന്‍പ് ജസ്റ്റിസ് സിന്‍ഹ കോടതി മുറിയില്‍ മാധ്യമങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു.
വിധി പറഞ്ഞശേഷം പൊലീസ് എസ്കോര്‍ട്ട് പോലുമില്ലാതെ ഔദ്യോഗിക വസതിയിലേക്കു മടങ്ങിയ അദ്ദേഹം ഒരിക്കല്‍പ്പോലും പിന്നീടു മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കിയില്ല. ഒരു മാധ്യമ പ്രവര്‍ത്തകനോടു പോലും സംസാരിച്ചതുമില്ല. അതിശക്തയായ പ്രധാനമന്ത്രിക്കെതിരേ വാദം കേട്ടു, വിധി പറഞ്ഞു, സ്വസ്ഥമായി വീട്ടില്‍പ്പോയി വിശ്രമിച്ചു. അതാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ പവര്‍. മസില്‍ പവറല്ല- ഇന്‍റലക്ച്വല്‍ പവര്‍; ദ് അള്‍ട്ടിമേറ്റ് ജുഡീഷ്യല്‍ പവര്‍. അതാണ് ഇന്ത്യയിലെ മാധ്യമങ്ങളുടെയും ജുഡീഷ്യറിയുടേയും ധർമ്മവും ചരിത്രവും.
അൽപം വൈകിയാണെങ്കിലും സിദ്ദിക്ക് കാപ്പനും, മീഡിയ വൺ നും ഒക്കെ ലഭിച്ച നീതി ജുഡീഷ്യറിയിലെങ്കിലും ചെറിയ പ്രതീക്ഷയ്ക്ക് വക നൽകുന്നു.