Thu. Oct 29th, 2026

✍️ ഷാജി കിഴക്കേടത്ത്

സംഘപരിവാർ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളെയും ഭരണഘടനാമൂല്യങ്ങളെയും തകർത്തു തരിപ്പണമാക്കി ഹിന്ദുരാഷ്ട്രമെന്ന പ്രഖ്യപിതലക്ഷ്യം, രാഷ്ട്രീയ സ്വയം സേവക് സംഘിൻ്റെ ശതാബ്ദിയാഘോഷ വേളയിൽ യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കെ.ദാമോദരൻ എന്ന മാർക്സിസ്റ്റുമാനവിക വാദിയുടെ അനുസ്മരണത്തിൻ്റെ പ്രസക്തിയെ കാണേണ്ടത്.

മാർക്സിസത്തെ കേവലം വരട്ടുതത്വ വാദമായി കാണാതെ, അതിനു മാനവികതയുടെയും ഭാരതീയ ദാർശനിക പാരമ്പര്യത്തിൻ്റെയും പശ്ചാതലത്തിൽ വിശകലനം നടത്തി പുതിയ വായനയുടെയും അന്വേഷണങ്ങളുടെ വാതിൽ തുറന്നിട്ട ദാർശനികനാണ് കെ.ദാമോദരൻ.

സംഘപരിവാറിൻ്റെ ആക്രമണോത്സുകമായ സാംസാരികഹിന്ദുത്വത്തെ താത്വികമായും രാഷ്ട്രീയമായും പ്രതിരോധിക്കാൻ സഹായിക്കുന്ന കൃതികളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ഭാരതീയചിന്ത, ഇന്ത്യയുടെ ആത്മാവ്, മനുഷ്യൻ, കേരള ചരിത്രം തുടങ്ങിയ കൃതികൾ ഇതിനു ഉദാഹരണങ്ങളാണ്.

മാർക്സിസ്റ്റുകാഴ്ചപ്പാടിൽ എഴുതിയ ഈ കൃതികളുടെ സമകാലിക പുനർവായനയും ചർച്ചകളും സംവാദങ്ങളും ഉയർത്തികൊണ്ടു വരേണ്ടത് സാംസ്കാരിക ഹിന്ദുത്വത്തിൻ്റെ അജണ്ടകളെ പ്രതിരോധിക്കുവാൻ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഭാരതീയ തത്വചിന്തകളെ ഭൗതികവാദ കാഴ്‌ചപ്പാടിൽ വിലയിരുത്തുന്ന കെ.ദാമോദരൻ്റെ ദാർശനിക പരിപ്രേക്ഷ്യം വിപുലമായ സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും ഉയർത്തി കാട്ടി മാർക്സിസത്തിൻ്റെ കാതൽ മനുഷ്യസ്നേഹമാണെന്നും അത് മനുഷ്യൻ്റെ സമഗ്ര വികാസത്തെയാണ് ലക്ഷ്യമിടുന്നതെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സമകാലിക രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.

ജാതി, മതം, വർഗ്ഗം, ദാരിദ്യം എന്നിവ മനുഷ്യനിൽ അടിച്ചേൽപ്പിക്കുന്ന ഭൗതികവും മാനസികവുമായ അടിമത്തങ്ങളിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ പുരോഗതിയുടെ ആധാരമെന്നു
അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പട്ടിണി മാറ്റുക എന്നതുപോലെ തന്നെ പ്രധാനമാണ് മനുഷ്യൻ്റെ ചിന്താ സ്വാതന്ത്ര്യമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

മാർക്സിസത്തിൻ്റെ യാന്ത്രികവായനയല്ല, മനുഷ്യകേന്ദ്രീകൃത ചിന്തയിലൂന്നിയുള്ള വായനയാണ് സമഗ്ര പുരേഗതിയിലേക്കുള്ള വാതിലുകൾ തുറക്കുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സർഗാത്മകതയുടെ വികാസത്തിൻ്റെ പ്രാധാന്യം എടുത്തു പറയുന്നു.

കല, സാഹിത്യം ചിന്തകൾ എന്നിവ പൂർണമായി വികസിപ്പിക്കാൻ സാധിക്കുമ്പോഴേ ഒരു സോഷ്യലിസ്റ്റു സമൂഹം സാർത്ഥകമാകൂ. മനുഷ്യനെ യന്ത്ര തുല്യനായി കാണുന്ന യാന്ത്രികമാർക്സിസത്തെ (Mechanical Marxism) അദ്ദേഹം ശക്തമായി എതിർക്കുന്നു. സോവിയേറ്റ് യൂണിയൻ്റെയും മറ്റും പതനത്തിൻ്റെ പശ്ചാതലത്തിൽ ഈ നിരീക്ഷണത്തിനു ഏറെ പ്രസക്തിെയുണ്ട്.

ഭൗതികവളർച്ച മാത്രമല്ല പുരോഗതിയുടെയും അടിസ്ഥാനമെന്നും സാംസ്കാരികവും ബൗദ്ധികമായ ഉയർച്ചയും കൂടി കണ്ണി ചേർക്കപ്പെടുമ്പോഴുമാണ് പുരോഗതി സമഗ്രമാകുന്നതെന്നുമുള്ള നിരീക്ഷണങ്ങൾ ആധുനികസാമൂഹ്യ വീക്ഷണങ്ങളോട് ചേർന്നു നിൽക്കുന്നതാണ്.

1975-ൽ ന്യൂ ലെഫ്റ്റ് റിവ്യു മാസികയ്ക്കു വേണ്ടി ജെ.എൻ.യു വിൽ വെച്ച് നടന്ന ഇടതുപക്ഷചിന്തകനും എഴുത്തുകാരനുമായ താരിഖ് അലിയുമായുള്ള സംഭാഷണത്തിൽ ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിൻ്റെ തുറന്നു പറച്ചിലുകളും നിശിതമായ ആത്മവിമർശനവും അദ്ദേഹം നടത്തുന്നുണ്ട്.

റോസാം ലക്സംബർഗ്, അൻ്റോണിയോ ഗ്രാംഷി തുടങ്ങിയവരുടെ ദർശനങ്ങളെയും വിമർശനാത്മകമായി പഠിക്കണമെന്നും പറയുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബാധിച്ച പാർലമെൻററി വ്യാമോഹമാണ് യഥാർത്ഥത്തിൽ പാർട്ടി പിളർപ്പിലേയ്ക്ക് നയിച്ചതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

സ്വാതന്ത്ര്യാനന്തരം സ്വതന്ത്രമായ ഒരു തൊഴിലാളിവർഗലൈൻ ഉയർത്തി പിടിക്കുന്നതിനു പകരം താൽക്കാലിക നേട്ടങ്ങൾക്കും മുന്നണികൾക്കും വേണ്ടി ജനകീയ സംഘടനകളെ ബലികഴിച്ചതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ തകർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം വിലയിരുത്തുന്നു.

സമകാലിക കേരളത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വിലയിരുത്തൽ പുനർ വായിക്കേണ്ടതുണ്ട്. ഇടതുപക്ഷ ചിന്തകർക്കിടയിലും ചരിത്രാന്വേഷികൾക്കിടയിലും ഈ അഭിമുഖമൊരു ആത്മവിമർശനരേഖയായി ഇന്നും നിലനിൽക്കുന്നുണ്ട്.

മാർക്സിസ്റ്റ് ഹ്യൂമനിസം (Marxist Humanism) അന്തർദേശീയ തലത്തിൽ തന്നെ ചർച്ചചെയ്യപ്പെട്ടിട്ടുള്ള
ഒരു ദാർശനിക പ്രയോഗമാണ്. പരമ്പരാഗത സാമ്പത്തിക രാഷ്ട്രീയ സമവാക്യങ്ങൾക്കപ്പുറം മനുഷ്യൻ്റെ സ്വാതന്ത്ര്യം, വ്യക്തിത്വം, പരസ്പര ബന്ധങ്ങൾ, അന്യവൽക്കരണം എന്നിവയ്ക്ക് ഊന്നൽ നൽകി കൊണ്ടു മാർക്സിസത്തെ സമീപിക്കുന്ന ഒരു ചിന്താധാരണയാണ് ഇത്.

രാജ്യത്തിൻ്റെ ഭൗതിക പുരോഗതി മാത്രമല്ല, മനുഷ്യൻ്റെ സമഗ്രമായ വികാസത്തെ പ്രതിനിധാനം ചെയ്യുന്ന ആശയധാരയാണ് മാർക്സിസ്റ്റ് ഹ്യൂമനിസം. അതിൻ്റെ ശക്തനായ വക്താവായിരുന്നു കെ.ദാമോദരൻ എന്ന ധിഷണാശാലി.