Sun. Jul 26th, 2026

✍️ ചന്ദ്രപ്രകാശ്.എസ്.എസ്

“നീ ഈ കാടുവിട്ടു പോകുമെന്നേ കരുതിയുള്ളൂ.
ഈ ഭൂമിവിട്ടു പോകുമെന്ന് കരുതിയില്ല”
2016 ജൂൺ അവസാനം തമിഴ്നാട്ടിലാകെ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററിലെ വാചകമാണ്.

മനുഷ്യനെ ആകർഷിക്കുന്ന കാട്ടുമൃഗമാണ് ആനകൾ. നിർഭാഗ്യകരം എന്ന് പറയട്ടെ, ആനകളെക്കുറിച്ചുള്ള എല്ലാ വാർത്തകളും ഇപ്പോൾ ശുഭകരമല്ല. ഗംഭീര സുന്ദരനായ ഒരാനയാണ് മധുക്കരൈ മഹാരാജ്. പേരുകേട്ടാൽ ഒരു രാജാവോ, സെമീന്ദാരോ, രാഷ്ട്രീയനേതാവോ ആണെന്ന് തോന്നും. കട്ടയാനെന്നും ചിലർ അവനെ വിളിച്ചു. കട്ടയാൻ എന്നതിൻ്റെ തമിഴ് അർത്ഥം ശക്തനായ മനുഷ്യൻ എന്നാണ്. തമിഴർ എന്തായാലും അവന് അപകീർത്തികരമായ ഒരു പേര് ഇട്ടില്ല.

2016 ൽ പത്തൊൻപതോ, ഇരുപതോ വയസായിരുന്നു മഹാരാജിൻ്റെ പ്രായം. മൂവായിരത്തിയഞ്ഞൂറ് കിലോയിലധികം തൂക്കം. ആരും നോക്കിനിൽക്കുന്ന തലപ്പൊക്കവും, ഗാംഭീര്യമുമുള്ള കൊമ്പൻ. 2016 ജൂൺ 19 നാണ് അവൻ്റെ ശരീരത്തിൽ ആദ്യ മയക്കുവെടി ഒരു അശനിപാതം പോലെ വന്ന് പതിച്ചത്. അരിക്കൊമ്പനെ ചെയ്തതുപോലെ കാടുകടത്താനായിരുന്നു മയക്കുവെടി.
അരിക്കൊമ്പൻ്റെ ജീവിത കഥയ്ക്കൊപ്പം ചേർത്തു വായിക്കേണ്ടതാണ് മഹാരാജിൻ്റെ ജീവിതവും.


ഇതേപ്പറ്റി പലവിധ ഭാഷ്യങ്ങൾ അപസർപക കഥകളായി അന്ന് വന്നിട്ടുണ്ടെങ്കിലും, മഹാരാജും അരിക്കൊമ്പനെ പോലെ കാടിൻ്റെ സംരക്ഷകനും, കാവൽക്കാരനും ആയിരുന്നു. അരിക്കൊമ്പനുണ്ടെങ്കിൽ കാട്ടിൽ കെെയേറ്റക്കാർക്ക് കടന്നു ചെല്ലാൻ ബുദ്ധിമുട്ടാണ് എന്ന് നമ്മൾ കേട്ടതിനൊപ്പം തന്നെയാണ് മഹാരാജും. ഒരുപാട് സാമ്യങ്ങൾ ഇരുവർക്കുമുണ്ട്.

മധുക്കരൈ മഹാരാജ് എന്ന തമിഴൻ ആന കോയമ്പത്തൂരിനടുത്തുള്ള മധുക്കരൈ എന്ന സ്ഥലത്തെ സന്ദർശകനായിരുന്നു. നല്ലൊരു ഉശിരൻ കാട്ടാന. കാട്ടിൽ വെള്ളവും ഭക്ഷണവും യഥേഷ്ടം കിട്ടാതെവന്നതോടെയാണ് അവനും അരിക്കൊമ്പനെപോലെ നാട്ടിലേക്കിറങ്ങിയത്. ഇതിനോടകം അവൻ രണ്ടുപേരെ കൊലപ്പെടുത്തിയെന്നും അതിലൊരാൾ ഫോറസ്റ്റ് ഉദ്യോഗസ്ഥനെന്നും അറിയുന്നു. കുറെ ജനങ്ങളും, മാധ്യമങ്ങളും ചേർന്ന് അവൻ പൂർണ ശല്യക്കാരനെന്ന് വിധിയെഴുതി. പിന്നീടവനെ മയക്കുവെടി വച്ച് കാടുകടത്തുകയായിരുന്നു. ഒടുവിൽ മയക്കുവെടിയും, കുങ്കിയാനകളും, കഠിനാനുഭവങ്ങളും കരുത്തനായ അവനെ മരണത്തിലേക്ക് തള്ളിവിട്ടു.

പ്രതാപകാലത്ത് മഹാരാജ് മധുക്കരൈയിലെ കയ്യേറ്റകൃഷിക്കാർക്ക് കുറെയേറെ ദുരിതം വിതച്ചിട്ടുണ്ട് എന്നത് സത്യമാണ്. ഇതോടെയാണ് തമിഴ്‌നാട് സർക്കാർ നിർണ്ണായകമായ ആ തീരുമാനമെടുത്തത്. മഹാരാജനെ കാടുകടത്തുക എന്ന അവസാന തീരുമാനം.


2016 ജൂൺ അവസാനമായിരുന്നു ഓപ്പറേഷൻ മധുക്കരൈ മഹാരാജ് ആരംഭിച്ചത്. ആദ്യ മയക്കുവെടിയേറ്റ അവൻ ഭയപ്പാടോടെ, രക്ഷപ്പെടാൻ കാട്ടിലേക്കു കടന്നു. അവനെ പിന്തുടർന്ന് പലവട്ടം തലങ്ങും വിലങ്ങും മയക്കുവെടിയ്ക്ക് വിധേയനാക്കി. ഏകദേശം പത്തുമണിക്കൂറോളം നീണ്ടു നിന്ന ഓപ്പറേഷൻ. ഒടുവിൽ കുങ്കിയാനകളുടേയും, യന്ത്രങ്ങളുടേയും കഠിനപരിശ്രമത്താൽ അവനെ പിടികൂടി തളച്ചു. കുങ്കിയാനകളിൽ നിന്നും കാര്യമായ ക്ഷതമേറ്റ അവൻ അപ്പോഴേക്കും അവശനായിരുന്നു. പിന്നീട് മധുക്കരൈയിൽനിന്നും 100 കിലോമീറ്റർ അകലെയുള്ള ആനമല കടുവാസങ്കേതത്തിലെ ആനക്യാമ്പിലെത്തിച്ച് കൂട്ടിൽ തളച്ചിട്ടു. അപ്പോഴും ആ കൂട്ടിൽനിന്നും രക്ഷപ്പെടാൻ അവൻ ശക്തിയായി ശ്രമിക്കുന്നുണ്ടായിരുന്നു.

മയക്കുവെടി വച്ച് പിടികൂടിയ മധുക്കരെെ മഹാരാജൻ്റെ ശരീരത്തിൽ നിരവധി മാരകമായ മുറിവുകളും, ക്ഷതങ്ങളും ഉണ്ടായിരുന്നു. ജൂൺ 21ന് വൈകീട്ടായിരുന്നു ആ ദയനീയ വാർത്ത പുറംലോകം അറിഞ്ഞത്. അന്ന് വൈകിട്ട് നാലുമണിയായപ്പോൾ മരക്കൂടിൽ അവൻ സർവ്വ ശക്തിയുമെടുത്ത് വെപ്രാളത്തോടെ ആഞ്ഞിടിച്ചു. അഞ്ചുമിനിറ്റു കഴിഞ്ഞപ്പോൾ ഭീമാകാരനായ മഹാരാജ് തളർന്നു വീണു. നാലേകാലോടെ അവൻ തുമ്പികൈ കൂട്ടിൻ്റെ വിടവിലൂടെ പുറത്തേയ്ക്കിട്ട് അവസാന ശ്വാസമെടുത്തു. മധുക്കരെെ മഹാരാജൻ ഓർമ്മയായി മാറി.

മധുക്കരെെ മഹാരാജിനെ മയക്കുവെടിവച്ച് പിടികൂടി കൊലപ്പെടുത്തിയെന്നാരോപിച്ച് തമിഴ്നാട്ടിൽ വൻ പ്രതിഷേധം കത്തി. മയക്കുമരുന്നിൻ്റെ അധിക ഡോസാണ് മരണകാരണമെന്ന് ആക്ഷേപമുണ്ടായി. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നുവരെ ആവശ്യമുയർന്നു.


പിന്നീട് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മസ്തകത്തിലേറ്റ പരിക്കും, മയക്കുവെടിയുടെ അമിതഡോസും, ട്രക്കിലേക്ക് കയറ്റുന്നതിനിടയിലെ കുങ്കിയാനകളുടെ മാരകമായ കയ്യേറ്റവുമായിരുന്നു മരണകാരണം. അരിക്കൊമ്പനെ പോലെ തുമ്പിക്കൈയിലും അവന് പരിക്കുണ്ടായിരുന്നു. കുറെ ദിവസം പ്രതിഷേധങ്ങൾ കൊണ്ട് തമിഴകം ഇളകിമറിഞ്ഞു. ഒടുവിൽ സാധാരണ സംഭവിക്കുന്നതുപോലെ എല്ലാം കെട്ടടങ്ങി. ദുരിതപർവം താണ്ടി ഇനിയുമെത്ര മഹാരാജന്മാർ !