✍️ സുരേഷ്. സി.ആർ
കേരള രൂപീകരണത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾക്കൊപ്പം സഞ്ചരിച്ച കരുത്തുറ്റ നേതാവായിരുന്നു ആർ.ബാലകൃഷ്ണപിളള (1935 – 2021). കേരളചരിത്രത്തിലെ നിരവധി അപൂർവ്വ റെക്കോർഡുകൾക്ക് ഉടമയാണ്. മരണത്തിന് ശേഷവും ഭേദിക്കാനാകാത്ത റെക്കോർഡുകളും ബാലകൃഷ്ണപിളളയുടേതായി കുറിക്കപ്പെട്ടിട്ടുണ്ട്.
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ പോയ ആദ്യ മുൻ മന്ത്രിയും കൂറുമാറ്റ നിരോധനനിയമത്തിന്റ പേരിൽ അയോഗ്യനാക്കപ്പട്ട ഏക എം.എൽ.എയും ബാലകൃഷ്ണപിള്ളയാണ്. പഞ്ചാബ് മോഡൽ പ്രസംഗം’ എന്ന പേരിൽ വിവാദമായ പ്രസംഗത്തിന്റെ പേരിൽ ഒരു സന്ദർഭത്തിൽ ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനനം. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയത്. 1960-ൽ 25ാം വയസിൽ പത്തനാപുരത്തുനിന്ന് നിയമസഭയിലെത്തി. 1965-ൽ കൊട്ടാരക്കരയെ പ്രതിനിധീകരിച്ചു. 1977 മുതൽ 2006വരെ കൊട്ടാരക്കര മണ്ഡലം നിലനിർത്തി. 1971-ൽ മാവേലിക്കരയിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി.
1963 മുതൽ തുടർച്ചയായി 27 വർഷം ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 11 വർഷം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. ഒരേസമയം മന്ത്രിയും ലോക്സഭാംഗവും പഞ്ചായത്ത് പ്രസിഡൻഡുമായിരുന്നു.
1975-ൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, എക്സൈസ്, ജയിൽ വകുപ്പ് കൈകാര്യം ചെയ്ത് ആദ്യമായി മന്ത്രിസ്ഥാനത്തെത്തി. 1980-82, 82-85, 86-87 കാലഘട്ടങ്ങളിൽ വൈദ്യുതിവകുപ്പ് മന്ത്രിയായി. 1991-95, 2001-2004 കാലഘട്ടത്തിൽ ഗതാഗതവകുപ്പ് മന്ത്രിയുമായി. കെ കരുണാകരൻ, ഇ കെ നായനാർ, എ കെ ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു.
1985-ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതമന്ത്രി ആയിരിക്കെ ആർ. ബാലകൃഷ്ണപിള്ള എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാകോൺഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണു പഞ്ചാബ് മോഡൽ പ്രസംഗം എന്ന പേരിൽ പ്രസിദ്ധമായത്. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയത് രാജീവ് ഗാന്ധി പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണ് എന്ന് വിശ്വസിച്ച അദ്ദേഹം, മെയ് 25-ന് നടന്ന കേരള കോൺഗ്രസിന്റെ എറണാകുളം സമ്മേളനത്തിൽ കേരളത്തോടുള്ള അവഗണന തുടർന്നാൽ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെപ്പോലെ സമരത്തിനു (ഖാലിസ്ഥാൻ സമരം) നിർബന്ധിതരാകുമെന്ന് പ്രസ്താവിച്ചു.
വിവാദമായതിനെ തുടർന്ന് മന്ത്രി സ്ഥാനം രാജിവച്ചെങ്കിലും ഒരു വർഷത്തിനുശേഷം കരുണകരൻ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തു. 2010-ൽ തന്റെ പഞ്ചാബ് മോഡൽ പ്രസംഗം ശരിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്ന് കെ കരുണാകരനും കെ എം മാണിയും ചേർന്ന് തന്നെ ബലിയാടാക്കുകയായിരുന്നു എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.
‘പ്രിസണർ 5990’ആത്മകഥയാണ്. ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട് അദ്ദേഹത്തിന് പൂജപ്പുര സെൻട്രൽ ജയിലിലെ 5990-ാം തടവുപുള്ളിയാകേണ്ടി വന്നതാണ് തന്റെ ആത്മകഥക്ക് അദ്ദേഹം ‘പ്രിസണർ 5990’ തലക്കെട്ട് നൽകുവാൻ കാരണമായത്.
മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആയിരുന്നു. ചലച്ചിത്രതാരവും മുൻ മന്ത്രിയും നിലവിൽ എം.എൽ.എ.യുമായ കെ.ബി. ഗണേഷ് കുമാർ മകനാണ്.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908


