Sat. Jul 25th, 2026

കൊച്ചി: മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ വീണ്ടും രാജി പരമ്പര. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്നാണ് നടി ആശ അരവിന്ദ് ഔദ്യോഗികമായി രാജിവെച്ചിരിക്കുന്നത്. സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ പൂർണ്ണമായും മാനിക്കുന്നുവെന്നും, സംഘടനയുടെ അന്തസ്സും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ അംഗത്തിന്റെയും പ്രധാന കടമയാണെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഈ പടിയിറക്കം നടത്തുന്നതെന്ന് അവർ വ്യക്തമാക്കി.

വ്യക്തിപരമായ കാരണങ്ങളാൽ ആണ് താൻ രാജിവെക്കുന്നത് എന്നാണ് ആശ അരവിന്ദ് തന്റെ രാജിക് കത്തിൽ വ്യക്തമാക്കുന്നത് എങ്കിലും, സിനിമാലോകത്ത് ഈ തീരുമാനം വലിയ ചർച്ചകൾക്ക് തിരികൊളുത്തിക്കഴിഞ്ഞു. താരസംഘടനയായ അമ്മയ്ക്കുള്ളിൽ ശ്വേതാ മേനോനെതിരെ ഒരു വിഭാഗം വനിതാ അംഗങ്ങൾ ശക്തമായ പടയൊരുക്കം നടത്തുന്നതിനിടയിലാണ് ആശ അരവിന്ദിന്റെ ഈ അപ്രതീക്ഷിത രാജി പുറത്തുവന്നിരിക്കുന്നത്.

സംഘടനയ്ക്കുള്ളിലെ ഗ്രൂപ്പ് വഴക്കുകളും ആഭ്യന്തര ഭിന്നതകളും ഓരോ ദിവസവും ശക്തമാകുന്നതിന്റെ തെളിവാണ് ഇത്തരം തുടർച്ചയായ രാജി വാർത്തകൾ. ഔദ്യോഗിക കത്തിൽ വ്യക്തിപരമായ കാരണങ്ങൾ മാത്രമാണ് ചൂണ്ടിക്കാണിക്കുന്നതെങ്കിലും, നിലവിലുള്ള സംഘർഷങ്ങളും ചേരിപ്പോരുകളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സിനിമാവൃത്തങ്ങളിൽ നിന്നുള്ള വിലയിരുത്തലുകൾ. മുൻപും പല വിഷയങ്ങളിലും സംഘടനയ്ക്കുള്ളിൽ അഭിപ്രായവ്യത്യാനങ്ങൾ രൂപപ്പെട്ടിരുന്നുവെങ്കിലും, പുതിയ സംഭവവികാസങ്ങൾ ‘അമ്മ’യുടെ നേതൃനിരയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.



 

Leave a Reply