✍️ സുരേഷ്. സി.ആർ
ഹൃദയപാത്രത്തിൽ നിറഞ്ഞുനിന്ന കാവ്യസൗന്ദര്യവും ഭാഷാജ്ഞാനവും ആവോളം അർത്ഥപൂർണമായി അനുവാചകർക്ക് പകർന്നു നല്കിയ കാവ്യോപാസകനായിരുന്നു തിരുനെല്ലൂർ കരുണാകരൻ. മലയാള കവിതയിലെ അരുണദശകത്തിലെ കവികളിൽ പ്രമുഖനായിരുന്നു.
അധഃസ്ഥിതരും അവഗണിതരും താഴെത്തട്ടിലുള്ളവരുമായ പണിയെടുക്കുന്ന ജനവർഗങ്ങളുടെ ജീവിതവും സ്വപ്നങ്ങളും സങ്കല്പങ്ങളുമുപയോഗിച്ചുകൊണ്ട് കാവ്യരചന നടത്തുമ്പോൾ അടിച്ചമർത്തപ്പെട്ട കീഴാള ജനതകൾ മുഖ്യധാരാജീവിതത്തിന്റെ മുകൾത്തട്ടിലേക്ക് കയറിവരും എന്ന് ആഴത്തിലറിഞ്ഞ കവിയായിരുന്നു.
ലളിതഗാനങ്ങൾ, കുട്ടിക്കവിതകൾ, മാർച്ചിംഗ് ഗാനങ്ങൾ, കഥാപ്രസംഗങ്ങൾ, സംസ്കൃത കവിതകൾ, നാടകഗാനങ്ങൾ, നാടൻപാട്ടിന്റെ ലാളിത്യമുള്ള ഗാനങ്ങൾ, ലഘുവായ ഭാവഗീതങ്ങൾ, പുരാണ പുനർവ്യഖ്യാനങ്ങൾ എന്നിങ്ങനെ വിവിധശൈലിയിലുള്ള രചനകളുൾകൊള്ളുന്ന കാവ്യപ്രപഞ്ചത്തിന്റെ ഉടമയാണ്. കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’യുടെ സംസ്കൃത പരിഭാഷയും ഭാരതീയ സൗന്ദര്യശാസ്ത്രത്തെ കുറിച്ചുള്ള നിരവധി ലേഖനങ്ങളും ഇതിലുൾപ്പെടും.

ഇന്ത്യൻ തത്ത്വചിന്തയിലും മാർക്സിസമുൾപ്പെടെയുള്ള പാശ്ചാത്യചിന്തയിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ഭാരതീയ തത്ത്വചിന്ത മുഖ്യമായും ഭൗതികവാദപരമാണെന്നും ഭഗവദ്ഗീതയെയും ശങ്കരദർശനത്തെയും വിമർശനപരമായി വിലയിരുത്തേണ്ടതുണ്ടെന്നും വാദിച്ചു.
1924 ഒക്ടോബർ 8-ന് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ തീരഗ്രാമമായ പെരിനാട് ജനനം. പ്രാക്കുളം എൻഎസ്എസ് ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസിയും കൊല്ലം എസ്എൻ കോളേജിൽനിന്നും ചരിത്രത്തിൽ ബിരുദവും നേടി. അതേ കോളേജിൽ ട്യൂട്ടറായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ഒരു വർഷം അവിടെ സേവനം ചെയ്തശേഷം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളസാഹിത്യത്തിൽ എംഎ ബിരുദം നേടി. ഗവൺമെന്റ് ആർട്സ് കോളേജിലും അതിനുശേഷം യൂണിവേഴ്സിറ്റി കോളേജിലും അദ്ധ്യാപകനായി. 1991-ൽ ഔദ്യോഗിക ജീവിതമവസാനിപ്പിച്ചു.
പ്രേമം മധുരമാണ് ധീരവുമാണ്, മഞ്ഞുതുള്ളികൾ, ഗ്രീഷ്മ സന്ധ്യകൾ, പുതുമഴ എന്നിവ പ്രധാന കൃതികളാണ്. മേഘസന്ദേശം, അഭിജ്ഞാനശാകുന്തളം, ഒമർഖയാമിന്റെ ഗാഥകൾ, പ്രാചീന ഭാരതത്തിലെ ഭൗതികവാദം വിവർത്തനങ്ങളാണ്.
ആശാൻ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാഡമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. 1975-ൽ കേരള പബ്ലിക് സർവീസ് കമീഷൻ അംഗമായി.
മനുഷ്യസ്നേഹത്തിന്റെ നിരന്തര സമരമുഖങ്ങളിൽ പോരാടിനേടിയ വീര്യം തന്റെ കവിതയുടെ ഊർജമാക്കിയ തിരുനല്ലൂർ കരുണാകരൻ 2006 ജൂലൈ 5-ന് അന്തരിച്ചു.
സ്വാതന്ത്ര്യമായിരുന്നു എന്നും തിരുനല്ലൂരിന്റെ കാവ്യപ്രമേയം. ദീർഘവർഷങ്ങൾ നിരന്തരം കൂട്ടിൽക്കഴിഞ്ഞതുകൊണ്ട്, കൂട് തുറന്ന് പുറത്തുവിട്ടപ്പോഴും പറക്കാൻ കഴിയാതെ കല്ലുപോലെ താഴെ വീണുപോയ ‘ഒരു തത്തയുടെ കഥ’ പറഞ്ഞ കവിതയിൽ തിരുനെല്ലൂർ ഇങ്ങനെ എഴുതുന്നു.
“മാനവും കാടും കതിർ-
പ്പാടവും ചിറകിന്റെ
താളവും സ്വാതന്ത്ര്യത്തിൻ
മോഹവും കരയുമ്പോൾ
വഴിവക്കിലെ മരം
വെയിലിൻ തുള വീണ
നിഴലിന്നറ്റം പിടി-
ച്ചിട്ടിതച്ചങ്ങാതിമേൽ”
‘സ്വാതന്ത്ര്യം’ എന്ന പരികല്പനയ്ക്ക് ഇത്രയേറെ ജെെവസ്വഭാവമുള്ള രാഷ്ട്രീയാർത്ഥങ്ങൾ കല്പിച്ചു നല്കിയ കവികൾ തിരുനല്ലൂരിനെപ്പോലെ നമുക്കേറെയില്ല. ലോകത്തിലെ മനുഷ്യവർഗങ്ങൾക്ക് മാത്രമല്ല ജീവവംശങ്ങൾക്കും പ്രകൃതിക്കും ഒരുപോലെ സ്വാതന്ത്ര്യം കല്പിക്കുന്ന രാഷ്ട്രീയവിവേകമായിരുന്നു തിരുനല്ലൂരിന്റെ ദർശനം.
‘അരുണദശകങ്ങളുടെ കവികൾ’ എന്നറിയപ്പെട്ട മലയാളത്തിന്റെ പഞ്ചമഹാകവികളിലൊരാളാണ് തിരുനല്ലൂർ കരുണാകരൻ. പി ഭാസ്കരൻ, വയലാർ രാമവർമ്മ, ഒ.എൻ.വി.കുറുപ്പ്, പുതുശേരി രാമചന്ദ്രൻ എന്നിവരാണ് മറ്റു നാലുപേർ. പരിവർത്തനത്തിനുവേണ്ടി വാക്കിന്റെ പടവാൾ വീശി പോരാടിയപ്പോഴും ചോരക്കൊതിയന്മാരാവാതിരുന്ന മാനവസ്നേഹത്തിന്റെ അടിസ്ഥാനവർഗ കവികളായിരുന്നു ഇവരെല്ലാം. തിരുനല്ലൂരടക്കമുള്ള ഈ ജനപക്ഷ കവികളുടെ അക്ഷരപ്പോരാട്ടംകൊണ്ടു കൂടിയാണ് കേരളം ചുവന്നത്.


