Wed. Aug 26th, 2026

തൃശൂര്‍: യു ഡി എഫ് സര്‍ക്കാര്‍ തുടര്‍ച്ചയായി സംഘപരിവാര്‍ വിധേയത്വം കാണിച്ചു കൊണ്ടിരിക്കുകയാണെന്നും ഭരണഘടന വിരുദ്ധമായ ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണ്. പോലീസ് മേധാവിയെ വിളിച്ചു വരുത്തിയ നടപടി ഒറ്റപ്പെട്ടതല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുമിത് ഉണ്ടായിട്ടുണ്ടെന്ന് ഒഴുക്കന്‍ മറുപടിയാണ് മുഖ്യമന്ത്രി പറയുന്നത്. അന്നത്തെ സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ അധികാരത്തില്‍ ഗവര്‍ണര്‍ കടന്നുകയറുന്ന നിലപാടിനെ അന്ന് എതിര്‍ത്തിട്ടുണ്ട്. എല്‍ ഡി എഫ് സര്‍ക്കാര്‍ അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല. ശക്തമായ നിലപാട് സ്വീകരിക്കുന്നത് വലിയ സന്ദേശം നല്‍കും. എന്നാല്‍ സര്‍ക്കാര്‍ അത് ചെയ്യുന്നില്ലെന്നും പിണറായി പറഞ്ഞു.

ക്ഷേമ പെന്‍ഷന്‍ ഓണത്തിന് മുമ്പില്‍ ലഭിക്കുമോ എന്നതില്‍ ഉറപ്പില്ല. മൂന്നു മാസം കൊണ്ട് സംസ്ഥാനത്തിന്റെ ധനസ്ഥിതി മാറ്റിക്കാണിച്ചു തരും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ അവകാശ വാദം. മൂന്നുമാസത്തിനുള്ളില്‍ കടമെടുപ്പ് പരിധി കവിഞ്ഞു. 2022 കോടി മാത്രമാണ് ഇനി അവശേഷിക്കുന്ന മാസത്തെ കടമെടുപ്പ് പരിധി. ഇതു വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

മുമ്പ് കടം വാങ്ങുന്നത് വിമര്‍ശിച്ച വി ഡി സതീശന്‍ അന്ന് പറഞ്ഞത് തെറ്റായിരുന്നു എന്ന് പറയാന്‍ തയ്യാറാകുമോ. കടം വാങ്ങുന്നത് നല്ലതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൂമ്പാറ്റ പൂവറിയാതെ തേന്‍ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കും എന്നായിരുന്നു വി ഡി സതീശന്‍ മുമ്പു പറഞ്ഞിരുന്നത്. പൂവില്ല പൂമ്പാറ്റയും ഇല്ല തേനും ഇല്ല. കടം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അധികാരമൊഴിയുമ്പോള്‍ 6000 കോടി മിച്ചമുള്ള ഖജനാവാണ് എല്‍ ഡി എഫ് ഏല്‍പ്പിച്ചതെന്നും പിണറായി പറഞ്ഞു.



 

Leave a Reply