കല്‍പ്പറ്റ: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍ വയനാട് പോലീസിന്റെ പിടിയില്‍. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടിയത്. മധുരൈ സ്വദേശികളായ കണ്ണകി അര്‍ച്ചന രമ്യ(30), ഈശ്വരി (47)എന്നിവരെയാണ് തിങ്കളാഴ്ച പോലീസ് പിടികൂടിയത്. ഇവര്‍ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി മാലമോഷണങ്ങള്‍ നടത്തിയവരാണെന്ന് പോലീസ് പറയുന്നു.

വാവ്ബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയല്‍, കമ്പളക്കാട് സ്റ്റേഷന്‍ പരിധികളിലും കവര്‍ച്ച നടന്നതിനെ തുടര്‍ന്ന് സംശയിക്കപ്പെടുന്ന സ്ത്രീകളുടെ ലുക്ക്ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിരുന്നു.
പ്രായമായവരെ പിന്തുടര്‍ന്ന് അവരറിയാതെ കവര്‍ച്ച നടത്തിയ ശേഷം ഓട്ടോറിക്ഷകളില്‍ പലയിടങ്ങളില്‍ മാറി മാറി സഞ്ചരിച്ചും പലയിടങ്ങളില്‍ താമസിച്ചും കുറ്റ കൃത്യങ്ങള്‍ തുടരുകയായിരുന്നു. ഇന്ന് ഉച്ചയോടെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ പല പേരുകളിലായി കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളും വാറണ്ടുകളുമുണ്ട്.


