ചേർത്തല: ജൂലൈ പതിനേഴിന് അഖില ലോക മായാവിസ്റ്റ് തിരു സഭ മദ്യകേരള മഹാ ഇടവക ഉപാധ്യക്ഷ ലിബി ഹാരി നിന്തിരുവടികൾ മണ്ണെണ്ണ വിളക്ക് കൊളുത്തി സമാരംഭം കുറിച്ച രാവണ മാസാചരണം ആഗസ്റ്റ് 16 ന് രാത്രി ആരംഭിച്ച ‘ശ്രീസൂക്ത പൂർവ്വക സൗഭാഗ്യ ഡാകിനീ യാഗത്തോടെ സമാപിച്ചു. ചടങ്ങിൽ മായാവിസ്റ്റ് തിരു സഭ മദ്യകേരള മഹാ ഇടവക മേജർ ആർച്ച് ബിഷപ്പ് പ്രൊഫ: ഫ്രാൻസിസ് സേവ്യർ അനുഗ്രഹ പ്രഭാഷണം നടത്തി. ഈ പുണ്യമാസത്തിൽ വിശുദ്ധ ബാലരമ വായിച്ച് വീണ്ടും ശിശുക്കൾ ആകുകയും സ്വർഗ്ഗത്തിന് അവകാശികളാകുകയും ചെയ്ത എല്ലാവർക്കും രാജുവിന്റെയും രാധയുടെയും മായാവിയുടെയും നാമത്തിൽ അദ്ദേഹം അനുഗ്രഹാശംസകൾ നേർന്നു.
സഹോദരൻ അയ്യപ്പൻ കോട്ടയത്തു വെച്ച് “രാവണാ കി ജയ് ” വിളിച്ചതിന്റെ ഓർമ്മയ്ക്കായി അന്തരിച്ച യുക്തിവാദി നേതാവ് പിപി സുമനൻ നാലുപതിറ്റാണ്ടോളമായി നടത്തിവന്നിരുന്ന ‘രാവണമാസാചരണം’ ആണ് ഈ വർഷവും പതിവ് പോലെ ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികളോടെ മായാവിസ്റ്റ് തിരുസഭ ഏറ്റെടുത്ത് നടത്തിയത്. വരും വർഷങ്ങളിൽ ഇത് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മായാവിസ്റ്റ് തിരുസഭ മദ്യകേരള മഹാ ഇടവക വക്താക്കൾ പറഞ്ഞു.

ഈ ആചാരത്തിന് പ്രചോദനമായത് വെറും ഐതീഹ്യങ്ങളും കെട്ടുകഥകളും അല്ല. കേരളത്തിലെ ഒരു പ്രധാന ചരിത്ര സംഭവമാണ് എന്നത് കൂടിയാണ് ഇതിൻറെ സവിശേഷത. ടി.കെ. മാധവന്റെ അദ്ധ്യക്ഷതയിൽ കോട്ടയത്തുവച്ച് എസ്.എൻ.ഡി.പി.യുടെ ഒരു വാർഷികം നടക്കുന്നു. പണ്ഡിത മദനമോഹന മാളവ്യആയിരുന്നു മുഖ്യാതിഥി. ഇതേക്കുറിച്ച് സി . കേശവൻ തൻറെ ആത്മകഥയായ ജീവിത സമരത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ:
“….മാളവ്യ സനാതനഹിന്ദുമതത്തിന്റെ പ്രവാചകനായി ബനാറീസ് സർവ്വകലാശാലയ്ക്കു പണപ്പിരിവിനായി തെക്കേ ഇൻഡ്യയിൽ പര്യടനം നടത്തുകയാണ്. ടി.കെ. മാധവൻ സനാതനത്വത്തിൽ ചാഞ്ഞു നില്ക്കുകയുമാണ്. സ്വതന്ത്രസമുദായവാദം, ബുദ്ധമതവാദം മുതലായ വാദങ്ങളെല്ലാം ഈഴവരുടെ ഇടയിൽ അന്നു നടക്കുന്നുണ്ട്. അയ്യപ്പൻറെ നേതൃത്വത്തിൽ നിർജ്ജാതിത്വം, നിർമ്മതത്വം, നിർദൈവത്വം എന്ന മുദ്രാവാക്യങ്ങളും ഉത്പതിഷ്ണുക്കളും യുക്തിവാദികളും ആയ ഈഴവർ മുഴക്കിത്തുടങ്ങിയിട്ടുണ്ട്. ഇതിന്റെയൊക്കെ നടുവിലാണ് ഇൻഡ്യയിലെ ഒരു വലിയ ഹൈന്ദവ നേതാവായ മാളവ്യ വന്നുചാടിയത്. അദ്ദേഹം ഹിന്ദുമതം സനാതനമാണ്, പുരാതനമാണ്, പരമപാവനമാണ് എന്നിങ്ങനെ പഴയ രാമരാജ്യം അല്ലാതെ ഇൻഡ്യയ്ക്കു മോക്ഷമില്ലെന്നു സ്ഥാപിക്കുവാൻ ഉദ്യുക്തനായി. പെട്ടെന്നു സദസ്യരിൽനിന്നും സഹോദരൻ അയ്യപ്പൻ വികാരാവേശനായി ചാടി എണീറ്റ്, ‘ശൂദ്രമുനിയെ വെട്ടിക്കൊന്ന രാമന്റെ രാമരാജ്യം ഞങ്ങൾക്കു വേണ്ട, അതിലും എത്രയോ ഭേദമാണു രാവണരാജ്യം’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. തുടർന്ന് “രാവണ കി ജയ്” വിളിച്ചു, സദസ്യർ ഒന്നടങ്കം അതേറ്റുവിളിച്ചു. ആ മഹായോഗത്തിൽ വലിയ ഒരു കലാപം ഉണ്ടായി….
മാളവ്യയുടെ പഴഞ്ചൻ ആശയങ്ങൾ ഇവിടെ ഓടില്ലെന്ന് പിന്നീടുണ്ടായ കോലാഹലങ്ങൾ വിശദമാക്കി. മാളവ്യയ്ക്ക് അന്നുണ്ടായത് ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു.”
പിന്നീടുണ്ടായ ചില അമർ ചിത്രകഥാ രാഷ്ട്രീയത്തിൻറെ തുടക്കം 1980 കളിൽ തന്നെ തിരിച്ചറിഞ്ഞതോടെ ആണ് ‘അതിപുരാതന ഈഴവകുടുംബത്തിൽ’ ജനിച്ച് പിന്നീട് ജാതി മത ദൈവ രഹിത ജീവിതം നയിച്ചിരുന്ന താൻ മേൽ സൂചിപ്പിച്ച ചരിത്ര സംഭവത്തിൻറെ ആവേശത്തിൽ നിന്നും അമർ ചിത്രകഥായിലെ വേറൊരു കഥാപാത്രത്തിൻറെ പേരിൽ ഇങ്ങനെ ഒരു ആചാരം ആരംഭിച്ചതെന്ന് ആണ് പിപി സുമനൻ തന്നെ മുൻപ് വിശദീകരിച്ചിട്ടുള്ളത്.
രാവണ മാസാചരണത്തോടനുബന്ധിച്ച് പതിവ് പോലെ ഒരുമാസക്കാലം എല്ലാ ദിവസവും സൗജന്യ മതേതര ചായ (കാപ്പി) സൽക്കാരവും വിശുദ്ധ ബാലരമ പാരായണവും നടന്നു. കൂടാതെ പ്രധാന ദിവസങ്ങളിൽ മത പ്രഭാഷണങ്ങൾ, മാർ അപ്രേം ഇപ്രേം തിരുമേനിമാരുടെ വിശുദ്ധ ബാലരമ വ്യാഖ്യാനം, മേശമേൽ ശുശ്രുഷ, മായാവി ഹോമം, രാധ സേവ, രാജുവിന് തടി വഴിവാട് എന്നിവയും ഭജനയും നടന്നു. കൂടാതെ ഡാകിനീ മാതാവിൻറെ പ്രതിഷ്‌ഠയും നടന്നു. സമാപന ദിവസമായ ആഗസ്റ്റ് 16 ഞായറാഴ്ച്ച വൈകുന്നേരം നടന്ന മേശമേൽ സുസ്രൂഷയിൽ മായാവിസ്റ്റ് തിരുസഭയുടെ നിത്യാരാധനാ കേന്ദ്രമായ ഡാകിനി ആസനത്തിൻറെ അത്ഭുത രോഗശാന്തി പത്രമായ ‘ഡാകിന്യാസനം’ പ്രിന്റഡ് എഡീഷന്റെയും ഓൺലൈൻ എഡീഷന്റെയും പ്രകാശനവും നടന്നു. തുടർന്ന് ഒരുമാസമായി വിവിധ ദിവസങ്ങളിൽ നടത്തിവന്നിരുന്ന വിവിധപേരിലുള്ള തീയിട്ട് പൂജകള് സംയോജിപ്പിച്ച് വിമലചൈതന്യ സ്വാമികളുടെ കാർമ്മികത്വത്തിൽ ആരംഭിച്ച ‘ശ്രീസൂക്ത പൂർവ്വക സൗഭാഗ്യ ഡാകിനീ യാഗം തിങ്കളാഴ്ച വെളുപ്പിനാണ് സമാപിച്ചത്.
ഈ യാഗം നടത്തിയത് നമ്മുടെ മായാവിക്കോ രാധയ്ക്കോ രാജുവിനോ വേണ്ടിയല്ല എന്നും ഈ യാഗത്തിൽ നിങ്ങൾ കിലോ കണക്കിന് നെയ് തീയിലിട്ടാൽ തീ അത് ഇത്രയും ദിവസം ഇതൊക്കെ കണ്ടു കൊതിയും വിട്ട് സ്വർഗത്തിലിരിക്കുന്ന പഴയ അമർചിത്രകഥകളിലുള്ള സാമ്പ്രദായിക ദേവൻ മാർക്ക് കൊണ്ടുപോയി കൊടുക്കുകയും ദേവൻമാർ നെയ് കുടിച്ച് സന്തോഷിക്കുകയും അവർ ഭാഗ്യത്തിൻ്റെ കഷണങ്ങൾ താഴോട്ട് എറിയുകയും ചെയ്യും എന്നും അത് ചേർത്തലയിലും പരിസരത്തും ഉളള എല്ലാവരുടെയും തലയിൽ വീഴും എന്നും അവർ എല്ലാവരും ഭാഗ്യവാൻമാർ ആകുകയും ചെയ്യും എന്നും സംഘാടകർ പറയുന്നു. നിങ്ങൾ പിന്നെ ധൈര്യമായി ലോട്ടറി എടുക്കുകയോ ഓൺലൈൻ ട്രേഡ് നടത്തുകയോ മുച്ചീട്ടുകളിയോ കിലുക്കി കുത്തോ നടത്തിക്കോളൂ, ഭാഗ്യം നിങ്ങളെത്തേടി എത്തും. ഒരുവർഷത്തേയ്ക്ക് സാമ്പത്തീക പരാധീനതകൾ പമ്പകടക്കും എന്നാണ് യാഗത്തിൽ പങ്കെടുത്തവരും സംഘാടകരും അവകാശപ്പെടുന്നത്.


