ഇടുക്കി: ഇടുക്കി എഴുകുംവയലില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ദൈവം വിളിച്ചതുകൊണ്ട് മാതാപിതാക്കളെ സ്വര്‍ഗത്തിലേക്ക് അയച്ചു എന്ന വിചിത്ര മൊഴിയാണ് അജീഷ് പോലീസിന് നല്‍കിയത്. നെടുംകണ്ടം എഴുകുംവയലില്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണു കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. മാതാവ് വത്സമ്മയെ കിടപ്പു മുറിയില്‍ വച്ച് കഴുത്തില്‍ കുത്തിയാണ് കൊലപ്പെടുത്തിയത്. പിതാവ് ആന്റണിയുടെ വയറില്‍ ആണ് മാരകമായി കുത്തിയത്. ഇരുവരുടെയും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്. മരണം ഉറപ്പിച്ചശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വിദേശത്തുള്ള ബന്ധുവായ വൈദികന് അയച്ചു കൊടുത്തു. ഇദ്ദേഹം എഴുകുംവയല്‍ ഇടവക വികാരിക്ക് അയച്ചു കൊടുത്തു. വിവരമറിഞ്ഞ് നാട്ടുകാര്‍ ഉള്‍പ്പെടെ സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. ഈ സമയത്ത് പ്രതി അക്രമാസക്തനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.നെടുങ്കണ്ടത്തു നിന്ന് എത്തിയ പോലീസ് സംഘം പ്രതിയെ കീഴ്‌പ്പെടുത്തി.
ലഹരിക്ക് അടിമയായിരുന്ന അജീഷിനെ ബന്ധുക്കള്‍ ഇടപെട്ട് ലഹരി വിമോചന കേന്ദ്രത്തില്‍ എത്തിച്ചു ചികിത്സ നല്‍കിയിരുന്നു. കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്ന ആന്റണിയുടെ മാതാവിനെ പ്രതി ആക്രമിച്ചിട്ടില്ല. അജീഷിന്റെ സഹോദരന്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.


