Sun. Aug 9th, 2026

ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ കർണാടക സർക്കാരിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചു. ആവശ്യത്തിന് മഴ ലഭിച്ചിട്ടും കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവ് അനുസരിച്ചുള്ള വെള്ളം വിട്ടുനൽകാൻ കർണാടകം തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. തമിഴ്‌നാടിന് അർഹതപ്പെട്ട വെള്ളം എത്രയും വേഗം വിട്ടുനൽകാൻ കർണാടകത്തോട് ആവശ്യപ്പെടണമെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ അപേക്ഷ.

ഇക്കഴിഞ്ഞ ജൂലൈ 28-ന് ചേർന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി യോഗത്തിൽ, കൃഷ്ണരാജ സാഗർ, കബിനി അണക്കെട്ടുകളിൽ നിന്ന് തമിഴ്‌നാടിന് വെള്ളം തുറന്നുവിടാൻ നിർദ്ദേശിച്ചിരുന്നു. ജൂലൈ 29 മുതൽ ഓഗസ്റ്റ് 15 വരെയുള്ള 15 ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ ബിലിഗുണ്ട്‌ലുവിലേക്ക് പ്രതിദിനം 3,500 ഘനയടി വെള്ളം വിട്ടുനൽകാനായിരുന്നു നിർദ്ദേശം. ജൂലൈ 30-ന് ചേർന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയും ഈ തീരുമാനം അംഗീകരിച്ചു.

എന്നാൽ ജൂലൈ 29 മുതൽ ഓഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളിൽ പ്രതിദിനം 158 മുതൽ 550 ഘനയടി വരെ വെള്ളം മാത്രമാണ് ബിലിഗുണ്ട്‌ലുവിലേക്ക് ഒഴുകിയെത്തിയത്. ഇത് നിർദ്ദേശിച്ച അളവിനേക്കാൾ വളരെ കുറവാണ്. കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും റെഗുലേഷൻ കമ്മിറ്റിയുടെയും ഉത്തരവുകൾ കർണാടകം ലംഘിച്ച സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ അടിയന്തര ഹർജി നൽകിയത്.



 

Leave a Reply