ന്യൂഡൽഹി: വ്യാജ പ്രചാരണങ്ങളും ഡീപ്പ് ഫേക്ക് (Deepfake) വീഡിയോകളും തടയുന്നതിനായി സോഷ്യൽ മീഡിയ ഭീമനായ മെറ്റയോട് (Meta) അൽഗോരിതം (Algorithm) മാറ്റാൻ നിർദേശിച്ച് കേന്ദ്ര സർക്കാർ. ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കണ്ടെന്റ് മോഡറേഷൻ സംവിധാനം കൂടുതൽ ശക്തമാക്കാനും ഉടൻ നടപടികൾ സ്വീകരിക്കാനും കേന്ദ്ര സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വീഡിയോ ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന് പിന്നാലെ മെറ്റ പ്രതിനിധികളുമായി കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ് ചർച്ച നടത്തിയിരുന്നു. സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്ന് മെറ്റ വിശദീകരിച്ചെങ്കിലും, നിലവിലെ സംവിധാനത്തിൽ മറ്റ് പല വീഴ്ചകളും ഉണ്ടെന്ന് മെറ്റ സമ്മതിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നിർദേശങ്ങൾ കൈമാറിയത്.

മന്ത്രിമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും പേരിൽ വിശ്വാസയോഗ്യമായ രീതിയിൽ ഡീപ്പ് ഫേക്ക് വീഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് തടയണം, തെറ്റിദ്ധാരണ പരത്തുന്നതും വ്യാജ പ്രചാരണങ്ങൾ അടങ്ങിയതുമായ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരണം, നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ കണ്ടെന്റ് മോഡറേഷൻ വഴി പൂർണമായി നീക്കം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്രം മുന്നോട്ടുവെച്ചത്.
ഇന്ത്യയിലെ ഡാറ്റ ലോക്കലൈസേഷൻ (Data Localization) ചട്ടങ്ങൾ കർഷണമായി പാലിക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസോ മറ്റ് ഏജൻസികളോ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടാൽ കാലതാമസം വരുത്താതെ ഉടൻ നടപടി സ്വീകരിക്കാൻ മെറ്റ ബാധ്യസ്ഥരാണെന്ന് സർക്കാർ വ്യക്തമാക്കി. അടുത്ത ആഴ്ച കേന്ദ്ര സർക്കാരും മെറ്റ പ്രതിനിധികളും തമ്മിൽ വീണ്ടും ചർച്ച നടത്തും.


