Sun. Feb 25th, 2024

✍️  ലിബി. സി. എസ്

മയിലമ്മ ഒരു പ്രതീകമാണ്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യര്‍ നിലനില്‍പ്പിനായി നടത്തുന്ന പോരാട്ടത്തിന്റെ പ്രതീകം…. കുടിവെള്ളമൂറ്റി ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയില്‍ ആഗോള കുത്തകക്കമ്പനി ആയ കൊക്ക-കോള കമ്പനിക്കെതിരെ ആദിവാസികളും ഗ്രാമീണരും നടത്തിവന്നിരുന്ന ഐതിഹാസികമായ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത് നിരക്ഷരയായ സ്കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത, ആദിവാസി സ്ത്രീയായിരുന്ന മയിലമ്മ ആയിരുന്നു.

ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റും കൃഷിവകുപ്പും ആരോഗ്യവകുപ്പുമെല്ലാം ജല ലഭ്യതയുടെ സ്ഥിതിവിവരക്കണക്കുകൾ നിരത്തി കൊക്കോകോള കമ്പനിക്ക് വെണ്ടി വിടുപണി ചെയ്തപ്പോൾ തങ്ങൾക്ക് ലഭിക്കുന്ന വെള്ളം കഞ്ഞിവെക്കാൻ പോലും കൊള്ളില്ലെന്ന യാഥാർഥ്യ അനുഭവത്തെ ആരെയും കൂസാതെ വിളിച്ചുപറയുകയും മരണം വരെ സമരം പ്രഖ്യാപിച്ചുകൊണ്ട് എത്ര ദുര്‍ബലനായ സാധാരണക്കാരനും ഈ രാജ്യത്തു ചില ചെറുത്തുനില്‍പ്പുകള്‍ നടത്താനാകും എന്നതിന്റെ ഒരിക്കലും മരിക്കാത്ത പ്രതീകം ആണ് മയിലമ്മ. 

ഇരുളർ ഗോത്രത്തിൽ പെട്ട ആദിവാസി കുടുംബമാണ് മയിലമ്മയുടേത്.  അതുവരെ സാധാരണ വീട്ടമ്മയായിരുന്നു. കുടിവെള്ളമൂറ്റി ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന പ്ലാച്ചിമടയില്‍ ആഗോള കുത്തകക്കമ്പനി ആയ കൊക്ക-കോള കമ്പനിക്കെതിരെ ആദിവാസികളും ഗ്രാമീണരും നടത്തിവരുന്ന ഐതിഹാസികമായ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത് നിരക്ഷരയായ മയിലമ്മ ആയിരുന്നു.സ്നേഹ കച്ചവടത്തിന്റെ സമ്പന്നതയിൽ വിശ്വപ്രസിദ്ധയായി തീർന്ന സുധാമണി അമ്മയേക്കാൾ നവോത്ഥാന കേരളം അഭിമാന പൂർവം നെഞ്ചോട് ചേർത്തുവെയ്ക്കേണ്ട ‘അമ്മ മയിലമ്മയാണ്. രണ്ടു പേർക്കും തമ്മിൽ ചില സാദൃശ്യങ്ങൾ ഉണ്ട്. എന്തന്നാൽ അതിനേക്കാൾ കടുത്തതാണ് അവർ തമ്മിലുള്ള വ്യതിരിക്തതകൾ!

രണ്ട് പേരും പിന്നോക്ക വിഭാഗത്തിൽ നിന്നും വന്നവരാണ് എന്നതാണ് ഒരു സാദൃശ്യം. രണ്ടുപേർക്കും പറയത്തക്ക വിദ്യാഭ്യാസമൊന്നും ഇല്ലായിരുന്നു എന്നതാണ് മറ്റൊരു സാദൃശ്യം. രണ്ടു പേരും ലോകപ്രശസ്തി നേടിയ രണ്ടു കേരളീയരായ സ്ത്രീകളുമാണ്.

എന്നാൽ മയിലമ്മ വിശ്വ പ്രസിദ്ധിനേടിയത് അമ്മയും അമ്മയുടെ മിഷനും ചേർന്ന് നടത്തുന്നത് പോലെ സ്നേഹ കച്ചവടം നടത്തിയിട്ടില്ല. കൊക്കോകോള എന്ന ആഗോള ഭീമനെതിരെ കരളുറപ്പോടെ പൊരുതിയിട്ടാണ്.

മയിലമ്മയെ ‘അമ്മ എന്ന് നമ്മൾ സംബോധനചെയ്യുന്നത് പേറ്റ് നോവെന്തെന്ന് കൃത്യമായി അനുഭവിച്ച സ്ത്രീയാണെന്ന ബോധ്യത്തിലാണ്. എന്നാൽ സ്നേഹമെന്തെന്നറിയാത്ത പെറ്റമ്മയെ തിരിഞ്ഞുനോക്കാത്ത സമയമില്ലായമയുടെ ജീവിതം നയിക്കുന്ന മക്കൾ ക്യൂ നിന്ന് ദിവ്യദർശനം നടത്തുമ്പോൾ പതിഞ്ഞുകിട്ടിയതാണ് അമൃതാനന്ദമയി എന്ന സുധാമണി അമ്മച്ചിയുടെ “അമ്മച്ചി പട്ടം.”അതുകൊണ്ടാണ് എൻറെ മക്കൾക്ക് കുടിക്കാൻ വെള്ളമില്ലെങ്കിൽ ഞാനും കുടിനീരിറക്കില്ല എന്ന് പറയാൻ സുധാമണിക്ക് തോന്നാതെ പോയത്. ‘അമ്മ നിരാഹാരം പ്രഖ്യാപിച്ചാൽ അമ്മയുടെ ഭക്തശിരോമണികൾ തെരുവിലിറങ്ങി എപ്പോഴെ അത് പരിഹരിക്കപ്പെടുമായിരുന്നു? പക്ഷെ തോന്നില്ല, കാരണം അമ്മച്ചിയുടെ പ്രായോജകർ ഇതുപോലുള്ള കുത്തകകളാണ്.

പരീക്ഷാ ഫീസ് അടക്കാൻ പണമില്ലാതെ തിരുവനന്തപുരത്ത് പരീക്ഷാ കൺട്രോളറുടെ ഓഫീസിന് മുകളിൽനിന്നു ചാടി രജനി എസ് ആനന്ദ് എന്ന പിന്നോക്ക സമൂഹത്തിലെ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തപ്പോൾ കേരളത്തിലെ സഞ്ചരിക്കുന്ന ദൈവമായ ഈ അമ്മച്ചിയുടെ അമൃത വാണി നാം കേട്ടതാണ് “കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ” എന്ന്. അതായത് അലക്കുകാരനായ ആനന്ദിന്റെ മകൾ രജനി എന്തിനാണ് എൻജിനീയറാകാൻ പോയതെന്ന്? നൊക്കൂ എന്തൊരു സ്നേഹമാണ് സുധാമണിയമ്മച്ചിക്ക്?

പുനരുത്ഥാന കേരളത്തെ “സ്വിച്ചിട്ടാൽ ബൾബ് കത്തും പക്ഷെ ബൾബിട്ടാൽ സ്വിച്‌ കത്തില്ല” എന്ന് പഠിപ്പിക്കുന്ന സുധാമണി അമ്മച്ചിയെ അല്ല, നവോത്ഥാനകേരളം നെഞ്ചോട് ചേർത്ത് അമ്മേയെന്നു വിളിക്കേണ്ടത് മയിലമ്മയെ ആണ്… നമുക്കു മറക്കാതിരിക്കാം…. മയിലമ്മയെയും അവര്‍ നയിച്ച പോരാട്ടങ്ങളും.നിരക്ഷരയായ മയിലമ്മ പ്ലാച്ചിമടയിലെ ജല സംരക്ഷണ സമരത്തിന്റെ നേതൃത്വത്തിലെത്തുന്നത് തികച്ചും യാദൃശ്ചികമായാണ്. 1937 ഓഗസ്റ്റ് 10ന് മുതലമട പഞ്ചായത്തിലെ ആട്ടയാംപതിയിലെ ആദിവാസി വിഭാഗമായ ഇരുളർ ഗോത്രത്തിൽ രാമൻ – കുറു മാണ്ടാ ദമ്പതികളുടെ മകളായിട്ടാണ് മയിലമ്മയുടെ ജനനം. വിവാഹ ശേഷമാണ് അവർ പ്ലാച്ചിമടയിൽ എത്തുന്നത്.നാട്ടിൽ അടിക്കടി ഉണ്ടാകുന്ന ജലക്ഷാമവും കിണർ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ മഴക്കാലത്തുപോലും വറ്റിവരളുന്നത് എന്തുകൊണ്ടാണെന്നുള്ള ചിന്ത അവരെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. മാത്രവുമല്ല കുടിക്കുന്ന വെള്ളത്തിൽ ഉപ്പുരസവും ദുർഗന്ധവും. കുളിച്ചാൽ അസഹനീയമായ ചൊറിച്ചിലും. ദുർഗന്ധം കമ്പനി പരിസരത്തിലെ വീടുകളിലേക്ക് വന്നതോടെ വില്ലൻ കൊക്കകോള കമ്പനിയാണെന്ന സത്യം അവർ തിരിച്ചറിഞ്ഞു. ആദിവാസി സംരക്ഷണത്തിന്റെ ഭാഗമായി നടന്ന ഒരു യോഗത്തിൽ സംസാരിച്ച മയിലമ്മ ജലചൂഷണ സമരത്തിൽ സംഘടന ഭാഗമാകണമെന്നാവശ്യപ്പെട്ടു. സംഘടന സമരത്തിൽ ഇടപെട്ടില്ലായെങ്കിൽ താൻ മരണം വരെ സമരം ചെയ്യുമെന്ന് അവർ പ്രഖ്യാപിച്ചു.

2002 ഏപ്രിൽ 22 ന് ആദിവാസികളെ സംഘടിപ്പിച്ചു കൊണ്ട് പ്രതീകാത്മക സമരത്തിന് മയിലമ്മ നേതൃത്വം കൊടുത്തു. കമ്പനിയുടെ മുന്നിൽ കുടിൽ കെട്ടി സമരം തുടങ്ങിയ പ്രതിഷേധക്കാർ കമ്പനിയുടെ വാതിൽ ഉപരോധിച്ചു. സമരം കരുത്താർജ്ജിച്ചതോടു കൂടി പെരുമാട്ടി പഞ്ചായത്ത്, ഫാക്ടറിയുടെ ലൈസൻസ് റദ്ദ് ചെയ്തു. ഒരു ആഗോള മൂലധനശക്തിക്കെതിരെ ആഞ്ഞടിച്ച ജനരോഷത്തിന് പിന്തുണ നൽകാൻ കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയും തുടക്കത്തിൽ ഉണ്ടായിരുന്നില്ല. വികസനത്തിന്റെ പേരിൽ പ്രാന്തവല്ക്കരിക്കപ്പെട്ടു പോയ ഒരു ജനതയുടെ ആത്മരോഷത്തിന്റെ തീച്ചൂടിൽ ഒരു പുതിയ ചരിത്രം അക്ഷരാർത്ഥത്തിൽ രചിക്കപ്പെടുകയായിരിന്നു. സമരം സുപ്രീം കോടതി വരെ എത്തി. ലോകത്തിന്റെ കണ്ണും കാതും പ്ലാച്ചിമടയിലേക്ക് തിരിച്ചുവിട്ടത് മയിലമ്മയുടെ നേതൃത്വ പാടവും സംഘാടന മികവും ആയിരുന്നു. മുംബൈയിൽ ലോക ജലദിനത്തിൽ നടന്ന സമ്മേളനത്തിൽ പ്ലാച്ചിമടയുടെ ദുരിതം വിവരിച്ച് അവർ ശ്രദ്ധ നേടിയിരുന്നു. ഇതിനുള്ള അംഗീകാരമായി ഔട്ട്ലുക് മാഗസിന്റെ സ്പീക്ഔട്ട്പുരസ്ക്കാരം മയിലമ്മയെ തേടിയെത്തി. ബി.ബി.സി.യും ന്യൂയോർക്ക് ടൈംസും ഉൾപ്പെടെയുള്ള ലോക മാധ്യമങ്ങളിൽ പ്ലാച്ചിമടയിലെ ജല സംരക്ഷണ സമരം വാർത്തകളിൽ ഇടം നേടി. അറ്റ്ലാന്റലിരുന്ന് ലോകത്തെ ശീതളപാനീയ വിപണിയെ നിയന്ത്രിച്ചിരുന്ന കൊക്കകോള കോര്‍പ്പറേഷൻ എന്ന ആഗോള ഭീമൻ മയിലമ്മയ്ക്ക് മുമ്പിൽ കീഴടങ്ങി പ്ലാച്ചിമടയിൽ നിന്ന് പലായനം ചെയ്തു. 2007 ജനുവരി 6 ന് സോറിയാസിസ് രോഗം ബാധിച്ച് മരിക്കുമ്പോൾ അവർക്ക് 69 വയസ്സായിരുന്നു.

ഔട്ട്ലുക് മാഗസിൻ ഏർപ്പെടുത്തിയ “സ്പീക്ക് ഔട്ട്” പുരസ്കാരം, സ്ത്രീശക്തി ട്രസ്റ്റിന്റെ “സ്ത്രീശക്തി പുരസ്കാരം” എന്നിവ ലഭിച്ചിട്ടുണ്ട്.