Friday, May 20, 2022

Latest Posts

ജനുവരി 11: ഗാന്ധിയൻ മുല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവ്, ലാൽ ബഹാദൂർ ശാസ്ത്രി ഓർമ്മദിനം

✍️  സുരേഷ് സി ആർ

”നിങ്ങൾ ദിവസം ഒരുനേരത്തെ ആഹാരം വെടിയുകയാണെങ്കിൽ മറ്റൊരു മനുഷ്യന് അവന്റെ ആ ദിവസത്തെ ഒരേയൊരുനേരത്തെ ഭക്ഷണം ലഭിക്കുന്നു”.

ലളിതവും നിസ്വാർത്ഥവും കർമനിരതവുമായ ജീവിത രീതിയിലൂടെ യഥാർത്ഥ ഗാന്ധി ശിഷ്യനെന്നു പ്രസിദ്ധനാണ് ലാൽ ബഹാദൂർ ശാസ്ത്രി (1904 – 1966). വിനയവും സഹനശക്തിയും മനക്കരുത്തും ദൃഢചിത്തതയും പുലർത്തുകയും ചെയ്ത ശാസ്ത്രി, സാധാരണക്കാർക്കൊപ്പം നിൽക്കുകയും അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യുന്ന നേതാവായിരുന്നു.

ലാൽ ബഹാദൂർ ശ്രീവാസ്തവ എന്നായിരുന്നു പേരെങ്കിലും ജാതിവ്യവസ്ഥയോടുള്ള എതിർപ്പു കാരണം പേരിനോട് ‘ശ്രീവാസ്തവ’ എന്നു ചേർത്തില്ല. പിൽക്കാലത്ത് കാശി വിദ്യാപീഠത്തിൽ പഠിച്ചു നേടിയ ബിരുദമാണ് ‘ശാസ്ത്രി’.

സ്കൂളിൽ പഠിക്കുമ്പോഴെ രാഷ്ട്രീയ വിഷയങ്ങളിൽ തത്പരനായ ശാസ്ത്രി 1921-ൽ ഗാന്ധിജി നിസ്സഹകരണ സമരം ആരംഭിച്ചപ്പോൾ സ്കൂൾ ഫൈനൽ പരീക്ഷ എഴുതാതെ രാഷ്ട്രീയത്തിലിറങ്ങി അറസ്റ്റിലായി.

1945- വരെ ഏഴു തവണയായി ജയിൽവാസം അനുഭവിച്ചു.
1930-ൽ, ദണ്ഡിമാർച്ചിൽ ഗാന്ധിയോടൊപ്പം പങ്കെടുത്തു.
1936ൽ ഉത്തർപ്രദേശ് നിയമസഭാംഗമായി.
1947-ൽ യുപിയിൽ പൊലീസ്, ഗതാഗത മന്ത്രിയായി. 1950-ൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി.
1951-ൽ ലോകസഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
1952-ൽ, നെഹ്റു മന്ത്രിസഭയിൽ, റെയിൽവേ, ഗതാഗത-ആശയവിനിമയ, വാണിജ്യ- വ്യവസായ, ആഭ്യന്തര വകുപ്പുകളുടെ മന്ത്രി പദവികൾക്കു പുറമെ നെഹ്‌റുവിന് അസുഖം ബാധിച്ച കാലത്തു വകുപ്പില്ലാ മന്ത്രിയായും പ്രവർത്തിച്ചു.

1956-ൽ ഏറെപ്പേർ മരിക്കാനിടയായ റെയിൽ അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. മാതൃകാപരമായ അദ്ദേഹത്തിന്റെ നടപടിയെ പാർലമെന്റും ജനങ്ങളും പ്രകീർത്തിച്ചു.
1964-ൽ നെഹ്റുവിന്റെ മരണശേഷം, ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായി.

ഇന്ത്യൻ രാഷ്ട്രീയത്തിലെ വ്യത്യസ്ത കാഴ്ചപ്പാടുകൾ തമ്മിൽ ഒരു സമവായത്തിനു ശ്രമിച്ചെങ്കിലും ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും നേരിടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എങ്കിലും ഇന്ത്യൻ ജനതയ്ക്കിടയിൽ വലിയ ആദരം ശാസ്ത്രി നിലനിർത്തി. ഹരിതവിപ്ലവം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ശാസ്ത്രിയുടെ ജനങ്ങൾക്കിടയിലെ പ്രതിച്ഛായ സഹായിച്ചു. ഇത് പിൽകാലത്ത് മിച്ചഭക്ഷണം ഉല്പാദിപ്പിക്കുന്ന ഒരു രാജ്യമായി ഇന്ത്യയെ മാറ്റി.

1965-ൽ പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചു. 48 ദിവസം നീണ്ട യുദ്ധത്തിന്റെ വിജയത്തിൽ ശാസ്ത്രിയുടെ ശക്തമായ പങ്ക് വലുതാണ്.

1966 ജനുവരിയിൽ ശാസ്ത്രി പാക്ക് രാഷ്ട്രപതി മുഹമ്മദ് അയ്യൂബ് ഖാനുമായി അന്നത്തെ റഷ്യയിലെ താഷ്കന്റിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി. താഷ്കന്റ് ഇന്ന് ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനമാണ്. റഷ്യൻ പ്രധാനമന്ത്രി കോസിഗിൻ ആയിരുന്നു ഈ ഉച്ചകോടി സംഘടിപ്പിച്ചത്. ശാസ്ത്രി പാകിസ്താനുമായി ജനുവരി 10-ന് പ്രശസ്തമായ താഷ്കന്റ് കരാർ ഒപ്പുവെച്ചു. ‘ഒരു കൊച്ചു കുരുവിയുടെ അവസാനത്തെ വിജയം’ എന്ന് ആ കരാർ വിശേഷിപ്പിക്കപ്പെട്ടു.

അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹതകൾ ഇന്നും മറനീക്കിയിട്ടില്ല. ഇന്ത്യക്ക് പുറത്ത് വച്ച് മരിക്കുന്ന ഏക ഇന്ത്യൻ പ്രധാനമന്ത്രിയാണ് ലാല്‍ ബഹദൂർ ശാസ്ത്രി
“ജയ് ജവാൻ, ജയ് കിസാൻ” എന്ന മുദ്രാവാക്യം ശാസ്ത്രിയുടെതാണ്.

 Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.