Wed. Nov 25th, 2026

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച ഒരാള്‍ക്ക് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തി.പോസ്റ്റ്‌മോര്‍ട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. സുധീര്‍ വാര്യത്ത് എന്നയാള്‍ക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും ഇദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിക്കുക എന്ന് മന്ത്രി അറിയിച്ചു.

മരിച്ചവരില്‍ ഒരാള്‍ക്ക് കൊവിഡ് കണ്ടെത്തിയ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എല്ലാവരോടും അടിയന്തരമായി നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഇതുകൂടാതെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് വീണ്ടും മൂന്ന് മരണംകൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ, മലപ്പുറം, എറണാകുളം സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി സി രാഘവന്(71) കൊവിഡ് ബാധിച്ചത്. ഇദ്ദേഹത്തിൻറെ ഭാര്യക്കും മകനും നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു നടത്തും.

മലപ്പുറം പള്ളിക്കൽ സ്വദേശിനി നഫീസയാണ് കൊവിഡ് ബാധിച്ചു മരിച്ച രണ്ടാമത്തെയാൾ. 52 വയസ്സായിരുന്നു. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളജിൽ വെച്ചാണ് മരിച്ചത്.

കരൾ, വൃക്ക രോഗബാധിതനായ പള്ളുരുത്തി വെളി ചെറുപറമ്പ് ഗോപി (68) എറണാകുളം മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എൻ ഐ വി ലാബിലേക്ക് അയച്ചു.