മഴ മൂലം വിമാനം റണ്‍വെയില്‍നിന്നും തെന്നി മാറിയതാണ് കരിപ്പൂര്‍ വിമാന അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. അപകടത്തില്‍ പെട്ട വിമാനത്തിന് തീ പിടിച്ചിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ എന്നും മന്ത്രി പറഞ്ഞു. അപകടം നടന്ന കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രവ്യോമയാന മന്ത്രി ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്.
19 പേര് മരിച്ച അപകടത്തെ ഏറെ ഗൗരവത്തോടെ തന്നെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കാണുന്നത്. അതേ സമയം ഡിജിസിഎ അപകടം സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയര്‍ പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും. ഇരു ഏജന്‍സികളുടെയും വിദഗ്ധസംഘങ്ങളും കരിപ്പൂരിലെത്തിയിട്ടുണ്ട്.

അപകടത്തില്‍ പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. വിമാനത്തിന്റെ ഡിജിറ്റല്‍ ഫ്ലൈറ്റ് ഡേറ്റാ റെക്കോര്‍ഡര്‍ (ഡിഎഫ്ഡിആര്‍) കണ്ടെത്തിയതോടെ അപകടം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ (സിവിആര്‍) വീണ്ടെടുക്കുന്നതിനായി ഫ്ലോര്‍ബോര്‍ഡ് മുറിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അധികൃതര്‍ പറഞ്ഞു.
ഇവയെല്ലാം അന്വേഷണസംഘത്തിനു കൈമാറും. സാങ്കേതിക വിദഗ്ധര്‍ ചേര്‍ന്നുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നാണ് അറിയുന്നത്. ബ്ലാക് ബോക്സിലെ വിശദാംശങ്ങളും കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറും പരിശോധിച്ചാല്‍ അപകടകാരണത്തെ കുറിച്ച് ധാരണ ലഭിക്കുമെന്നാണ് പ്രതീക്ഷ. വിമാനത്തിന്റെ ഓരോ ഘടകങ്ങളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.