ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ പോര് മുറുക്കി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റും തുടർന്നുള്ള സംഭവവികാസങ്ങളും. നടൻ വിജയ്‌യുടെ അടുത്ത സുഹൃത്തായ തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ തഞ്ചാവൂരിൽ നടന്ന പ്രതിഷേധത്തിനിടയിലാണ് ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നാല് മണിക്കൂറിന് ശേഷം അദ്ദേഹത്തെ മോചിപ്പിച്ചെങ്കിലും, മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രി വിജയിനെതിരെ അതിശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

അഹങ്കാരം വിനാശത്തിലേക്ക് നയിക്കുമെന്നും നിരന്തരമായ അഹങ്കാരം അതിന്റെ വേഗത കൂട്ടുക മാത്രമാണ് ചെയ്യുന്നതെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. കാവേരി ജല വിഷയത്തിൽ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും, ആ പരാജയം മറച്ചുപിടിക്കാൻ പൊലീസ് നടപടിയെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. മേക്കെദാട്ടു അണക്കെട്ട് വിഷയത്തിൽ ശബ്ദമുയർത്താൻ പോലുമാകാത്ത കഴിവുകെട്ട ഡമ്മി മുഖ്യമന്ത്രിയാണ് വിജയ് എന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.
കർഷകർ ദുരിതത്തിലായിരിക്കുമ്പോൾ സർക്കാർ തങ്ങളുടെ സിനിമയുടെ വിവാദങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തമിഴ്‌നാട്ടിൽ ഒരു ‘കോമാളി മന്ത്രിസഭയാണ്’ ഭരിക്കുന്നതെന്നും സ്റ്റാലിൻ ആഞ്ഞടിച്ചു. കർണാടകം കാവേരി വെള്ളം തുറന്നുവിടാത്ത സാഹചര്യത്തിൽ തമിഴ്‌നാട് സർക്കാർ ഇതിനകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന ബജറ്റ് സമ്മേളനത്തിന് തലേദിവസം പ്രതിപക്ഷ നേതാവിനെ സഭയിൽ നിന്ന് മാറ്റിനിർത്താനാണ് ഈ അറസ്റ്റ് നാടകമെന്നും ഡി.എം.കെ നേതാക്കൾ ആരോപിക്കുന്നു.
തുടർന്നും കർഷകരുടെയും വിദ്യാർത്ഥികളുടെയും സമരങ്ങൾ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഡി.എം.കെ ക്യാമ്പ് വ്യക്തമാക്കിയിട്ടുണ്ട്.


