Fri. Aug 7th, 2026

ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച തടങ്കലിനും ചോദ്യം ചെയ്യലിനും പിന്നാലെ ആരോപണങ്ങൾ ശക്തമാക്കി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്ത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണങ്ങളാണെന്നും താൻ ആർക്കും എതിരെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തഞ്ചാവൂർ സെങ്കിപ്പെട്ടി പൊലീസ് സ്റ്റേഷനിൽ 90 മിനിറ്റോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം, ടി.വി.കെ സർക്കാർ തന്നെ ഒരു തീവ്രവാദിയെപ്പോലെയാണ് പെരുമാറിയതെന്ന് രൂക്ഷമായി കുറ്റപ്പെടുത്തി.

തന്റെ പ്രസംഗം പൂർണ്ണമായും കർഷകരുടെ പ്രശ്നങ്ങളും മന്ത്രിമാരുടെ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതായിരുന്നുവെന്ന് ഉദയനിധി വ്യക്തമാക്കുന്നു. താൻ ഒരിക്കലും പറയാത്ത കാര്യങ്ങൾ തന്റെ പ്രസംഗത്തോടൊപ്പം കൂട്ടിച്ചേർത്ത് വ്യാജ കേസ് നിർമ്മിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജലപ്രശ്നത്തിൽ മുഖ്യമന്ത്രി സർവ്വകക്ഷ യോഗം വിളിക്കണമെന്ന് മാത്രമാണ് താൻ ആവശ്യപ്പെട്ടതെന്നും, കർഷകരുടെ അവകാശങ്ങൾക്കുവേണ്ടിയാണ് താൻ നിലകൊണ്ടതെന്നും അദ്ദേഹം ആവർത്തിച്ചു.

ഈ നിയമപോരാട്ടത്തെ പൂർണ്ണ ആത്മവിശ്വാസത്തോടെ നേരിടാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ ഉദയനിധി, നിയമപരമായി തന്നെ ഇതിനെ നേരിടുമെന്നും കൂട്ടിച്ചേർത്തു. നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഡി.എം.കെ എം.എൽ.എമാർ പാർട്ടി നേതൃത്വവുമായി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഡി.എം.കെ ക്യാമ്പിന്റെ തീരുമാനം.



 

Leave a Reply