പത്തനംതിട്ട: മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍. കോയിപ്പുറം കടപ്ര കാഞ്ഞിരം നില്‍ക്കുന്നതില്‍ വീട്ടില്‍ പൊന്നമ്മ തോമസ് (75)നെ കൊലപ്പെടുത്തിയ കേസിലാണ് ഇവരുടെ മകന്‍ ടിജോ തോമസ്(37), ഇയാള്‍ക്കൊപ്പം താമസിച്ച് വന്നിരുന്ന പെണ്‍സുഹൃത്ത് കൊല്ലം കാവനാട് കിണറുവിള വടക്കേതില്‍ വീട്ടില്‍ റിന്‍സിമോള്‍ (37) എന്നിവരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശത്തില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നുവെന്നായിരുന്നു സന്ദേശം. ഇതിന് പിന്നാലെ കോയിപ്പുറം എസ് ഐ. പങ്കജ് കൃഷ്ണ, കീഴ്‌വായ്പുര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി മൃതദേഹം പ്രാഥമിക പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ചില അസ്വാഭാവികതകള്‍ തോന്നി. വിവരം ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിനെ അറിയിച്ചു. തുടര്‍ന്ന് തിരുവല്ല ഡി വൈ എസ് പി. പി ആര്‍ സന്തോഷിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.

സി ഐ. ജി സുരേഷ് കുമാര്‍ എസ് ഐ. പങ്കജ് വി കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് പോലീസ് സര്‍ജന്‍ ഡോ. അശ്വതി നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ വയോധികയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് പൊന്നമ്മക്കൊപ്പം താമസിച്ചിരുന്ന മകന്‍ ടിജോ തോമസിനെയും റിന്‍സിമോളെയും ചോദ്യം ചെയ്തു. ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോ തോമസിനൊപ്പം ആറുമാസത്തില്‍ അധികമായി റിന്‍സിയും ഒപ്പം താമസിക്കുകയാണ്. ഇവര്‍ തമ്മില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കില്‍ ഇടപെട്ട പൊന്നമ്മ തോമസിനെ ടിജോ നെഞ്ചില്‍ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ് സി പി ഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിന്‍രാജ്, അഭിലാഷ്, സി പി ഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


