തിരുവനന്തപുരം: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതി ഹിന്ദുത്വ ഫാസിസ്റ്റുകളുടെ വെടിയേറ്റ് മരിച്ച യുക്തിവാദി ഡോ. നരേന്ദ്ര ധബോൽക്കറിൻെറ രക്തസാക്ഷി ദിനമായ ആഗസ്റ്റ് 20 ന് കേരളത്തിലും അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടന്നു. കവി കുരീപ്പുഴ ശ്രീകുമാർ ധർണ്ണ ഉദ്ഘടനം ചെയ്തു.

യുക്തിവാദിയുടെ സമരങ്ങൾ അവനു വേണ്ടിയല്ല .മിക്ക സമരങ്ങളും സംഘടിപ്പിക്കുന്നത് പ്രത്യേക ആളുകളുടെ ഉന്നമനത്തിനുവേണ്ടിയും അവരുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയുമാണ്. എന്നാൽ യുക്തിവാദിയുടെ സമരങ്ങൾ വിശ്വാസിയുടെ സമ്പത്ത് ചൂഷണം ചെയ്യുന്ന ചൂഷകർക്കെതിരെയാണ് . മന്ത്രവാദിയും കൈനോട്ടക്കാരനും വാസ്തുക്കാരനും മഷിനോട്ടക്കാരനും ഒക്കെ വിശ്വാസിയുടെ സമ്പത്ത് ചൂഷണം ചെയ്ത് സുഖമായി കഴിയുന്നു. അതാണ് യുക്തിവാദിയുടെ വീക്ഷണം. വിശ്വാസിയുടെ സംരക്ഷണത്തിനായി. ചൂഷണത്തിനെതിരെയുള്ള ഒരു നിയമമാണ് യുക്തിവാദി സംഘം ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ഒരു നിയമം ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട് എന്ന് കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.
തിരുവനന്തപുരം യുക്തിവാദി സംഘവും ജനാധിപത്യവേദിയും നാസ്തിക്നേഷനും സംയുക്തമായിട്ടാണ് ധബോൽകർ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചത്. അതിൻറെ ഭാഗമായി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കവി കുരീപ്പുഴ ശ്രീകുമാർ. യുക്തിവാദി സംഘം പ്രസിഡൻ്റ് ടി എസ് പ്രദീപിൻ്റെ അദ്ധ്യക്ഷത യിൽനടന്ന സമ്മേളനത്തിൽ ഡോ.നീല ലോഹിതദാസ്, ആർ അജയൻ, വെള്ളനാട് രാമചന്ദ്രൻ, ബി.രമേശ്, വിനോദ് വെള്ളായണി, ആർ ഗിരീഷ് കുമാർ, എം.ടി.ഋഷികുമാർ, പി സുശീലൻ, എൻകെ.ഇസഹാക്ക് തുടങ്ങിയവർ സംസാരിച്ചു. എം സത്യദാസ് എം അമാനുള്ള, കണ്ണൻശിവറാം, പ്രസാദ്സോമരാജ് , ഹേമരാജ് തുടങ്ങിയവർ നേതൃത്വം നൽകി.


