Fri. Aug 21st, 2026

തൃശൂർ: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച ‘മിസ’ നാടകത്തിലെ രംഗങ്ങൾ വെട്ടിപ്പറിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കാതെ സദാചാരത്തിന്റെ കണ്ണിലൂടെ ആക്രമിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും, നാടകം പൊതുസമ്മേളന നഗരിയിൽ നാളെ വീണ്ടും അരങ്ങേറുമെന്നും അദ്ദേഹം അറിയിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് കലാകാരിയായ സ്നേഹലത റെഡ്ഡി നേരിട്ട ഭരണകൂട പീഡനങ്ങളുടെ കഥയാണ് ‘മിസ’ എന്ന നാടകം പറയുന്നത്. 1975ലെ അടിയന്തരാവസ്ഥ ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന് മേൽ വീണ ഇരുണ്ട അധ്യായമായിരുന്നു. ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിലാണ് സ്നേഹലത റെഡ്ഡി കൊടിയ പീഡനങ്ങൾക്ക് ഇരയായത്. അധികാരത്തിന്റെയും ചൂഷണത്തിന്റെയും രാഷ്ട്രീയം ഇന്നും അവസാനിച്ചിട്ടില്ലെന്ന ശക്തമായ സന്ദേശമാണ് ഈ നാടകം മുന്നോട്ടുവെക്കുന്നതെന്നും സനോജ് വ്യക്തമാവുകയുണ്ടായി.

നാടകത്തിലെ ഒരു പ്രത്യേക രംഗം മാത്രം അടർത്തിമാറ്റി പ്രചരിപ്പിക്കുന്നതിലൂടെ അടിയന്തരാവസ്ഥക്കാലത്ത് ഒരു ജനത അനുഭവിച്ച യാതനകളെ മൂടിവെക്കാനാണ് വിമർശകർ ശ്രമിക്കുന്നത്. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ നിരവധി വേദികളിൽ അവതരിപ്പിച്ച ഈ നാടകം അന്ന് യാതൊരുവിധ വിവാദങ്ങൾക്കും വഴിവെച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കലാവിഷ്‌കാര സ്വാതന്ത്ര്യം പൂർണ്ണമായും സംരക്ഷിക്കപ്പെടേണ്ടതാണെന്നും വി.കെ. സനോജ് ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.



 

Leave a Reply