Sat. Aug 8th, 2026

തിരുവനന്തപുരം: ഒഴുക്കില്‍പ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ മരിച്ച കല്ലിയൂര്‍ സ്വദേശി രാജേഷിന്റെ മൃതദേഹത്തെ സര്‍ക്കാര്‍ അപമാനിച്ചതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കണ്ണൂര്‍ ചെറുപുഴയില്‍ പ്രളയത്തില്‍ അകപ്പെട്ടയാളെ സ്വന്തം ജീവന്‍ ത്യാഗം ചെയ്ത് രക്ഷിച്ച രാജേഷ്, ത്യാഗത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉജ്ജ്വല പ്രതീകമാണ്. എന്നാല്‍, ധീരനായ ആ ചെറുപ്പക്കാരന്റെ മൃതദേഹം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സ് നല്‍കാന്‍ പോലും സര്‍ക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ തയ്യാറായില്ല. ഉത്തരവാദപ്പെട്ടവരുടെ നെറികേടിന്റെയും കെടുകാര്യസ്ഥതയുടെയും തെളിവാണ് ഈ സംഭവമെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാര്‍ അനാസ്ഥ കാരണം വഴിമധ്യേ ചാവക്കാട്ടുവെച്ച് ബന്ധുക്കള്‍ക്ക് മറ്റൊരു ഫ്രീസര്‍ ആംബുലന്‍സ് വാടകക്കെടുത്ത് മൃതദേഹം മാറ്റേണ്ടിവന്നു. ഇത്തരം മനോഭാവവും നടപടികളും ആവര്‍ത്തിക്കാന്‍ പാടില്ല. രാജേഷിന്റെ ബന്ധുക്കളോട് സാമാന്യ മനുഷ്യത്വമെങ്കിലും കാണിക്കാന്‍ സര്‍ക്കാരിനായില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പിണറായി ആവശ്യപ്പെട്ടു.



 

Leave a Reply