തിരുവനന്തപുരം: സി പി എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം സെപ്തംബര്‍ 13, 14, 15 തീയതികളില്‍ കോഴിക്കോട്ട് നടക്കും. പാര്‍ട്ടിയുടെ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ചര്‍ച്ച ചെയ്യുന്നതിനാണ് കമ്മിറ്റിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി, പി ബി അംഗങ്ങളായ പിണറായി വിജയന്‍, എ വിജയരാഘവന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച കേന്ദ്ര കമ്മിറ്റി അവലോകന റിപോര്‍ട്ടും സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തു. കേരളത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മേല്‍ഘടകം മുതല്‍ താഴെത്തട്ടുവരെ സമഗ്രമായി പരിശോധിച്ചാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലേക്കുള്ള റിപോര്‍ട്ട് തയ്യാറാക്കുന്നത്. പാര്‍ട്ടി അംഗങ്ങള്‍ക്കു പുറമെ പാര്‍ട്ടിയുമായി സഹകരിക്കുന്നവരില്‍ നിന്നും പാര്‍ട്ടിക്ക് പുറത്തുള്ള വിവിധ ജനവിഭാഗങ്ങളില്‍ നിന്നുമായി പതിനായിരക്കണക്കിന് പേരുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ശേഖരിച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനം, പൊതുസമൂഹവുമായുള്ള ബന്ധം, പുതിയ തലമുറയോടുള്ള ഇടപെടല്‍, രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രചാരണം തുടങ്ങിയ മേഖലകളെക്കുറിച്ചാണ് പ്രധാനമായും അഭിപ്രായങ്ങള്‍ തേടിയത്. ഇവ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന അവലോകന റിപോര്‍ട്ട് പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള ഘടകങ്ങളില്‍വരെ അവതരിപ്പിക്കും. പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സംഘടനാ സംവിധാനത്തിലും പ്രവര്‍ത്തനരീതിയിലും ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് തീരുമാനം.


