Sat. Jul 25th, 2026

മലപ്പുറം: പൊതുവേദിയില്‍ കുട്ടികളെ ശാസിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍. ആ കുട്ടികള്‍ക്ക് പരാതി ഉണ്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ തയ്യാറാണ്. എന്നാല്‍, തങ്ങളെ അപമാനിച്ചതായി തോന്നിയില്ലെന്ന് കുട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് മറ്റൊരു വ്യാഖ്യാനം കൊണ്ടുവരാനാണ് പലരുടെയും ശ്രമം. മണ്ണാര്‍ക്കാട്ടെ പരിപാടി പൊതുവേദിയാണെന്ന് തോന്നിയില്ല. സെലക്ടഡ് ഓഡിയന്‍സ് ആണ് ഉണ്ടായിരുന്നത്. റിപോര്‍ട്ട് സമര്‍പ്പിച്ച് അവര്‍ കേസെടുക്കുന്നെങ്കില്‍ എടുത്തോട്ടെ. ബാലാവകാശ കമ്മീഷനും കേസെടുക്കട്ടെ. മുന്‍കൂര്‍ ജാമ്യത്തിനൊന്നും ശ്രമിക്കില്ല. ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ജലീല്‍ പറഞ്ഞു.

മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെയും ആഞ്ഞടിച്ച ജലീല്‍, കേരളം എന്നതിന് പകരം കോരളം എന്ന് എഴുതിയത് പിണറായി വന്നതിന് ശേഷം സ്‌കൂളില്‍ പഠിച്ച ആളാണോയെന്ന് ചോദിച്ചു. വിദ്യാഭാസ മന്ത്രി ഷംസുദ്ദീന്‍ തെറ്റിച്ചത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നമ്മുടെ പൊതുവിദ്യാലയത്തില്‍ പഠിച്ചത് കൊണ്ടാണോയെന്ന ചോദ്യവും ജലീല്‍ ഉന്നയിച്ചു.

അതേസമയം, കെ ടി ജലീല്‍ തെറ്റ് തിരിച്ചറിയാന്‍ തയ്യാറാകുന്നില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. ജലീലിന്റെത് കുറ്റകരവും അനുചിതവുമായ നടപടിയാണ്. ഒരു അധ്യാപകനായിട്ടും അദ്ദേഹം ഇപ്പോഴും സ്വന്തം തെറ്റിനെ ന്യായീകരിക്കുകയാണ്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ കേസെടുത്ത് നടപടിയുമായി മുന്നോട്ടു പോവുകയാണ്. കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.



 

Leave a Reply