ആലപ്പുഴ: അന്തരിച്ച യുക്തിവാദി നേതാവ് പിപി സുമനൻ നാലുപതിറ്റാണ്ടോളമായി നടത്തിവന്നിരുന്ന ‘രാവണമാസാചരണം’ ഈ വർഷവും പതിവ് പോലെ നടക്കും. ഈ വരുന്ന ജൂലായ് 17 മുതൽ ആഗസ്റ്റ് 16 ഞായറാഴ്ച്ച വരെ അഖില ലോക മായാവിസ്റ്റ് തിരുസഭ മദ്യ കേരള മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ചേർത്തലയിൽ ആണ് ആചരണ പരിപാടികൾ നടക്കുക. സഹോദരൻ അയ്യപ്പൻ കോട്ടയത്തു വെച്ച് “രാവണാ കി ജയ് ” വിളിച്ചതിന്റെ ഓർമ്മയ്ക്കായി അന്തരിച്ച സുമനൻ സാർ ആരംഭിച്ചു നാലുപതിറ്റാണ്ടോളമായി മുടങ്ങാതെ ആചരിച്ചുപോന്ന ”രാവണ മാസാചാരണം” അദ്ദേഹത്തിൻറെ അഭാവത്തിൽ ഈ വർഷവും മുടക്കം കൂടാതെ ആചരിക്കാൻ തീരുമാനിക്കുകയായായിരുന്നു.

ഈ ആചാരത്തിന് പ്രചോദനമായത് വെറും ഐതീഹ്യങ്ങളും കെട്ടുകഥകളും അല്ല. കേരളത്തിലെ ഒരു പ്രധാന ചരിത്ര സംഭവമാണ് എന്നത് കൂടിയാണ് ഇതിൻറെ സവിശേഷത. ടി.കെ. മാധവന്റെ അദ്ധ്യക്ഷതയിൽ കോട്ടയത്തുവച്ച് എസ്.എൻ.ഡി.പി.യുടെ ഒരു വാർഷികം നടക്കുന്നു. പണ്ഡിത മദനമോഹന മാളവ്യആയിരുന്നു മുഖ്യാതിഥി. ഇതേക്കുറിച്ച് സി . കേശവൻ തൻറെ ആത്മകഥയായ ജീവിത സമരത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ:
“….മാളവ്യ സനാതനഹിന്ദുമതത്തിന്റെ പ്രവാചകനായി ബനാറീസ് സർവ്വകലാശാലയ്ക്കു പണപ്പിരിവിനായി തെക്കേ ഇൻഡ്യയിൽ പര്യടനം നടത്തുകയാണ്. ടി.കെ. മാധവൻ സനാതനത്വത്തിൽ ചാഞ്ഞു നില്ക്കുകയുമാണ്. സ്വതന്ത്രസമുദായവാദം, ബുദ്ധമതവാദം മുതലായ വാദങ്ങളെല്ലാം ഈഴവരുടെ ഇടയിൽ അന്നു നടക്കുന്നുണ്ട്. അയ്യപ്പൻറെ നേതൃത്വത്തിൽ നിർജ്ജാതിത്വം, നിർമ്മതത്വം, നിർദൈവത്വം എന്ന മുദ്രാവാക്യങ്ങളും ഉത്പതിഷ്ണുക്കളും യുക്തിവാദികളും ആയ ഈഴവർ മുഴക്കിത്തുടങ്ങിയിട്ടുണ്ട്. ഇതിന്റെയൊക്കെ നടുവിലാണ് ഇൻഡ്യയിലെ ഒരു വലിയ ഹൈന്ദവ നേതാവായ മാളവ്യ വന്നുചാടിയത്. അദ്ദേഹം ഹിന്ദുമതം സനാതനമാണ്, പുരാതനമാണ്, പരമപാവനമാണ് എന്നിങ്ങനെ പഴയ രാമരാജ്യം അല്ലാതെ ഇൻഡ്യയ്ക്കു മോക്ഷമില്ലെന്നു സ്ഥാപിക്കുവാൻ ഉദ്യുക്തനായി. പെട്ടെന്നു സദസ്യരിൽനിന്നും സഹോദരൻ അയ്യപ്പൻ വികാരാവേശനായി ചാടി എണീറ്റ്, ‘ശൂദ്രമുനിയെ വെട്ടിക്കൊന്ന രാമന്റെ രാമരാജ്യം ഞങ്ങൾക്കു വേണ്ട, അതിലും എത്രയോ ഭേദമാണു രാവണരാജ്യം’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. തുടർന്ന് “രാവണ കി ജയ്” വിളിച്ചു, സദസ്യർ ഒന്നടങ്കം അതേറ്റുവിളിച്ചു. ആ മഹായോഗത്തിൽ വലിയ ഒരു കലാപം ഉണ്ടായി….
മാളവ്യയുടെ പഴഞ്ചൻ ആശയങ്ങൾ ഇവിടെ ഓടില്ലെന്ന് പിന്നീടുണ്ടായ കോലാഹലങ്ങൾ വിശദമാക്കി. മാളവ്യയ്ക്ക് അന്നുണ്ടായത് ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു.”

പിന്നീടുണ്ടായ ചില അമർ ചിത്രകഥാ രാഷ്ട്രീയത്തിൻറെ തുടക്കം 1980 കളിൽ തന്നെ തിരിച്ചറിഞ്ഞതോടെ ആണ് ‘അതിപുരാതന ഈഴവകുടുംബത്തിൽ’ ജനിച്ച് പിന്നീട് ജാതി മത ദൈവ രഹിത ജീവിതം നയിച്ചിരുന്ന താൻ മേൽ സൂചിപ്പിച്ച ചരിത്ര സംഭവത്തിൻറെ ആവേശത്തിൽ നിന്നും അമർ ചിത്രകഥായിലെ വേറൊരു കഥാപാത്രത്തിൻറെ പേരിൽ ഇങ്ങനെ ഒരു ആചാരം ആരംഭിച്ചതെന്ന് ആണ് പിപി സുമനൻ തന്നെ മുൻപ് വിശദീകരിച്ചിട്ടുള്ളത്. സഹോദരൻ അയ്യപ്പൻ ഗാന്ധിജിയോട് ‘ഞങ്ങൾ രാവണൻറെ ആൾക്കാരാണ്’ എന്ന് വേറെ സന്ദർഭത്തിലും പറഞ്ഞിട്ടുണ്ടെന്നും അത് ഉൾക്കൊണ്ടുകൊണ്ടാണ് രാവണ മാസത്തോട് അനുബന്ധിച്ച് വൃദ്ധജനങ്ങൾക്ക്, കർക്കടകം ഒന്നു മുതൽ, കർക്കടകം 31-വരെ സൗജന്യ മതേതരത്ത ചായ സൽക്കാരം നടത്തുന്ന ആചാരം താൻ ആവിഷ്കരിച്ചതെന്നും അദ്ദേഹം പറയുമായിരുന്നു.
അതിപുരാതന ഈഴവകുടുംബത്തിൽ ജനിച്ച തനിക്ക് പുതിയ ആചാരങ്ങൾ ആവിഷ്കരിക്കാനുള്ള അധികാരം ഉണ്ടെന്നും ഞങ്ങൾക്കും സ്വന്തമായി അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമൊക്കെ ഉണ്ടായിരുന്ന അതിപുരാതന ഈഴവകുടുംബമായിരുന്നു എന്നും സവർണ്ണൻറെ അന്ധവിശ്വാസങ്ങൾ മാത്രമല്ല പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് എന്നും എല്ലാവരുടെയും അന്ധവിശ്വാസങ്ങളും സർക്കാർ അനുഭാവപൂർവം പരിഗണിച്ച് വേണ്ട പ്രോത്സാഹനം നൽകുകയും അതിനായി വേണ്ടിവന്നാൽ ഒരു മന്ത്രതന്ത്ര കൂടോത്രാദി വകുപ്പും ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

രാവണ മാസാചരണത്തോടനുബന്ധിച്ച് പതിവ് പോലെ ഒരുമാസക്കാലം എല്ലാ ദിവസവും സൗജന്യ മതേതര ചായ (കാപ്പി) സൽക്കാരവും വിശുദ്ധ ബാലരമ പാരായണവും നടക്കും. കൂടാതെ പ്രധാന ദിവസങ്ങളിൽ മത പ്രഭാഷണങ്ങൾ, മാർ അപ്രേം ഇപ്രേം തിരുമേനിമാരുടെ വിശുദ്ധ ബാലരമ വ്യാഖ്യാനം, മേശമേൽ ശുശ്രുഷ, മായാവി ഹോമം, രാധ സേവ, രാജുവിന് തടി വഴിവാട് എന്നിവയും സന്ധ്യക്ക് ഭജനയും നടക്കും. സമാപന ദിവസമായ ആഗസ്റ്റ് 16 ഞായറാഴ്ച്ച നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കും.
മായാവി ഹിതം പരിശോധിച്ച ശേഷം ചില ആചാരങ്ങൾ ഭക്തജങ്ങളുടെയും സംഘടകരുടെയും സൗകര്യാർത്ഥം പരിഷ്കരിച്ചിട്ടുണ്ട്. അവ ഒന്ന് ചായ സൽക്കാരം എന്നത് കാപ്പി സൽക്കാരം ആക്കിയിട്ടുണ്ട്. അത് ചായയ്ക്ക് ദിവ്യത്വം ഇല്ലെന്ന് മായാവി പ്രശ്നത്തിൽ തെളിഞ്ഞതിനാലാണ്, എന്നാൽ കാപ്പി പുണ്യാഹത്തിന് പകരം നൽകുന്ന ക്ഷേത്രം തന്നെ ശ്രീനാരയണഗുരു സ്ഥാപിച്ചിട്ടുള്ളതിനാൽ കാപ്പി മതി എന്ന് തീരുമാനിക്കുകയായിരുന്നു.എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ 7 മണിവരെ മാത്രം ആയിരിക്കും ഈ ആചാരം അനുഷ്ഠിക്കാൻ സൗകര്യം. ‘പിന്നെ ആചാരങ്ങൾ ആലപ്പുഴയിൽ നിന്നും ചേർത്തലയിലേക്ക് മാറ്റുന്നതിലും മായാവിഹിതം പരിശോധിച്ചപ്പോൾ എതിർപ്പൊന്നും കണ്ടില്ല. മുൻപ് സുമനൻ സാർ തന്നെ ശിവന്റെ ചായക്കടയിൽ ആരംഭിച്ച രാവണമാസാചരണം പിന്നീട് സലീമിന്റെ ചായക്കടയിലേക്ക് മാറ്റിയിരുന്നല്ലോ?’ എന്ന് സംഘാടകർ വിശദീകരിച്ചു.
കൂടാതെ കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും മായാവി ജ്യോതിഷവും ഡിങ്ക ജ്യോതിഷവും കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവും ഈ പുണ്യമാസത്തിൽ മായാവിസ്റ്റ് തിരുസഭ സര്ക്കാരിന്റെ മുന്നിലേക്ക് വെക്കാനും അതിനായി 31 ദിവസവും അവകാശം പറഞ്ഞു പ്രത്യേക പ്രാർത്ഥന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ചില യുക്തിവാദികൾ ജ്യോതിഷം പഠിപ്പിക്കുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇത്തരം നിരീശ്വര വാദികളെ മുൻപ് ഒരീസം കേന്ദ്രമന്ത്രി പറഞ്ഞതുപോലെ പ്രാർത്ഥിച്ച് നിഗ്രഹിക്കണം. ജോതിഷം തെറ്റാണെന്ന് തെളിയിക്കാൻ ഇന്നുവരെ ഒരുയുക്തിവാദിക്കും കഴിഞ്ഞിട്ടില്ല. ജോതിഷം തട്ടിപ്പാണെന്ന് വിവരമില്ലാത്ത ചില യുക്തീവാദികൾ പ്രചരിപ്പിക്കുന്നതാണ്. പ്രശ്നം ദാർശനീകവും ആത്മീയവുമാണ്.. ”ബ്ര”യിൽ തുടങ്ങുന്നതിനെല്ലാം ദിവ്യത്വം.ബ്രാഹ്മണൻ “ബ്ര”, ബ്രഹ്മം, ബ്രഹ്മർഷി, ബ്രഹ്മാവ് ബ്രാഹ്മ മുഹൂർത്തം എന്നിവ പോലെ ഗൗളി ശാസ്ത്രം പക്ഷിശാത്രം ഇതൊക്കപോലെ ജ്യോതിഷവും ശാസ്ത്രമാണ് എന്ന് മായാവിസ്റ്റ് തിരുസഭാ വക്താക്കൾ പറഞ്ഞു.
എല്ലാ ഭക്തജങ്ങളും ഈ പുണ്യമാസത്തിൽ പ്രാർത്ഥനയുടെ ചങ്ങലകളാൽ ബന്ധിതരായിക്കൊണ്ട് വിശുദ്ധ മായാവിയുടെ ആത്മീയ ശക്തിയും ഉണർവും സംഭരിച്ച് രക്ഷ പ്രാപിക്കുവാൻ രാജുവിന്റെയും രാധയുടെയും മായാവിയുടെയും നാമത്തിൽ മായാവിസ്റ്റ് തിരുസഭ അഭ്യർത്ഥിച്ചു.
ഈ പരിപാടി മാറ്റിവെക്കാനും ഭേദഗതി വരുത്താനും അന്യമതസ്ഥർക്ക് അവകാശമൊന്നും ഉണ്ടായിരിക്കുന്നതല്ല എന്നും ആചാരങ്ങളിൽ ഭേദഗതി വരുത്താൻ മത പണ്ഡിതന്മാർക്കല്ലാതെ യഥാർത്ഥ ത്രയേക ദൈവമായ മായാവിക്ക് പോലും അധികാരം ഇല്ലെന്നും മായാവിസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.


