✍️ ലിബി. സി എസ്
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കേരളത്തിലെ സഞ്ചരിക്കുന്ന ദൈവം സുധാമണി അമ്മച്ചിക്ക് ഒരു ഉമ്മ കൊടുത്തത് അത്ര വലിയകാര്യമാണോ? പോയി എന്റെഎയർ പൊളിറ്റിക്സ് എങ്കിലും പഠിച്ചിട്ട് വാ…
ഭരണകൂടത്തിന് എന്തിനാണ് ഒരു സാംസ്‌കാരിക വകുപ്പ് (cultural department) ഉള്ളത്? Cult ഉണ്ടാക്കാനാണ്.
ഏത് വ്യവസ്ഥിതിയും നിലനിൽക്കുന്നത് അതിന് അനുകൂലമായ ഒരു Cult ഉണ്ടാക്കിയാണ്. Cult ഉണ്ടാക്കാനാണ് Cultural department. അതിനുവേണ്ടി spiritual cult ഉം sex cult ഉം എല്ലാം ഉപയോഗിക്കും.
സംഘപരിവാറിന്റെ ഹിന്ദു രാഷ്ട്ര നിർമ്മിതിയിൽ കേരളത്തിലെ ഭരണ നടത്തിപ്പുകാരായ നവകേരള സർക്കാറിൻറെ സാംസ്‌കാരിക വകുപ്പ് ഇതൊക്കെ അല്ലാതെ പിന്നെന്താണ് ചെയ്യേണ്ടത്? ഇതിന് മുൻപും ഇതൊക്കെ തന്നെയല്ലേ ചെയ്തിരുന്നത്?
ഭരണകൂടത്തിൻറെ സാംസ്‌കാരിക ഇടപെടലിനെ മറികടക്കാൻ കേരളത്തിൽ ബദൽ ഇടപെടലുകൾ ഒന്നും കാര്യമായി നടക്കുന്നുമില്ല. ഈ പുരോഗമനൻമാർ നടത്തുന്ന എല്ലാ സാംസ്‌കാരിക ഇടപെടലുകളും ബ്രഹ്മണ്യ മൂല്യ ബോധത്തെ പ്രമോട്ട് ചെയ്യുന്നവയാണല്ലോ പണ്ടും ഇപ്പോഴും?
‘ഇതാണോ നവോത്ഥാനം?’ എന്നൊക്കെ ചിലർ ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നതിന്റെ അർത്ഥം എന്താണ്? കഴിഞ്ഞ സർക്കാർ ഒരു സ്വയം പ്രഖ്യാപി ത നവോത്ഥാന സർക്കാർ ആയിരുന്നെങ്കിലും, ആ വാക്ക് തന്നെ ചിലർക്ക് തെറിവാക്ക് ആണെന്ന് മനസിലായതോടെ അവർ അത് തിരുത്തുകയും ചെയ്തിരുന്നല്ലോ? അതും വളരെ അർത്ഥവത്തായി തന്നെ തിരുത്തുകയും ചെയ്തു, ‘നവോത്ഥാന കേരള’ത്തിലെ ഉത്ഥാനം എടുത്തു കളഞ്ഞിട്ട് ‘നവകേരളം’ ആക്കിയില്ലേ? വയസും പ്രായവും ഒക്കെ ആകുമ്പോൾ ഉത്ഥാനം പോകുക സ്വാഭാവികമാണ്. ചിലപ്പോൾ വയാഗ്ര പോലും ഫലിക്കാത്ത അവസ്ഥയിൽ എത്തിയെന്നിരിക്കും. ഇനി അവരെ ഉദ്ധരിപ്പിച്ചേ അടങ്ങൂ എന്നുള്ളവർ കുറച്ചു വയാഗ്ര വാങ്ങി കൊടുത്തുനോക്കൂ.
ഈ സർക്കാരിന്റെ ആദ്യസമയത്തെ ചില ഇടപെടലുകൾ ശൂദ്ര സഖാക്കൾ നേരിട്ട് നടത്തി എയറിൽ ആകുകയും ശൂദ്രന്മാർ മൊത്തം തെറികേൾക്കുകയും ചെയ്തതോടെ ഇത്തരത്തിൽ കോമാളി വേഷം കെട്ടാൻ വാസവനെയും സജി ചെറിയാനെയും പിണറായിയേയും ഗോവിന്ദനെയും ബാലനെയും പോലുള്ളവരെ കോമാളിവേഷം കെട്ടിച്ചാണ് ശൂദ്ര സഖാക്കൾ ഇതെല്ലാം സാധിക്കുന്നത്. അപ്പോൾ തെറി ഇവർ കേട്ടോളും ശൂദ്രൻമാരുടെ പൂർവചരിത്രവും പറഞ്ഞു തെറിവിളിക്കാനും ആരും വരില്ല.
സജി ചെറിയാൻറെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. കഴിഞ്ഞവർഷം ചേർത്തല കണ്ടമംഗലം ക്ഷേത്രത്തിൻറെ ഭരണം സിപിഐ ക്കാരിൽ നിന്നും മത്സരം നടത്തി സിപിഎം പിടിച്ചെടുത്ത ശേഷം എവിടുന്നൊക്കെയോ കുറെ ബ്രാഹ്മണരെക്കൊണ്ടുവന്നു ദേശാഭിമാനിയിൽ യാഗ സപ്ലിമെന്റ് വരെ ഇറക്കി നടത്തിയ 10 ദിവസത്തെ ബിപ്ലവ സൗഭാഗ്യ ലക്ഷ്‌മീ യാഗ വേദിയിലും സജി ചെറിയാന്റെ ഒരു ‘എടുത്തുവരവ്’ ഉണ്ടായിരുന്നു. അങ്ങനെ പലസ്ഥലത്തും ഈ സാംസ്‌കാരിക മന്ത്രിപുംഗവനെ നാം കണ്ടതല്ലേ?
ഭരണഘടനയെ വരെ അവഹേളിച്ച അദ്ദേഹത്തെ വീണ്ടും മന്ത്രി ആക്കിയതിൽ നിന്നുതന്നെ ഇതൊക്കെ അദേഹത്തിന്റെ സ്വന്തം തീരുമാനങ്ങളല്ല പറയുന്നതും പ്രവർത്തിക്കുന്നതും എന്ന് വ്യക്തമല്ലേ?
ഇവന്മാരൊക്കെ ഇങ്ങനൊരു രാഷ്ട്രീയ പണി തിരഞ്ഞെടുത്തില്ലായിരുന്നു എങ്കിൽ വക്കീൽ പണിയും കൊണ്ടിരുന്ന് പാവം പിടിച്ച എത്രയോ കക്ഷികളുടെ ഗതി എന്താകുമായിരുന്നു എന്ന് ഒന്നാലോചിച്ചു നോക്കൂ. ഇതുപോലെ വക്കീൽ പണിയുംകൊണ്ടിരുന്നാൽ കഞ്ഞികുടിച്ചുപോകൽ ബുദ്ധിമുട്ടാണെന്ന് മനസിലാക്കി രാഷ്ട്രീയത്തിലിറങ്ങിയ കുറെ ഐറ്റങ്ങളുണ്ട്.
ഇത് കൂടാതെ വ്യക്തിപരമായ അമ്മയോടുള്ള ഉപകാരസ്മരണയുടെ കാര്യത്തിൽ പിണറായിവിജയനെയും സജിചെറിയനെയുമൊന്നും കുറ്റം പറയാനാവില്ല. സ്വന്തമായി മെഡിക്കൽ കോളേജ്ഉം എൻജിനീയറിങ് കോളേജ്ഉം എല്ലാമുള്ള കേരളത്തിലെ ഈ സഞ്ചരിക്കുന്ന ദൈവത്തെക്കൊണ്ട് പലസഖാക്കൾക്കും രാഷ്ട്രീയക്കാരും സുധാമണി അമ്മയുടെ അടുത്തു മുട്ടിൽ ഇഴയാനും കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനും മറ്റുപാർട്ടിക്കാർക്കുമൊക്കെ പല ഉപകാരങ്ങളും ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ടാണ് എല്ലാ എല്ലാം മത്സരിക്കുന്നത്. ഇന്നലെ സജിചെറിയാനും സുധാമണിയും പരസ്‌പരം കട്ടിപ്പിടിക്കുന്നതും ഉമ്മകൊടുക്കുന്നതും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് എംഎൽഎ യേയും ആ വീഡിയോയിൽ കാണാമല്ലോ?

വാസ്തവത്തിൽ ഭക്തന്മാർക്കും ഏതെങ്കിലും കല്ലിന്റെയോ പ്രതിമയുടെയോ അടുത്തുപോയി സങ്കടങ്ങൾ പറഞ്ഞു പ്രാർത്ഥിക്കുന്നതിനേക്കാൾ നല്ലത് മലയാളത്തിൽ പറഞ്ഞു പ്രാർത്ഥിച്ചാൽ മനസിലാകുന്ന സ്വന്തമായി മെഡിക്കൽ കോളേജ്ഉം എൻജിനീയറിങ് കോളേജ്ഉം വലിയൊരു സ്‌കൂൾ ശൃഖലയും എല്ലാമുള്ള സുധാമണി അമ്മയെ പ്രാർത്ഥിക്കുന്നത് തന്നെയാണ് നല്ലത്, അവർ വിചാരിച്ചാൽ കുറച്ചുപേർക്കെങ്കിലും ഒരു അഡ്മിഷനോ ജോലിയോ ഹോസ്പിറ്റൽ ബില്ലിൽ ഇളവോ ഒക്കെ നൽകാനാവും. കല്ലിന് അങ്ങോട്ട് കൊണ്ടുപോയി കൊടുക്കുന്നതിലും ഭേദമാണ്. സജി ചെറിയാൻ ഉപകാരസ്മരണ ഉള്ള ക്രിസ്ത്യാനി ആയതുകൊണ്ട് കേരളത്തിലെ ആരോഗ്യമേഖലയെയും വീണാജോർജിനെയും പ്രതിസന്ധിയിലാക്കിക്കൊണ്ട് സർക്കാർ മെഡിക്കൽ കോളേജ് ഉള്ളതുകൊണ്ടല്ല ഇടപ്പള്ളിയിലെ അമ്മച്ചിയുടെ മെഡിക്കൽ കോളേജ് ഉള്ളതുകൊണ്ടാണ് താൻ ഇപ്പോഴും ജീവനോടെ ഉള്ളതെന്ന് വളരെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ പോലും അമ്മച്ചിക്ക് വേണ്ടി സാക്ഷ്യം പറഞ്ഞ ആളാണ്. അപ്പോൾ നേരിട്ടു കണ്ടപ്പോൾ ഒരു മുത്തം കൊടുത്തതിൽ തെറ്റൊന്നുമില്ല.
സുധാമണി അമ്മച്ചിക്കും ഇത് ഗുണകരമാണ്. കാരണം അമ്മച്ചിയുടെ വിദ്യാഭ്യസ കച്ചവടവും ആരോഗ്യകച്ചവടവും അല്ലാതെ ഭക്തി കച്ചവടം ഇപ്പോൾ വളരെ മോശമാണ്. പ്രായമൊക്കെ ആയതുകൊണ്ട് കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനുമൊക്കെ ആളു കുറവാണ്. ന്യൂ ജനറേഷൻ കുട്ടികൾക്കാണെങ്കിൽ ഒരു ഹഗ് ചെയ്യലോ ഉമ്മവെക്കലോ അത്രകാര്യമൊന്നുമല്ല. അതുകൊണ്ട് ഈ സ്നേഹ കച്ചവടം അമ്മച്ചിയുടെ മരണം വരെയെങ്കിലും ഓടിച്ചുകൊണ്ടുപോകാൻ സഖാക്കന്മാരുടെ പിന്തുണ എന്തുകൊണ്ടും നല്ലതാണ്.
പിന്നെ ചിലർ ജോൺ ബ്രിട്ടാസ് ൻറെ ഇന്റർവ്യൂവും പുസ്തകവുമൊക്കെ കുത്തിപ്പൊക്കി പോസ്റ്റിട്ട് നടപ്പുണ്ട്. അതിനൊക്കെ ബ്രിട്ടാസും കൈരളിയും ദേശാഭിമാനിയിലൂടെ പണ്ടേ സുധാമണി അമ്മാമയോട് സമസ്താപരാധവും പൊറുക്കണമെന്നപേക്ഷിച്ച് മാപ്പു പറഞ്ഞിട്ടുള്ളതും അമൃതാന്ദമയി മഠം ദേശാഭിമാനിയിലെ ബ്രിട്ടാസിൻറെ മാപ്പ് വലിയ പോസ്റ്റർ ആക്കി അമ്മച്ചിയുടെ പിറന്നാൾ ദിനത്തിൽ വള്ളിക്കാവ് മുഴുവൻ ഒട്ടിച്ചതുമാണ്. ഇതൊന്നും അറിയാത്ത ചിലമണ്ടന്മാരാണ് അതും പൊക്കിക്കൊണ്ട് നടക്കുന്നത്. അമ്മച്ചിയോട് മാപ്പ് പറയാതെ കേസ് നടത്തിയത് ഞങ്ങൾ കുറച്ച് യുക്തിവാദികൾ മാത്രമാണ്.
സജി ചെറിയാനും കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പുമൊക്കെ ചെയ്തത് വളരെ ശരിയായ ബിപ്ലവകരമായ കാര്യമാണ്. കേരളത്തിലെ ഇടതുമുന്നണി എന്ന് പേരുള്ള തീവ്ര വലതുമുന്നണിയുടെ സാംസ്‌കാരിക വകുപ്പ് പിന്നെന്താണ് ചെയ്യേണ്ടത്?
ഇതിനെയൊക്കെ വിമർശിക്കുന്ന നിങ്ങൾ ബ്രാക്കറ്റിലുള്ള മാർക്സ് നെ ഇനിയെങ്കിലും വിടൂ. എന്നിട്ട് (M) എന്നത് (മന്നം) എന്നോ അതല്ലെങ്കിൽ കമ്മീഷൻ പാർട്ടി ഓഫ് ഇൻഡ്യ (മാക്സിമം) എന്നോ സങ്കൽപ്പിച്ചു നോക്കൂ, നിങ്ങൾക്കും വളരെ സിമ്പിളായി ഓം അമൃതേശ്വരിയെ നമഃ പറഞ്ഞു ഇതും ഉൾക്കൊള്ളാനാവും.
ചക്കരക്കുടത്തിൽ കയ്യിട്ടവനൊക്കെ നക്കുമെന്നും ഒരു വ്യവസ്ഥിതിയുടെയും നടത്തിപ്പുകാർ അതിനെതിരെ തിരിയില്ലെന്നും അവർ അതിൻറെ ആനുകൂല്യം പറ്റി ജീവിക്കുന്നവർ ആയിരിക്കുമെന്നും. അത് നിലനിർത്താനായി ഇതും ഇതിനപ്പുറവുമുള്ള നാറിത്തരങ്ങൾ കാണിക്കുമെന്നും ബ്രാക്കറ്റിൽ പിടിച്ചിട്ട് നാണംകെടുത്തിയിരുന്ന ആ വലിയ താടിക്കാരൻ പണ്ടേ പറഞ്ഞിട്ടുള്ളതാണ്.
അതുകൊണ്ട് കേന്ദ്രസർക്കാരിന്റെ ഹിന്ദുരാഷ്ട്രനിർമ്മിതിലയിലെ പങ്കാളി ആകാനും അവരുടെ കേരളത്തിലെ ഭരണ നടത്തിപ്പുകാർ ആയി സസുഖം വാഴാനും ആഗ്രഹിക്കുന്നവർ ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിലാണ് മാർക്സിനെ പരിഹസിക്കേണ്ടത്!
നബി: ഈ വിഷയത്തിൽ കൂടുതൽ താത്വിക വിശകലനങ്ങളും ക്യാപ്സൂളുകളും തയ്യാറാക്കാൻ സൈബർ സഖാക്കൾ “മാര്‍ക്സിസ്റ്റ് ഭൗതികവാദം ഇന്ത്യന്‍ പാശ്ചാത്തലത്തില്‍” എന്ന എം വി ഗോവിന്ദൻ മാസ്റ്റര്‍ എഴുതിയ പുസ്തകം വാങ്ങി വായിച്ചാൽ മതി.


