✍️ സുരേഷ് സി.ആർ
മലയാള ചെറുകഥയുടെ ഒളിമങ്ങാത്ത മരപ്പാവകൾ, പൂവമ്പഴം, ഉതുപ്പാന്റെകിണർ തുടങ്ങിയ കഥാശില്പങ്ങൾ ഒരുക്കിയ എഴുത്തുകാരനാണ് കാരൂർ നീലകണ്ഠപ്പിള്ള (1898 – 1975). സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥാപകൻ, അദ്ധ്യാപക സംഘടനാപ്രസ്ഥാനത്തിന്റെ മുന്നണിപ്പടയാളികളിലൊരാൾ എന്നീ നിലകളിൽ കേരളചരിത്രത്തിന്റെ ഭാഗമാണ് അദ്ദേഹം.
അദ്ധ്യാപക ജീവിതത്തിന്റെ ദൈന്യങ്ങൾ പകർത്തിയ ‘പൊതിച്ചോറു’ പോലുള്ള കഥകൾ അദ്ദേഹത്തിന് വാധ്യാർ കഥാകൃത്തെന്ന പേരു നൽകി. ജീവിതത്തിന്റെ ദുരന്തഭാവങ്ങളും നർമവും സ്ത്രീപുരുഷബന്ധത്തിന്റെ വൈചിത്ര്യങ്ങളുമെല്ലാം കാരൂരിന്റെ കഥകൾക്ക് വിഷയമായി. ഗതികെട്ട അദ്ധ്യാപകരും ചെറുകിട ഉദ്യോഗസ്ഥരും, ദാരിദ്ര്യംകൊണ്ട് തെറ്റു ചെയ്തുപോകുന്ന പാവങ്ങളുമെല്ലാം ആ കഥകളിൽ നിറഞ്ഞു നില്ക്കുന്നു.

മലയാളത്തിൽ ബാലസാഹിത്യത്തിന് പ്രചാരം നൽകാൻ മുൻകൈയെടുത്ത കാരൂർ അഞ്ചുകടലാസ്, എന്നെ രാജാവാക്കണം, അഴകനും പൂവാലിയും, സമ്മാനം, ഓലയും നാരായവും, മൺമയിൽ, കാരൂരിന്റെ ബാലകഥകൾ തുടങ്ങി പതിനൊന്ന് ബാലസാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്.
1960-ൽ ആനക്കാരൻ എന്ന കൃതിക്ക് ബാലസാഹിത്യത്തിനും, 1969-ൽ മോതിര’ത്തിന് ചെറുകഥയ്ക്കുമുള്ള കേരള സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചു.
കാരൂർ കഥകൾ, കൊച്ചനുജത്തി, തൂപ്പുകാരൻ, ഗൃഹനായിക, മീൻകാരി, ഒരു പിടി മണ്ണ്, കരയിപ്പിക്കുന്ന ചിരി, അമ്പലപ്പറമ്പിൽ, പിശാചിന്റെ കുപ്പായം, പത്തു കഥകൾ, തിരഞ്ഞെടുത്ത കഥകൾ (രണ്ട് ഭാഗങ്ങൾ) (കഥാ സമാഹാരങ്ങൾ) ഗൗരി, ഹരി, പഞ്ഞിയും തുണിയും (നോവലുകൾ), അപ്പൂപ്പൻ (നാടകം) എന്നിവയാണ് പ്രധാന കൃതികൾ.


