✍️ പ്രമോദ് പുഴങ്കര
സംസ്ഥാന പൊലീസിലെ ADGP അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട് എന്നാണ് കേരളത്തിലെ ഭരണകക്ഷിയായ സി പി ഐ (എം) ന്റെ ഒരു എം എൽ എ-യായ പി.വി.അൻവർ ആരോപിക്കുന്നത്. മാത്രവുമല്ല ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടപോലെ കൊലച്ചതിയുടെ അപായസാധ്യത കേരളത്തിന്റെ മുഖ്യമന്ത്രി നേരിടുന്നു എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ചെറിയ ആരോപണങ്ങളല്ല ഇതൊന്നും. മാത്രവുമല്ല, കേരളത്തിലെ സി പി എമ്മിന്റെ മാ പ്ര വിരുദ്ധ, പരിസ്ഥിതി രാഷ്ട്രീയ വിരുദ്ധ പോരാട്ടത്തിൽ ആരോമൽ ചേകവരായി അങ്കം വെട്ടിയ യോദ്ധാവുകൂടിയാണ് അൻവർ. സി പി എമ്മിന്റെ സൈബർ സംഘത്തിന്റെ ചെല്ലും ചെലവും വഹിച്ച ദീനദയാലുവും നീതിക്കു വേണ്ടിയുള്ള പോരാളിയുമായ മുതലാളി. ആ നിലയിൽ അൻവറിന്റെ ആരോപണങ്ങളെ ഗൗരവമായി കാണേണ്ടതല്ലേ? അങ്ങനെയല്ല എന്നുണ്ടെങ്കിൽ പിന്നെ അയാൾ എം എൽ എ ആയി തുടരുന്നതുതന്നെ എങ്ങനെയാണെന്ന് ആലോചിക്കേണ്ടതുണ്ട്. കാരണം ഇത്രയും ഗുരുതരമായ ആരോപണങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്ത പടച്ചുവിടുന്നൊരു കള്ളനെന്ന ചീത്തപ്പേരായിരിക്കും അങ്ങനെവന്നാൽ അയാൾക്ക് ചേരുക.
മുഖ്യമന്ത്രി പിണറായി വിജയൻ പിടിപ്പുകെട്ടതോ അല്ലെങ്കിൽ ബോധപൂർവ്വം അത്തരത്തിലൊരു ജനാധിപത്യവിരുദ്ധമായ പൊലീസ് സേനയെ പരിപാലിക്കുന്നതോ ആയ ഭരണാധികാരിയാണെന്നത് അൻവർ സൂചിപ്പിക്കാതെത്തന്നെ മലയാളികൾക്ക് ഏതാണ്ട് ബോധ്യമുള്ളതാണ്. എന്നാൽ ഒരു ഭരണകക്ഷി എം എൽ എ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിലെ ഉന്നതോദ്യഗസ്ഥരും ആ സംവിധാനവും അൻവറിനെയും എന്തിനു മുഖ്യമന്ത്രിയെയും വരെ ഇല്ലാതാക്കാൻ വരെ ശേഷിയുള്ള കൊള്ളസംഘങ്ങളുടെ ഭാഗമാണെന്നൊക്കെ ആരോപിക്കുമ്പോൾ ഭരണമികവിന്റെ ഭരണിപ്പാട്ട് കേട്ട് ചെവിപൊത്തേണ്ട അവസ്ഥയിലാണ് കേരളീയർ.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ഫോൺ കോളുകൾ താൻ ചോർത്തിയിട്ടുണ്ട് എന്ന് അൻവർ തന്നെ പറഞ്ഞ സ്ഥിതിക്ക് ഫോൺ ചോർത്തിയ വകുപ്പിൽ അയാൾക്കെതിരെ ഉടനടി അന്വേഷണം നടത്തുകയും മറ്റ് നിയമനടപടികൾ സ്വീകരിക്കുകയും വേണം. ADGP -യുടെ ഭാര്യയുടെ ഫോൺ വിളി താൻ ചോർത്തിയിട്ടുണ്ടെന്നും അൻവർ പറയുന്നു. ആ വിളിയുടെ ഒരറ്റത്ത് കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളവരാണ് എന്നാണ് അൻവറിന്റെ ആരോപണം. മാത്രവുമല്ല ഇത്തരത്തിലൊരു ADGP മന്ത്രിമാരുടെ ഫോൺ വിളികൾ ചോർത്തുന്നു എന്ന അതിഗുരുതരമായ ആരോപണവും അൻവർ എന്ന ഭരണകക്ഷി എം എൽ എ ഉന്നയിക്കുന്നു. എല്ലാ മന്ത്രിമാരുടെയും ഫോൺ ചോർത്താൻ സൈബർ സെല്ലിൽ പ്രത്യേക സംഘമുണ്ട് എന്നും അൻവർ പറയുന്നു. അങ്ങനെയെങ്കിൽ മോദി സർക്കാർ രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ എന്നിവരുടെ ഫോൺ ചോർത്തിയ സംഭവം പോലെ അതിഗുരുതരമായ പ്രശ്നമാണിത്. ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രി അറിയാതെ അത് നടക്കാനിടയില്ല. ഇനി അയാൾക്കിതൊന്നും അറിയില്ല എന്നാണെങ്കിൽ മറ്റിടപാടുകൾക്കായി അവിടെയിരിക്കുകയാണെന്ന് ന്യായമായും കരുതേണ്ടിവരും. ഇതിനെല്ലാം മുഖ്യമന്ത്രി ഒട്ടും വൈകാതെ മറുപടി പറയേണ്ടതുണ്ട്. ഇതൊക്കെ പറയുന്നത് അൻവറായതുകൊണ്ട് കടന്നലുകൾക്ക് അക്കാര്യത്തിൽ വിശ്വാസ്യത പ്രശ്നമൊന്നുമുണ്ടാകില്ല.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാജയമാണെന്നും അയാൾക്ക് ഇത്തരം ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഇല്ല എന്നുറപ്പില്ലെന്ന മട്ടിൽ അതറിയില്ല എന്നുമാണ് അൻവർ പറയുന്നത്. അതായത് കുഴപ്പങ്ങളുടെ പ്രഭവകേന്ദ്രവും നടത്തിപ്പ് കേന്ദ്രവും ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ കാര്യാലയവുമാണെന്ന് ഭരണകക്ഷി എം എൽ എ സൂചിപ്പിക്കുന്നു. അച്ഛനെ രക്ഷിക്കാൻ കൊള്ളക്കാരുടെ വെടികൊണ്ട് മരിക്കാൻ തയ്യാറായ ധീരനായ മകനെപ്പോലെയാണ് മുഖ്യമന്ത്രിക്ക് വേണ്ടി താനിറങ്ങിയത് എന്നൊക്കെയുള്ളതരം ധീരോദ്ധൃത പ്രകടനങ്ങളും ഇതിനിടയിൽ അൻവർ നടത്തുന്നുണ്ട്. അച്ഛാ, മകാ നാടകങ്ങൾക്കപ്പുറം അതീവഗുരുതരമായ ആരോപണങ്ങളാണ് അൻവറിന്റേത്. അത് ശരിയാണോ അല്ലേയെന്ന് കേരളീയ സമൂഹത്തോട് ഒട്ടും വൈകാതെ മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. മന്ത്രിമാരുടെയടക്കം ഫോൺ ചോർത്തുന്നൊരു പൊലീസ് സംവിധാനം നിലവിലുണ്ടോ എന്നതിൽ പൊതുസമൂഹത്തിന് മുന്നിൽ വിവരം നൽകാൻ സർക്കാരിന് ചുമതലയുണ്ട്.
ഒരു കാര്യം കൂടി അൻവർ ചോദിക്കുന്നു, “29 വകുപ്പാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്, നാല് ചായപ്പീടിക കൈകാര്യം ചെയ്യാൻ ഒരാൾക്ക് കഴിയുമോ?” എന്ന്. ഹേ, കാരണഭൂത, പ്രളയപയോധിയിൽ നിന്നും ഗോവർദ്ധനഗിരി പൊക്കിയ കൃഷ്ണനെപ്പോലെ കേരളത്തെ പൊക്കിയെടുത്ത രക്ഷക, കൊല്ലപ്പെട്ട മൃതദേഹങ്ങളൊക്കെ കണ്ടാൽ ഞെട്ടൽ വരാത്തവണ്ണം മനസ്സുറപ്പുള്ള യോദ്ധാവേ, കത്തികൾക്കും വടിവാളുകൾക്കുമിടയിലൂടെ യാഗാശ്വം പോലെപ്പാഞ്ഞ കടത്തനാടൻ ചേകവരെ, ബ്രണ്ണൻ കോളജിലെ പ്രത്യേക അടിതടകളുടെ സമരപുളകങ്ങളിൽ സിന്ദൂരമാലകൾ ചാർത്തിക്കൊണ്ട് കാരണഭൂതഗണങ്ങൾ ആരാധിക്കുന്ന ക്യാപ്റ്റൻ, അങ്ങയോടാണ് അൻവർ മുതലാളി ചോദിക്കുന്നത്, “നാല് ചായപ്പീടിക നടത്താൻ പറ്റുവോന്ന്?”


