തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശിപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി. ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ജൂലൈ 31ന് ഫയര്‍ ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിക്കുന്ന ഒഴിവില്‍ എം ആര്‍ അജിത് കുമാര്‍ ഡിജിപിയാകേണ്ടതാണെങ്കിലും സസ്പെന്‍ഷനിലായ സാഹചര്യത്തില്‍ അദ്ദേഹത്തെ പരിഗണിക്കാനാകില്ല. ഈ സാഹചര്യത്തില്‍ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കേണ്ടതുണ്ട്. 1996 ബാച്ചുകാരായ ശ്രീജിത്തിനെയും വിജയ് സാക്കറെയും ഡിസംബറില്‍ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു.
അതേസമയം, എം ആര്‍ അജിത് കുമാറിന് അവകാശപ്പെട്ട ഡിജിപി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ ജൂനിയറായ ഉദ്യോഗസ്ഥനെ പരിഗണിക്കുന്നത് ഉചിതമല്ലെന്ന ഉപദേശം ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനും ലഭിച്ചിട്ടുണ്ട്. മികച്ച സര്‍വീസ് റെക്കോഡോടെ ഡിജിപിയായി വിരമിച്ച എ ഹേമചന്ദ്രന്‍ സംസ്ഥാന പോലീസിന്റെ മുഖ്യ ഉപദേശകനായി തുടരുന്ന സാഹചര്യത്തില്‍ അജിത് കുമാറിനെ തഴഞ്ഞ് ഡിജിപി സ്ഥാനം എസ് ശ്രീജിത്തിന് നല്‍കുന്നതിനെ അദ്ദേഹം അനുകൂലിക്കാന്‍ സാധ്യതയുമില്ല. എന്നാല്‍ കോടതിയില്‍ നിന്ന് എം ആര്‍ അജിത് കുമാര്‍ അനുകൂല ഉത്തരവ് നേടിയാല്‍ അദ്ദേഹത്തിന് ഡിജിപി സ്ഥാന കയറ്റം നല്‍കേണ്ടിയും വരും.


