Sun. Feb 25th, 2024

✍️ ലിബി.സി.എസ്

വീണ്ടും ഒരു അർത്തുങ്കൽ പെരുനാൾ കൂടി! മുട്ടിന് മുട്ടിന് സെൻറ് സെബാസ്റ്റ്യൻ ചർച്ചുകളുണ്ടാക്കി കമ്പി കഷ്‌ണ എഴുന്നൊള്ളിപ്പ് തുടങ്ങിയതോടെയും, സംഘികളുടെ എതിർപ്രചരണം മൂലവും, കുറച്ചു കാലമായി കമ്പി കഷ്‌ണ കച്ചവടം നഷ്ടത്തിലായതിനാൽ ഇത്തവണ സോഷ്യൽ മീഡിയവഴി വൻ പരസ്യമൊക്കെയാണ് രൂപതാ കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത്. കച്ചവടം ആവഴിക്ക് നടക്കട്ടെ. അതേകുറിച്ചല്ല ഈ കുറിപ്പ്.

അയോദ്ധ്യ കേസ് നടക്കുമ്പോൾ വൈദികരായ മുസ്ലിങ്ങൾക്ക് അയോധ്യയിൽ കാര്യമില്ല എങ്കിൽ വൈദികനായ രാമനും അതിൽ എന്തുകാര്യം? അത് തദ്ദേശ വാസികളുടെ ബുദ്ധ പള്ളി. ഭഗവാൻ ബുദ്ധർ വാണരുളിയ സാകേത് എന്നവകാശമുന്നയിച്ച് ഫൈസാബാദ് സ്വദേശിയും ഒബിസിക്കാരനുമായ ഒരു ശ്രീ വിനീത് മൗര്യ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. വിനീതിൻറെ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അയോധ്യ കേസ് വിധിയിലെ ന്യായ അന്യായമൊക്കെ കോമഡി ആയതിനാൽ ഈ ഹർജിക്കും എന്ത് സംഭവിക്കും എന്ന് ഊഹിക്കാമല്ലോ?

“അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രം, തിരിച്ചുപിടിയ്ക്കാന്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് നേതാവ് മോഹൻ ദാസിൻറെ ട്വീറ്റ് മുൻപ് വൻ വിവാദവും കേസുമായിരുന്നു. എന്നാൽ ഉത്തരേന്ത്യയിലെ മറ്റുള്ളവരുടെ ആരാധനാലയങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ശിവൻറെ ലിംഗത്തിനുള്ള ബലം കേരളത്തിലെ ശിവനില്ലാത്തതിനാലും അങ്ങോട്ട് കർസേവയ്ക്ക് ചെന്നാൽ ലത്തീൻ കാരായ മൽസ്യത്തൊഴിലാളികൾ പങ്കായത്തിനടിച്ച് നടുമ്പുറം പൊളിക്കുമെന്ന് സംഘികൾക്ക് നിശ്ചയമുള്ളതിനാലും ശിവൻ ജീവനുംകൊണ്ട് സ്ഥലം കാലിയാക്കുകയായിരുന്നു. ചരിത്രത്തെ വളച്ചൊടിക്കല്‍ ഒരു ഫാസിസ്റ്റ് കലയാണ്. അയോധ്യയിലും ശബരിമലയിലും അർത്തുങ്കലും നടന്നത് അതാണ്.അർത്തുങ്കൽ പള്ളിയും ശബരിമലയുമെല്ലാം ഒരുകാലത്തു ബുദ്ധ വിഹാരങ്ങളായിരുന്നു. കേരളചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സാംസ്‌ക്കാരിക പ്രകാശത്തെ ഊതിക്കെടുത്തുന്നതിനായി ചുരുങ്ങിയത്‌ ആയിരം വര്‍ഷങ്ങളെങ്കിലും തമസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്‌. ഐതീഹ്യങ്ങളും, പുരാണങ്ങളും, പുലിപ്പാല്‌ കഥകളുമായി ജനങ്ങളെ വളഞ്ഞ്‌ പിടിച്ച്‌ ശൂദ്ര ഹിന്ദുക്കളാക്കിയപ്പോള്‍ നമുക്ക്‌ നഷ്ടപ്പെട്ടത്‌ വിലപ്പെട്ട സംസ്ക്കാരമായിരുന്നു. കേരള ഹിന്ദുക്കളിലെ മുക്കാല്‍ പങ്കും വരുന്ന ഈഴവര്‍(തീയ്യര്‍), വിശ്വകര്‍മജര്‍ എന്നീ വിഭാഗങ്ങളും, മുസ്ലീങ്ങളും, ക്രിസ്തുമത വിശ്വാസികളും ബുദ്ധമതവിശ്വാസികളായിരുന്നു എന്നത്‌ കുഴിച്ചുമൂടപ്പെട്ട ഒരു സത്യമാണ്‌.

ആരെങ്കിലും ബുദ്ധമതം സ്വീകരിക്കണമെന്നല്ല ആവശ്യപ്പെടുന്നത്. ചില ചരിത്രസത്യങ്ങള്‍ ഓര്‍മിപ്പിച്ചു എന്ന് മാത്രം. അർത്തുങ്കൽ പള്ളിയോ ശബരിമലയോ അയോധ്യയോ പള്ളിയായിരുന്നാലും അമ്പലമായിരുന്നാലും ബുദ്ധവിഹാരമായിരുന്നാലും കേരളത്തിലെ സാധാരണ ജനങ്ങൾക്ക് പ്രത്യേകിച്ച് ഗുണവും ദോഷവും ഇല്ല… എങ്കിലും ഇവിടുത്തെ സാധാരണ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ കെടുത്താൻ അമ്പലവും പള്ളിയും പൊക്കിപ്പിടിച്ചു ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമ്പോൾ ചില സത്യങ്ങൾ വെളിവാക്കപ്പെടേണ്ടതുണ്ട്.

ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ ഇടിച്ചുവീഴ്ത്തിയായിരുന്നു രാജ്യത്ത് സംഘപരിവാര്‍ ശക്തിപ്രാപിച്ചത്. രാജ്യത്തെ മതനിരപേക്ഷത തകര്‍ത്തെറിഞ്ഞുകൊണ്ട് അവര്‍ ശക്തിപ്രാപിച്ചതോടെ വര്‍ഗീയ കലാപങ്ങളുടെ കുത്തൊഴുക്കായിരുന്നു പിന്നീടുണ്ടായത്. എത്രയൊക്കെ ശ്രമിച്ചിട്ടും കേരളത്തിന്റെ മണ്ണില്‍ മാത്രം സംഘശക്തിക്ക് വേരുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. കേരളത്തിലും വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമങ്ങള്‍ കേരളീയ ജനത തോളോടുതോള്‍ ചേര്‍ന്ന് നിന്ന് പരാജയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വീണ്ടും പലവട്ടം പരീക്ഷിച്ച് പരാജയപ്പെട്ട വര്‍ഗീയതയുമായി കളം പിടിക്കാനുള്ള നീക്കങ്ങളാണ് സംഘപരിവാരങ്ങള്‍ അർത്തുങ്കലിലും പിന്നീട് ശബരിമലയിലുമൊക്കെ പരീക്ഷിച്ചു നോക്കിയത്.

അർത്തുങ്കൽ പള്ളിയും ബുദ്ധമതവും

ബുദ്ധമതത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന കാലത്തെ പ്രമുഖ ബൗദ്ധ കേന്ദ്രമായിരുന്നു അർത്തുങ്കൽ. അർത്തുങ്കൽ എന്ന പേരുണ്ടായത് തന്നെ ബുദ്ധമതത്തിൽ നിന്നാണെണ്. അർഹതൻ കല്ല് എന്ന വാക്കിൽ നിന്നാണ് അർത്തുങ്കൽ എന്ന പേരുണ്ടായത്. എന്താണ് അർഹതൻ കല്ല്? ബുദ്ധമതത്തിൽ ചേരുന്നവരെ അർഹതൻ എന്നാണ് വിളിച്ചിരുന്നത്.

ബുദ്ധ, ജൈന വിശ്വാസികളുടെ ആരാധനാലയങ്ങൾ കല്ലെന്നാണ് അറിയപ്പെടുന്നത്. ബുദ്ധമതക്കാരുടെ ആരാധനാലയം അർഹതൻ കല്ല് എന്നും അറിയപ്പെട്ടു. അർത്തുങ്കൽ പള്ളി നിന്നിരുന്ന സ്ഥലത്ത് ബുദ്ധ വിഹാരം ഉണ്ടായിരുന്നുവെന്ന് കരുതുന്നവരുമുണ്ട്. ശബരിമലയുടെ ബുദ്ധമത ബന്ധം ഏറെ ചർച്ചചെയ്യപ്പെടുന്നതാണല്ലോ?

ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ വേണാട് ഭരിച്ചിരുന്ന വിക്രമാദിത്യ വരഗുണൻ എന്ന ആയ് രാജാവ് ശ്രീമൂലവാസം (തിരുമൂലപാദം) ബുദ്ധവിഹാരത്തിലെ ഭട്ടാരകർക്ക് ഭൂമി ദാനം ചെയ്യുന്നതായി പരാമർശിക്കുന്ന പാലിയം ശാസനമടിസ്ഥാനമാക്കി ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നത് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് കടൽത്തീരത്തായാണ് ശ്രീമൂലവാസം നിലനിന്നിരുന്നതെന്നാണ്. സമീപ പ്രദേശങ്ങളായ മാവേലിക്കര, ഭരണിക്കാവ്, കരുമാടി തുടങ്ങിയിടങ്ങളിൽനിന്നും ബുദ്ധവിഗ്രഹങ്ങൾ കണ്ടുകിട്ടിയിട്ടുമുണ്ടല്ലോ.

ശബരിമലയിലെ വിഗ്രഹം, ശരണം വിളി തുടങ്ങിയവയ്ക്ക് ബുദ്ധമതത്തോടുള്ള ബന്ധം തള്ളിക്കളയാവുന്നതല്ല. മകരവിളക്ക് ആഘോഷിക്കുന്ന ശബരിമലയ്ക്കും മകരം പെരുന്നാൾ ആഘോഷിക്കുന്ന അർത്തുങ്കലിനും തമ്മിലുള്ളത് ബുദ്ധമത കാലഘട്ടത്തിലുള്ള ബന്ധമാണ്. അർത്തുങ്കൽ തീരം കുഴിച്ചു കുഴിച്ചു ചെന്നാൽ ബുദ്ധമതത്തിന്റെ തിരുശേഷിപ്പുകളിലും വീണ്ടും കുഴിച്ചാൽ ദ്രാവിഡപ്പഴമയിലും ശിലായുഗ സംസ്‌കാരത്തിലുമൊക്കെ ചെന്നു നിൽക്കും.

ടിജി മോഹൻദാസ് പറഞ്ഞതുപോലെ പുതിയ പള്ളി പണിതപ്പോൾ അർത്തുങ്കൽ പള്ളിയിലെ നിലവറയിൽ ഒളിപ്പിച്ചു എന്ന് പറയപ്പെടുന്നത് ചൈനയിലെ Jade Buddha Temple ലെ ബുദ്ധ പ്രതിമക്ക് സമാനമായ ഒരു പ്രതിമയാണ്. ഇത് ശിവൻറെ ആരാണ്?

എന്റെയൊക്കെ ആദ്യകുർബാന നടക്കുമ്പോഴും വേദപാഠത്തിനു പോകുമ്പോഴുമൊക്കെ പഴയ പള്ളിയായിരുന്നു. യാദൃശ്ചീകമായി സംഭവിച്ചതാണെങ്കിലും അർത്തുങ്കൽ വെളുത്തച്ചന്റെ കൊടിയുടെ നിറം കാവിയല്ല; ക്രിസ്ത്യാനികളുടെ വെളുപ്പോ മഞ്ഞയോ അല്ല, ചുവപ്പാണ്. ചുവപ്പ് ബുദ്ധമതവുമായി ബന്ധപ്പെട്ടതുമാണ്. അതെന്തായാലും ഇപ്പോൾ മതസാഹോദര്യത്തിന്റെ പ്രതീകമായ അർത്തുങ്കൽ പള്ളി ഉൾപ്പെടുന്ന തൈക്കൽ കടപ്പുറത്ത് 2003 ൽ ഉണ്ടായ വർഗ്ഗീയ കലാപം ഇവിടത്തുകാർ ഇന്നും മറന്നിട്ടില്ല. ആ ഭീതി ഇന്നും ഇവിടുത്തെ ജനങ്ങളുടെ മനസ്സിൽ ഉണ്ട്.

കടപ്പുറത്തെ വീടുകൾ തകർത്ത് ആക്രോശത്തോടെ ഓം കാളി വിളിച്ചു കൊലവിളിയുമായി പോകുന്ന സംഘ പരിവാറിന്റെ ആരവം ഇപ്പോഴും ചെവിയിലുണ്ട്. ആയുധധാരികളായിട്ടും തടയാനാവാതെ തകർന്ന വീടുകളിലെത്തുന്ന പൊലീസ്. ആ വീടുകളിൽ തകർക്കപ്പെടാത്തതായി ഒന്നുമുണ്ടായിരുന്നില്ല. ക്രിസ്ത്യൻ കുടുംബങ്ങളെ തന്നെ കൊന്നൊടുക്കലായിരുന്നു അത് ലക്‌ഷ്യം വെച്ചത്.2002 ലെ പത്ര റിപ്പോർട്ടുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ ഇന്നും അതിന്റെ ഭീകരത മറ്റു ജില്ലക്കാർക്ക് ബോധ്യമാകുന്നതാണ്. കടപ്പുറത്ത് കടന്നു കയറാനുള്ള സംഘപരിവാർ ശ്രമമാണ് കൊലപാതകങ്ങളിൽ എത്തിയത്. വീണ്ടും അത്തരത്തിൽ ഒരുകോപ്പുകൂട്ടൽ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ചില അഭിനവ ക്രിസ്ത്യൻ സംഘികളെകൊണ്ട് നടത്താൻ പരിപാടിയിട്ടെങ്കിലും അർത്തുങ്കൽ പോലീസ് അത് വിദഗ്ദ്ധമായി പൊളിച്ചടുക്കുകയായിരുന്നു. അർത്തുങ്കൽ കേന്ദ്രീകരിച്ച് വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കാൻ കുറച്ചുനാളായി വിഫലശ്രമം നടത്തുന്നുണ്ട്. ദളിത് സന്ഘികളെപ്പോലെ ചില ലാറ്റിൻ ക്രൈസ്തവ സംഘികളുമുണ്ട് ഇതിന് പിന്നിൽ.

എന്തുകൊണ്ടാവും അർത്തുങ്കൽ പള്ളിയെക്കുറിച്ച് തന്നെ ഇങ്ങനെ ഒരു കഥ ഉണ്ടാക്കുന്നത്? ഇത് ഒരു സുപ്രഭാതത്തിൽ മോഹൻദാസിനുണ്ടായ വെളിപാട് ആയിരുന്നില്ല. സംഘ പരിവാറിന്റെ ഒരു ദീർഘകാല അജണ്ടയുടെ ഫലമായിരുന്നു. എന്നാൽ കവാത്തും കൊണ്ട് പെട്ടന്നങ്ങ് കർസേവയുമായി അർത്തുങ്കൽ കടപ്പുറത്തോട്ട് ചെല്ലാത്തത് നല്ല തിരയായതുകൊണ്ടല്ല.

കേരളത്തിലെ മറ്റു പല പള്ളികളും തങ്ങളുടെ സവർണ ഹൈന്ദവ പാരമ്പര്യത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നവയാണ്. എന്നാൽ അർത്തുങ്കൽ പള്ളി പിന്നോക്ക വിഭാഗമായ ലാറ്റിൻ ക്രിസ്ത്യൻസിന്റേതാണ്. അര്‍ത്തുങ്കലില്‍ മതസ്പര്‍ദ്ധയുണ്ടാക്കുകയെന്നത് സംഘപരിവാറിൻറെ ദീർഘകാല അടിസ്ഥാനത്തിലുള്ള അജണ്ടയാണ്. സംഘപരിവാര്‍ മാധ്യമങ്ങളുപയോഗിച്ചാണ് ടിജി മോഹന്‍ദാസിന് സമാനമായി വര്‍ഗീയവിഷം ചീറ്റിയിരുന്നത്.

അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയിലെത്തി മാലയൂരുന്ന പതിവ് കാലങ്ങളായുണ്ട്. ശബരിമല ഓരോ വര്‍ഷവും പ്രശസ്തിയിലേയ്ക്കുയര്‍ന്നപ്പോള്‍ അര്‍ത്തുങ്കല്‍ പള്ളിയെ ബസിലിക്കയാക്കി ഉയര്‍ത്തിയെന്നും അത് ദൈവനിയോഗമായി ക്രിസ്ത്യാനികള്‍ പ്രചരിപ്പിക്കുയാണെന്നുമായിരുന്നു സംഘപരിവാര്‍ പ്രചാരണം

അര്‍ത്തുങ്കല്‍ പള്ളിയുമായി ബന്ധപ്പെട്ട യാതൊരുവിധത്തിലുമുള്ള ചരിത്രവും പന്തളം രാജ കുടുംബാംഗവുമായി ബന്ധപ്പെട്ട ചരിത്രത്തിലില്ലെന്നും പള്ളിയില്‍ അയ്യപ്പ ഭക്തന്മാര്‍ എത്തുന്നത് മതസ്പര്‍ദ്ധയ്ക്ക് ഇടയാക്കുമെന്നും. അയ്യപ്പനുമായുള്ള വിദേശ മിഷനറിയുടെ ബന്ധത്തിന്റെ പേരുപറയുകയും മൂന്നാമതൊരാളുടെ രൂപം പ്രതിഷ്ഠിച്ച് (സെന്റ് സെബാസ്റ്റ്യൻറ) അയ്യപ്പഭക്തരെത്തി വ്രതം അവസാനിപ്പക്കണമെന്ന് ക്രിസ്ത്യാനികള്‍ പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്ന ആരോപണങ്ങളും ജന്മഭൂമി നേരത്തെ ഉയര്‍ത്തിയിരുന്നു.പള്ളി പണിക്കിടെ അള്‍ത്താര പൊളിഞ്ഞുവീണതിനെത്തുടര്‍ന്ന് പരിഭ്രമിച്ചുപോയ പാതിരിമാര്‍ ജ്യോത്സ്യനെക്കണ്ട് പരിഹാരം ആരാഞ്ഞിരുന്നെന്നും, അവരുടെ ഉപദേശപ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്തുനിന്ന് അള്‍ത്താര മാറ്റിയെന്നുമാണ് മോഹന്‍ദാസ് ഉന്നയിച്ച വാദം . ക്രിസ്ത്യാനികള്‍ അമ്പലത്തിന്റെ സ്ഥാനത്ത് പള്ളി പണിതുയര്‍ത്തുകയായിരുന്നുവെന്നുമാണ് മോഹന്‍ദാസ് അവകാശപ്പെടുന്നത്. പഴയ ശ്രീകോവിനെ നോക്കിയാണ് അയ്യപ്പ ഭക്തര്‍ മാലയൂരുന്നതെന്നും മോഹന്‍ദാസ് പറഞ്ഞുവെയ്ക്കുന്നു. അര്‍ത്തുങ്കല്‍ പള്ളി എഎസ്‌ഐ ഉത്ഖനനം നടത്തിയാല്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനാകുമെനന്നായിരുന്നു ടി ജി മോഹൻദാസും സംഘ പരിവാറും അവകാശപ്പെട്ടത്.

ഈ വാദങ്ങളുടെയെല്ലാം പിന്നിൽ കുറെ ശരികളും കുറേ തെറ്റുകളും ഉണ്ട്. ഈ കഥകളിൽ പലതും പ്രചരിപ്പിച്ചതിനു പിന്നിൽ മതത്തിന്റെ വാണിജ്യ താത്പര്യങ്ങൾ മാത്രമാണ് സഭയ്ക്ക് ഉണ്ടായിരുന്നത് എങ്കിൽ. സംഘ പരിവാറിന് അത് രാഷ്ട്രീയ താത്പര്യമാണ് എന്നിടത്താണ് സംഘപരിവാർ അജണ്ടയെ കൂടുതൽ ഭയപ്പെടേണ്ടതും തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതും ഓരോ മതേതര വാദികളുടെയും കടമയായി മാറുന്നത്.

അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്നും ശിവക്ഷേത്രം വീണ്ടെടുക്കാനുള്ള ജോലിയാണ് ഇനി ഹിന്ദുക്കള്‍ ചെയ്യേണ്ടതെന്നുമായിരുന്നു സംഘപരിവാര്‍ പ്രചാരകന്‍ ടിജി മോഹന്‍ദാസിന്റെ അന്നത്തെ വാദം കേവലം വ്യക്തിപരമായ അഭിപ്രായമല്ല. അർത്തുങ്കലിൽ തന്നെ വർഗ്ഗീയ കലാപമുണ്ടാക്കാൻ നോട്ടമിട്ടതിന് ഒരു കാരണമേ ഉള്ളൂ. 1581 മുതൽ ഇന്നു വരെ ഹിന്ദുക്കളും ക്രിസ്ത്യാനികളും സാഹോദര്യത്തോടെ കാണുന്ന ഒരു പള്ളിയാണത്. ഈ സാഹോദര്യം പൊളിക്കുക മാത്രമാണ് ലക്ഷ്യം. ആ വർഗ്ഗീയ വിദ്വേഷം താമര വിരിയിക്കാൻ വളക്കൂറുള്ള മണ്ണാക്കി ചേർത്തലയേയും ആലപ്പുഴയെയും മാറ്റുക എന്നതായിരുന്നു സംഘപരിവാർ അജണ്ട. അതിനുള്ള കോപ്പുകൂട്ടൽ തൊട്ടപ്പുറത്തുള്ള ഇവന്മാരുണ്ടാക്കിയ ശിവപുരി കടപ്പുറത്ത് ഇപ്പോൾ നടന്നു വരുന്നുണ്ട് എങ്കിലും ആലപ്പുഴയുടെ മതേതര മനസ് അത് തിരിച്ചറിയുന്നതുകൊണ്ടാണ് ക്ലച്ചു പിടക്കാതെ പോകുന്നത്.