Wed. Feb 21st, 2024

✍️ ലിബി. സി.എസ്

ഞാൻ സഹോദരനെകുറിച്ച്‌ ഫെയ്‌സ്‌ബുക്കിൽ ഇട്ടിരുന്ന ഒരു പോസ്റ്റിൽ വന്ന ഒരു കമന്റാണ് ഈ കുറിപ്പിന് ആധാരം. അത് കമന്റ് ഇട്ടയാളുടെ മാത്രം അഭിപ്രായമല്ല. വേറെപലരും പറഞ്ഞു കേട്ടിട്ടുള്ളതിനാലാണ് ഇതിവിടെ പോസ്റ്റുന്നത്. അത്തരം ഒരു വ്യാജപ്രചരണം കുറെക്കാലമായി സനാതനികൾ പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോൾ അതിൻറെ നാസ്തിക വിഭാഗവും അതൊക്കെ ഏറ്റെടുത്തിട്ടുണ്ട്.

ശങ്കരനെയും, അയ്യാവൈകുണ്ഠ സ്വാമിയെയും, തൈക്കാട്ട് അയ്യാവിനെയും കോപ്പിയടിക്കുകയായിരുന്നു ഗുരുവും സഹോദരനും എന്നാണ് കമൻറ്. അയ്യാവൈകുണ്ഠ സ്വാമിയെയും, തൈക്കാട്ട് അയ്യാവിനെയും ഇകഴ്ത്താനല്ല ഈ കുറിപ്പ് എന്ന് ആദ്യം തന്നെ പറയെട്ടെ.

ആരോപണത്തിന് ഉദാഹരണമായി കാണിച്ചത് ഗുരുവിൻറെ “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന വാചകവും സഹോദരൻറെ ” ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്നവാചകവുമാണ്. ഇതിൽ ഗുരുവിൻറെ വാചകങ്ങൾ കോപ്പിയടിയാണെന്നും ഗുരു ആദി ശങ്കരൻ അയ്യാവൈകുണ്ഠ സ്വാമി, തൈക്കാട്ട് അയ്യവ്, ചട്ടമ്പി സ്വാമി തുടങ്ങിയ സനാതന ഗുരുപരമ്പരയുടെ തുടർച്ച മാത്രമാണെന്നും അത് ഗുരുവിൻറെ മൗലികമായ ഒരാശയമല്ലെന്നും മുൻപും ചില സനാതന വാദികളൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട് എങ്കിലും സഹോദരനെതിരെ ഇങ്ങനെ ഒരാരോപണം ആദ്യമായി കേൾക്കുകയാണ്. നാസ്തിക സംഘികളുടെ പുതിയ കണ്ടുപിടുത്തമാണെന്ന് തോന്നുന്നു.‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നത് ഈ രൂപത്തിൽ അല്ലെങ്കിലും മറ്റു പലഭാഷകളിലും പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ അവർ ഉദ്ദേശിച്ച അർത്ഥത്തിലല്ല നാരായണ ഗുരു അത് പ്രയോഗിച്ചതും. നാരായണ ഗുരുവിന്റെ ആത്മീയ രംഗത്തെ ഏറ്റവും വലിയ സംഭാവന ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് പറഞ്ഞതല്ല. ഇന്ത്യൻ മോക്ഷ സങ്കൽപ്പത്തിലേക്ക് “മോക്ഷം വ്യക്തിപരമാണോ സാമൂഹ്യമാണോ എന്ന വലിയ ചോദ്യം ഉന്നയിച്ച ഒരു ഇൻഡ്യൻ സന്യാസിയാണ് നാരായണഗുരു എന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ മഹത്വം. മോക്ഷം ക്ഷേത്രത്തിലാണോ, മോക്ഷം ധ്യാനത്തിലാണോ, മോക്ഷം യാഗത്തിലാണോ, മോക്ഷം ഹിമാലയത്തിലാണോ, …….. എന്നുതുടങ്ങി കുറെയധികം ചോദ്യങ്ങൾ ഉന്നയിക്കുകയും. (ആ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് കേരളത്തിൻറെ നവോത്ഥാന ചരിത്രം.) വ്യക്തിപരമായ മോക്ഷം എന്നൊന്നില്ലെന്ന് അതിന് ഉത്തരം പറയുകയും മോക്ഷം സാമൂഹ്യമാണെന്നും. അതിന് സാമൂഹ്യമായ പരിവർത്തനം സാമൂഹ്യമായ സ്വാസ്ഥ്യം എന്നൊക്കെയാണ് അർത്ഥമെന്നു പറയുകയും ചെയ്തതാണ് നാരായണ ഗുരുവിൻറെ ആത്മീയ രംഗത്തെ ഏറ്റവും വലിയ സംഭാവന. അതുകൊണ്ടാണ് സഹോദരനെപ്പറ്റി പരാതി പറയാൻ ചെന്നവരോട് ഞാൻ പറഞ്ഞത് അയ്യപ്പന് മാത്രമേ മനസിലായിട്ടുള്ളൂ എന്ന് ഗുരു പറഞ്ഞത്. അതു കൊണ്ടാണ് മരിച്ചാൽ എന്തുചെയ്യണം എന്ന് ചോദിച്ചപ്പപ്പോൾ “ചക്കിലിട്ടാട്ടി തെങ്ങിൻചുവട്ടിലിടൂ, നല്ല കായ്‌ഫലം കിട്ടും” എന്നും തൻറെ കാലശേഷം ഓർമ്മയ്‌ക്കായി എന്തുചെയ്യണം എന്ന് ചോദിച്ചവരോട് ‘ഒരു പുന്ന നടൂ’ എന്നും പറഞ്ഞത്. അത് പദാനുപദ അർത്ഥത്തിലെടുത്ത് ആരെയും ചക്കിലിട്ടാട്ടാൻ വേണ്ടി പറഞ്ഞതല്ല. മരണശേഷം ആത്മാവിൻറെ മോക്ഷത്തിനയി വലിയ പൂജകളും ‘തിലഹവനം’ പോലുള്ള ഹോമങ്ങളുമൊക്കെ നടത്തി പണം കളയേണ്ടതില്ല, ചത്താൽ തീർന്നു എന്ന് സൂചിപ്പിക്കാനായി പറഞ്ഞതാണ്. ഗുരു ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിൻറെ ഗൃഹസ്ഥ ശിഷ്യന്മാരും സന്യസ്ഥ ശിഷ്യന്മാരുമൊക്കെ മരിച്ചിട്ടുണ്ട്, അവരെയാരെയും ചക്കിലിട്ടാട്ടിയിട്ടില്ലല്ലോ? ഇതേകാരണത്താൽ തന്നെയാണ് സ്വാമിയേ…. അയ്യപ്പോ… അയ്യപ്പോ….സ്വാമിയേ സ്വാമിയെക്കണ്ടാൽ മോക്ഷം കിട്ടും…’ എന്നൊക്കെപറഞ്ഞു മുദ്രാവാക്യം വിളിച്ചു പോയവരെ ‘അയ്യപ്പൻ ദേ ഇവിടരുപ്പുണ്ടെന്നും, സ്വാമിയും ഉണ്ടെന്നും’ വിളിച്ചുപറഞ്ഞു ഗുരുവും സഹോദരനും കൂടി പരിഹസിച്ചത്. അതുകൊണ്ടുതന്നെയാണ് മറ്റെല്ലാ തീർത്ഥാടനങ്ങളും മോക്ഷം കിട്ടാനായി നടത്തപ്പെടുന്നവയായിരിക്കുമ്പോൾ ശിവഗിരി തീർത്ഥാടനം അറിവിൻറെ തീർത്ഥാടനം ആയിരിക്കണമെന്ന് ഗുരു നിർദ്ദേശിച്ചതും. അവിടെ ഭക്തിക്കച്ചടവും ആരവണക്കച്ചവടവുമൊക്കെയാണിപ്പോൾ നടക്കുന്നതെന്നത് വേറെകാര്യം. എന്തായാലും വഴക്കിന്റെപേരിലായാലും ഗുരുവിൻറെ മഹാസമാധിയെ തുടർന്ന് നടത്തേണ്ടിയിരുന്ന മോക്ഷദീപം തെളിക്കൽ ചടങ്ങു മുടങ്ങിപ്പോയതും അതിനുവേണ്ടി കൊണ്ടുവന്ന ടൺ കണക്കിന് പച്ചക്കറികളും പുഷ്പങ്ങളും എല്ലാം അവിടെക്കിടന്നു ചീഞ്ഞുപോയതും ഗുരുഹിതം തന്നെയെന്ന് ഗുരുവിനെപ്പറ്റി പഠിച്ചവർക്ക് സമാശ്വസിക്കാം.

വ്യക്തിപരമായ മോക്ഷം ഇല്ലെന്നും മോക്ഷം സാമൂഹ്യമാണെന്നും മുൻപ് പറഞ്ഞിട്ടുള്ളയാൾ പിന്നെ ബുദ്ധൻ ആണ്. “ബഹുജന ഹിതായ ബഹുജന സുഖായ” എന്ന ബുദ്ധ സങ്കൽപ്പം വേണമെങ്കിൽ ഇതിനോട് സാദൃശ്യമുള്ളതാണെന്നു പറയാം. കൂടാതെ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന വീരശൈവ വിഭാഗത്തിൽപ്പെട്ട ബസവണ്ണ (ബസവേശ്വരൻ)യുടെ ആശയങ്ങളുമായി എല്ലാകര്യങ്ങളിലുമല്ലെങ്കിലും ചിലകാര്യങ്ങളിലൊക്കെ പൊരുത്തമുള്ളവയാണ് നാരായണ ഗുരുവിന്റെ ചിന്താലോകവും എന്നുകാണാം. ബസവണ്ണയും വർണ്ണാശ്രമധർമ്മത്തിനെതിരെ തന്റെ തൂലിക ചലിപ്പിക്കുകയും ഒരു ജാതിരഹിത സമൂഹം കെട്ടിപ്പടുക്കുവാൻ ഉദ്യമിക്കുകയും ചെയ്തയാളാണ്. എന്നാൽ ഇന്ന് നിലവിലുള്ള ഒരുമതത്തോടും തനിക്ക് മമതയില്ലെന്നും. നാമായി ഒരുമതത്തിലും പെടുന്നില്ലെന്നും ഗുരു വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഇതേകുറിച്ച് വളരെ വിശദമായ ഒരു ലേഖനം പ്രൊഫ: എംഎൻ വിജയൻറെ സമ്പൂർണ്ണ കൃതികളിൽ ഉണ്ട്. നവോത്ഥാനം എന്ന പുരപൊളിക്കൽ പ്രക്രിയ ഇതിനെല്ലാം കരണക്കാക്കരനായ ദൈവത്തെ കയറിപിടിച്ചുകൊണ്ട് എങ്ങനെയാണ് ശ്രീനാരായണൻ തുടങ്ങിവെച്ചതെന്ന്. നവോത്ഥാനം ഒരു പുരപൊളിക്കൽ പ്രക്രിയയാണ്. പണിയുമ്പോൾ അടിത്തറ മുതൽ ആണ് പണിയേണ്ടത്. പക്ഷേ തകർക്കുമ്പോൾ മേൽക്കൂര മുതലാണ് തകർത്തു തുടങ്ങേണ്ടത്. ഇത് വളരെ കൃത്യമായ ഒരു വിപ്ലവ പ്രയോഗ രീതിയാണ്. നിങ്ങൾ അടിത്തറ തകർത്തിട്ട് മേൽക്കൂര തകർക്കാൻ ശ്രമിച്ചാൽ മേൽക്കൂര നിങ്ങളുടെ തലയിൽ പൊളിഞ്ഞുവീഴും എന്നുള്ളതാണ് മേൽക്കൂരയുടെ തത്വം. ആദ്യം തകർക്കേണ്ടത് മേല്ക്കൂരയാണെന്ന് ഗുരുവിന്റെ ശിഷ്യന് മനസിലായപ്പോഴാണ് ‘ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്’ എന്ന് പറഞ്ഞത്.അതുകൊണ്ടുതന്നെ ഒരു ശ്രീനാരയണ പ്രസ്ഥാനവും യഥാർത്ഥ ശ്രീനാരയണ ഗുരുവിനെ അവരുടെ അനുയായികൾക്കു മുൻപിൽ അവതരിപ്പിക്കില്ല. അങ്ങിനെ ചെയ്താൽ അതോടെ അവരുടെ ആത്മീയ കച്ചവട സ്ഥാപനങ്ങളൊക്കെ പൂട്ടേണ്ടിവരും. ഗുരുവിൻറെ ആ നിലപാട് ഇന്ന് നിലവിലുള്ള എല്ലാമത സങ്കല്പങ്ങൾക്കും എതിരാണ്. അതുകൊണ്ടാണ് നാരായണഗുരു ഒരു ഹിന്ദു സന്യാസി അല്ലെന്ന് ഹൈക്കോടതി അസന്നിഗ്ദ്ധമായി പറഞ്ഞത്. ഒരു തൈക്കാട്ട് അയ്യാവും വൈകുണ്ഠ സ്വാമിയും ചട്ടമ്പിയും ശങ്കരനുമൊന്നും അങ്ങെനെ പറഞ്ഞിട്ടില്ല. അവർക്ക് അങ്ങനെ പറയാൻ പറ്റില്ല.

അതല്ലാതെ ഒരാൾ അയാളുടെ ആദ്യകാലത്ത് നേടിയ നിലവിലുള്ള അറിവുകൾ പറയുന്നതല്ല അയാളുടെ ദർശനം എന്നുപറയുന്നത്. നിലവിലുള്ള അറിവിനെ പരിചയിക്കുകയും പരിവർത്തിപ്പിക്കുകയും പുതിയ ഒന്ന് നിർമ്മിക്കുകയും ചെയ്യുന്നതിനാണ് പഠനം എന്നുപറയുന്നത്. അതാണ് ഇന്നും പിഎച്ച്ഡിക്കൊക്കെ സാങ്കേതികമായി ചെയ്യുന്നത്. നിലവിലുള്ള അറിവിനെ പരിചയപ്പെടുത്തുകയാണ് ഗൈഡ് ചെയ്യുന്നത്. വിദ്യാർത്ഥി അതുവെച്ച് പുതിയ അറിവ് നിർമ്മിക്കുകയാണ്.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നത്‌ എന്ന് എവിടെ പറഞ്ഞതാണെന്ന് അറിയാത്തവരാണ് അത് കോപ്പിയടിച്ചതാണെന്നൊക്കെ പറഞ്ഞുനടക്കുന്നത്. ‘അതിലും നിലവിലുണ്ടായിരുന്നതിനെ പരിവർത്തിക്കുകയാണ് ഗുരു ചെയ്തത്. നാരായണഗുരു ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് മാത്രമല്ല പറഞ്ഞത് അതുകഴിഞ്ഞു ബാക്കി വരികൾ അവർ പറഞ്ഞോ?’ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതിൽ…..” എന്നത് തുടരുകയാണ്. അത് തൈക്കാട്ട് അയ്യവും വൈകുണ്ഠസ്വാമിയും ചട്ടമ്പിയും ശങ്കരനുമൊന്നും പറഞ്ഞ അർത്ഥത്തിലല്ല ഗുരു പറഞ്ഞതെന്ന് ബാക്കിവായിച്ചാൽ മനസിലാകും. ഹിന്ദുവിന് യോനിയിൽക്കൂടി അല്ലല്ലോ പ്രസവിക്കുന്നത്. വിചിത്രമായ രീതിയിൽ വേറെ നാല് സ്ഥലത്തുകൂടിയാണല്ലോ? അതിനെയാണ് ഗുരു ഖണ്ഡിക്കുന്നത് അല്ലാതെ മറ്റവർ പറഞ്ഞതുപോലെ caste (സമുദായം) അല്ല ഗുരു ഉദ്ദേശിച്ചത്. സഹോദരനോ നമ്മളോ ജാതി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്ന അർത്ഥത്തിലല്ല ഗുരു തൻറെ കൃതികളിൽ ജാതി എന്ന വാക്ക് പ്രയോഗിച്ചിട്ടുള്ളത്. സംസ്കൃതത്തിൽ ‘ജാതി’യുടെ അർത്ഥം എന്താണെന്ന് നോക്കൂ ജന്മ രീതി എന്നാണ്. അതിന് ശേഷം മനുഷ്യന് മനുഷ്യത്വമാണ് മതം എന്നോ, മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്നോ നേരത്തേ സൂചിപ്പിച്ച മഹാന്മാർക്ക് പറയാൻ പറ്റില്ല, കാരണം അവർ സനാതനത്തിൻറെ ഉള്ളിൽനിന്നാണ് ഇതൊക്കെ പറഞ്ഞത്. ഗുരുവിൻറെ ജാതിലക്ഷണം വായിച്ചാൽ അത് കുറച്ചുകൂടി വ്യക്തമാകും.

ഗുരു സഹോദരൻറെ മിശ്രഭോജനാനന്തരം ഇറക്കിയ മഹാസന്ദേശം ശ്രദ്ധിച്ചു വായിച്ചാലും അത് മനസിലാകും. “മനുഷ്യരുടെ മതം, വേഷം, ഭാഷ വസ്ത്രധാരണരീതി മുതലായവ എങ്ങിനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല എന്ന് നാരായണഗുരു(ഒപ്പ്)” ശ്രദ്ധിക്കുക അവരുടെ ജാതി ഒന്നായതുകൊണ്ട് എന്നാണതിൽ പ്രയോഗിച്ചിട്ടുള്ളത്.പിന്നെ കമന്റിൽ സൂചിപ്പിച്ച സഹോദരൻ അയ്യപ്പൻറെ ‘ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്’ എന്നതും അദ്ദേഹത്തിൻറെ ധർമ്മം എന്ന ഒരു കവിതയിലെ ഒരു വരിമാത്രമാണ്. അത് മുദ്രാവാക്യമാക്കിയത് അന്നത്തെ യുക്തിവാദികളാണ്. അതെവിടാനാണ് കോപ്പിയടിച്ചതെന്ന് നാസ്തിക മഹാൻ പറഞ്ഞിട്ടുമില്ല. ചാർവാകന്മാരെയാണോ എന്തോ? ഇന്ന് സഹോദരൻ അയ്യപ്പൻ സനാതന മനുവാദി ഫാഷിസ്റ്റുകളാലും യുക്തിവാദത്തിൻ്റെ മുഖംമൂടി ധരിച്ച കാപട്യക്കാരാലും അപമാനിക്കപ്പെടുകയാണ്. അതുസ്വാഭാവികമാണ്. സനാതനികൾക്ക് ഒരിക്കലും പൊരുത്തപ്പെടാൻ പറ്റാത്ത മൂന്നുപേരാണ് ഡോ. അംബേദ്‌കറും പെരിയാറും സഹോദരൻ അയ്യപ്പനും. അവർ അവരുടെ ജോലി ചെയ്യട്ടെ. ഇവിടുത്തെ കീഴാള ജനതയെ സംബന്ധിച്ച് സഹോദരൻ അയ്യപ്പൻ്റെ ആശയങ്ങളെ സംവാദപരമാക്കിയും ഉയർത്തികാട്ടിയും അദ്ദേഹത്തെ വീണ്ടെടുക്കുക എന്നതാണ് ഈ കാലഘട്ടത്തിൻ്റെ ആവശ്യം. എന്തായാലും ഗുരുവിൻറെയും സഹോദരന്റെയുമൊക്കെ ആശയങ്ങൾ സനാതനികളുടെ ഗുരുപരമ്പരയിൽ പെട്ട നാരായണഗുരുവും സഹോദരനുമൊക്കെ അംഗീകരിക്കാത്ത ആ സനാതന ഗുരുപരമ്പരയുടേത് കോപ്പിയടിച്ചതാണെന്നൊക്കെ പറയുന്നത് സംഘികളേക്കാൾ വലിയ നാറിത്തരം മാത്രമാണ്. അത് പെരിയാർ ‘ഞങ്ങളൊക്കെ തന്തയ്ക്കും തള്ളയ്ക്കുമാണ് ഉണ്ടായത്’ എന്ന് നാടൻ ഭാഷയിൽ പറഞ്ഞത് ഗുരു കുറച്ച് കാവ്യാത്മകമായ ഭാഷയിൽ പറഞ്ഞു എന്നേയുള്ളൂ.

ഗുരുവിൻറെ എസ്എൻഡിപിയെ തള്ളിപ്പറയൽ

ഗുരു ജാതിയും മതവും ഉപേക്ഷിച്ചത് പരസ്യമായി പത്രപ്രസ്താവന നടത്തിയാണ്. എന്നാൽ എസ്എൻഡിപി യോഗത്തെ തള്ളിപ്പറഞ്ഞിട്ടിട്ടുള്ളത് പരസ്യമായിട്ടല്ല. രഹസ്യമായി ഡോക്ടർ പൽപ്പുവിന് ഒരു കത്തയക്കുകയായിരുന്നു.” എൻറെ ഡോക്ടർ അവർകൾക്ക്….” എന്നുതുടങ്ങുന്ന ആ കത്ത് യോഗത്തിൽ ജാത്യാഭിമാനം വർദ്ധിച്ചതുകൊണ്ട് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കുകയാണ് ഉദ്ദേശിച്ചത് എന്നുവേണം മനസിലാക്കാൻ. പിന്നീട് ജീവചരിത്രങ്ങളിൽ ഗുരുവിൻറെ ലെറ്ററുകൾക്കൊപ്പം ആ കത്തും ചേർക്കുകയും കൂടാതെ എസ്എന്ഡിപിയുമായുണ്ടായ ശിവഗിരി കേസിൽ സന്യാസി സംഘം ഇത് കോടതിയിൽ ഹാജരാക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ഒക്കെ ചെയ്തതുകൊണ്ടാണ് അത് പുറംലോകം അറിഞ്ഞത്.

ഗുരു വെറുതെ തള്ളിപ്പറഞ്ഞാൽ അദ്ദേഹത്തിന് നിയമപരമായി ഉള്ള എസ്എന്ഡിപിയുമായുള്ള ബന്ധം പോകില്ല. അതിന് എസ്എൻഡിപിയുടെ അംഗങ്ങൾ തന്നെ വിചാരിക്കേണ്ടി വരും. എസ്എൻഡിപി അന്നത്തെ കമ്പനി ആക്റ്റ് അനുസരിച്ച് രജിസ്റ്റർ ചെയ്ത ഒരു സംഘടനയാണ്. അതിൻറെ ഭരണഘടനയിൽ നാരായണഗുരു അതിൻറെ ആയുഷ്കാല പ്രസിഡന്റ് ആയിരിക്കും എന്നാണ് ഉള്ളത്. നാരായണഗുരു സമാധിയാകുന്നതിന് മുൻപ് അവസാനം പങ്കെടുത്ത പൊതുപരിപാടിയും ആലപ്പുഴ പള്ളാത്തുരുത്തിയിൽ നടന്ന എസ്എൻഡിപിയോഗത്തിൻറെ വാർഷികത്തിലാണ്. ആ വാർഷികത്തിൽ ഗുരുവിൻറെ കാലശേഷം പ്രസിഡന്റ് ആക്കാൻ ബോധാനന്ദ സ്വാമിയെ വൈസ്പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. കേസെല്ലാം ഗുരുവിന്റെയും ബോധാനന്ദന്റെയും കാലശേഷം സ്വത്തിനുവേണ്ടി ഉണ്ടായതാണ്. ഇന്ന് ഗുരു ജീവിച്ചിരുന്നെങ്കിൽ ചിലപ്പോൾ പരസ്യമായി തള്ളിപ്പറഞ്ഞേനേ എന്നത് വേറെകാര്യം!