Wed. Nov 25th, 2026

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസില്‍ നടപടി സ്വീകരിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അലംഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. മിന്നല്‍ ഹര്‍ത്താലിന്റെ ഭാഗമായി നടത്തിയ അക്രമ സംഭവങ്ങളില്‍ പി എഫ് ഐ ഭാരവാഹികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിലാണ് ഡിവിഷന്‍ ബഞ്ച് കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. ഉത്തരവിനോട് സര്‍ക്കാര്‍ അനാദരവ് കാട്ടുകയാണെന്ന് കോടതി പറഞ്ഞു. റവന്യൂ റിക്കവറി നടപടികള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി.

അടുത്ത വെള്ളിയാഴ്ച ആഭ്യന്തര വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരായി സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസാണ് കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചത്.

ഹര്‍ത്താലിനിടെയുണ്ടായ ആക്രമണങ്ങളില്‍ 5.2 കോടി രൂപ നഷ്ട പരിഹാരത്തുക രണ്ടാഴ്ചക്കുള്ളില്‍ കെട്ടിവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സെപ്തംബര്‍ 29നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. തുക കെട്ടിവച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനായിരുന്നു കോടതി നിര്‍ദേശം.