അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട ലഘുലേഖ കൈവശം വച്ചതിന് സി പി എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ പാര്‍ട്ടി പ്രമേയം പാസാക്കി. ലഘുലേഖയോ നോട്ടീസോ കൈവശം വക്കുന്നതിനെതിരെ യു എ പി എ ചുമത്താനാകില്ലെന്ന് പ്രമേയത്തില്‍ പറഞ്ഞു. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന രീതിയിലുള്ള നടപടി പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സി പി എം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്.
എസ് എഫ് ഐ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായിരുന്ന തിരുവണ്ണൂര്‍ സ്വദേശി അലന്‍ ശുഹൈബ് (19), പന്തീരാങ്കാവ് സ്വദേശി താഹ ഫൈസല്‍ (25) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് മാവോവാദി വേട്ടക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുക എന്ന് ആഹ്വാനം ചെയ്യുന്ന നോട്ടീസ് പിടിച്ചെടുത്തിരുന്നു.
നടി സജിത മഠത്തിലിന്റെ സഹോദരീ പുത്രനായ അലന്‍ ശുഹൈബ് (19) ന്റേത് പാർടി കുടുംബം ആണ്. നിയമ വിദ്യാർത്ഥിയായ അലൻ പാർടി അംഗം ആകാനുള്ള പ്രായം പോലും ആകും മുമ്പ് പാർടി അംഗം ആയ ആളാണ്. ഇപ്പോഴും സിപിഐ എം അംഗം. സജിതയുടെ അമ്മ മരണം വരെ സിപിഐ എം അംഗമായിരുന്നു. പാർടി പതാക പുതച്ച്, അലൻ അടക്കമുള്ള പാർടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് സാവിത്രി ടീച്ചറെ ചിതയിലേക്ക് വച്ചത്. മരണാനന്തര ചടങ്ങ് പാർടി നടത്തിയ അനുസ്മരണ യോഗം മാത്രം. ജീവിതകാലം മുഴുവൻ പാർടി പ്രവർത്തക ആയിരുന്ന സാവിത്രി ടീച്ചർ പാവപ്പെട്ടവരുടെ കൂടെ ജീവിച്ചു പ്രവർത്തിക്കുന്നതിനായി കല്ലായിയിൽ നിന്നു മാറി മാനാരിപ്പാടത്തെ ചേരിയോട് ചേർന്ന് വീട് വച്ചു.
മുഖ്യമന്ത്രി ആകുന്നതിന് മുൻപുള്ള ഭൂതകാലത്തിലെ സഖാവ് പിണറായി വിജയനൊക്കെ അറിയാവുന്ന ആളായിരുന്നു സാവിത്രി ടീച്ചർ. അലൻറെ അച്ഛൻ ശുഐബ് കുറ്റിച്ചിറയിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. പിണറായി- വിഎസ് ഗ്രൂപ്പ് തർക്കത്തിൽ പിണറായി പക്ഷക്കാരൻ ആയിരുന്നു. തർക്കം കഴിഞ്ഞപ്പോൾ, അതു മടുത്തു പാർടി അംഗത്വം ഉപേക്ഷിച്ചു. ഇപ്പോഴും പാർടി അനുഭാവി.
അലൻറെ അമ്മ സബിത അദ്ധ്യാപികയാണ്. സജീവ കെ എസ് ടി എ പ്രവർത്തക. കെ എസ് ടി എ കോഴിക്കോട് ജില്ലാകമ്മിറ്റി അംഗം. സജിതയും സിപിഐ എം അംഗവും സജീവ പ്രവർത്തകയും ആയിരുന്നു.

ഈ കുടുംബത്തിലെ എല്ലാവരെയും സി എച്ച് കണാരൻ മന്ദിരത്തിൽ ഇരിക്കുന്ന എല്ലാവർക്കും അറിയാം. അത്തരം ഒരു കുടുംബത്തിലെ ഒരു ടീനേജറെ ആണ് ഒരു മാവോയിസ്റ്റ് നോട്ടീസിൻറെ ഒരു കോപ്പി കയ്യിൽ കണ്ടു എന്ന പേരിൽ അറസ്റ്റ് ചെയ്ത്, ഇരുമ്പ് വിലങ്ങിട്ട് രാവിലെ നാലു മണിക്ക് പൊലീസ് വീട്ടിൽ കൊണ്ടുവരുന്നത്. അപ്പോൾ ഒരു രാഷ്ട്രീയ സ്വാധീനവും ഇല്ലാത്ത ഒരു സാധാരണ കുടുംബത്തിലെ ഒരു കുട്ടിയാണെങ്കിലോ?
യു എ പി എ കരിനിയമമാണ്, പിൻവലിക്കണം എന്നാണ് സിപിഐ (എം) നയം. കയ്യിൽ കിട്ടിയ നോട്ടീസ് കൈവശം വയ്ക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ് യു എ പി എ ചുമത്താവുന്ന കുറ്റം ആവുന്നത്? ഇനി നാളെ കേരളത്തിലെ സി പി എം സഖാക്കൾ എന്തു പറയണമെന്ന് പോലീസ് എഴുതിത്തരുമായിരിക്കും. ഇനിയെങ്കിലും ചെങ്കൊടി താഴെ വെയ്ക്കൂ. കാവിക്കൊടി പിടിയ്ക്കൂ എന്ന് കോഴിക്കോടുകാരായ സിപിഎം ന്റെ പാർട്ടിപ്രവർത്തകർ തന്നെ പറയാൻ തുടങ്ങിയിരിക്കുന്നു.
