Wed. Apr 24th, 2024

ബലാത്സംഗക്കേസിലെ പ്രതിയായ ഫ്രാങ്കോ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ച മാനന്തവാടി രൂപതാംഗം സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ സന്ന്യാസി സമൂഹവും രംഗത്ത്.ലൂസി സഭാ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റൺ സന്യാസിനി സഭ ആരോപിച്ചു. തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സമരത്തിന് പോയതെന്നും ഇതിന്റെ പേരിൽ നടപടിയെടുത്തിട്ടില്ലെന്നും സന്യാസിനി സഭ വ്യക്തമാക്കി. എന്നാൽ നേരത്തെ സിസ്റ്റർ ലൂസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സന്യാസിനി സമൂഹം പറയുന്നു.

സന്യാസിനി എന്ന നിലയിൽ സിസ്റ്റർക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ഇടവക വികാരിയും നേരത്തെ അറിയിച്ചിരുന്നു. സിസ്റ്റർ ലൂസി സമരത്തിൽ പങ്കെടുത്തതിൽ വിശ്വാസികൾക്ക് അതൃപ്തിയുണ്ട്. സിസ്റ്റർക്കെതിരെ നടപടി എടുക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം മദർ സുപ്പീരിയർ വഴി സിസ്റ്റർ ലൂസിയെ അറിയിക്കുക മാത്രമാണ് ചെയ്തത്. ഇതിനെയാണ് നടപടിയെടുത്തെന്ന തരത്തിൽ വ്യാഖ്യാനിക്കുന്നതെന്നും ആയിരുന്നു ഇടവക വികാരിയുടെ വിശദീകരണം.

അതേസമയം, തനിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന വിശദീകരണം അടിസ്ഥാന രഹിതമാണെന്ന് സിസ്റ്റർ ലൂസി വ്യക്തമാക്കി. പറയുകയല്ല വിലക്കിക്കൊണ്ട് ഉത്തരവ് ഇടുകയാണ് മദർ സുപ്പീരിയർ ചെയ്തത്. വിശ്വാസികളുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നും ഇടവകയിൽ നിന്ന് നൂറിലധികം പേർ ഇതിനോടകം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് ലൂസി കളപ്പുര കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ എത്തിയത്. വീഴ്ചകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ സഭ തയാറാകണമെന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലൂസി കളപ്പുര പറഞ്ഞിരുന്നു.

 

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622