Sun. Nov 22nd, 2026

അന്തർ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായ കൊച്ചിയിലെ കന്യാസ്ത്രീമാരുടെ സമരം വിജയത്തില്‍ എത്തിച്ചതില്‍ മുഖ്യ കണ്ണിയായത് ചേർത്തല പള്ളിപ്പുറം സ്വദേശി വര്‍ഗീസ്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരസ്യമായി രംഗത്തിറങ്ങിയ സിസ്റ്റര്‍ അനുപമയുടെ പിതാവാണു പള്ളിപ്പുറം കേളമംഗലത്തുവെളി കെ.എം. വര്‍ഗീസ്(68).

കൊച്ചിയില്‍ സമരം തുടങ്ങിയ അന്നുമുതല്‍ മകള്‍ക്കും സഹപ്രവര്‍ത്തകരായ കന്യാസ്ത്രീമാര്‍ക്കും താങ്ങുംതണലുമായി അദ്ദേഹവും കുടുംബാംഗങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ നേടിയത് 25ശതമാനം വിജയം മാത്രമാണെന്നും കന്യാസ്ത്രീകള്‍ക്ക് പൂര്‍ണമായും നീതി ഉറപ്പിച്ച ശേഷമേ പോരാട്ടത്തില്‍നിന്നു പിന്മാറുകയുള്ളൂവെന്നു വര്‍ഗീസ് പറഞ്ഞു.

ബിഷപ്പിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് സംസാരിക്കുമ്പോൾ വിതുമ്പിപ്പോയ അനുപമയെ ചേർത്ത് പിടിക്കാൻ ആ വേദിയിൽ തന്നെ വർഗീസുണ്ടായിരുന്നു. ചേർത്തല പള്ളിപ്പുറത്ത് കച്ചവടക്കാരനായ വർഗീസിൻറെ നാല് മക്കളിൽ ഒരാളാണ് അനുപമ. നാലാം ക്ളാസ് മുതൽ കന്യാസ്ത്രീയാവാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നവൾ. സ്കൂൾ പഠനം കഴിഞ്ഞ് ബന്ധുവായ വൈദികൻറെ സഹായത്താൽ ജലന്തറിലെത്തി. അവിടത്തെ പഠനശേഷമാണ് സന്യാസവസ്ത്രം അണിഞ്ഞത്. അവിടെ സഭയുടെ തന്നെ സ്കൂളുകളിൽ പഠിപ്പിക്കുകയായിരുന്നു.

ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ നാവായാണു സിസ്റ്റര്‍ അനുപമ പ്രവര്‍ത്തിച്ചത്. ഒരു വര്‍ഷം മുമ്പാണു കന്യാസ്ത്രീ പീഡനത്തിനിരയായ വിവരം മകള്‍ വഴി അറിഞ്ഞതെന്നു വര്‍ഗീസ് പറഞ്ഞു. അന്നു തുടങ്ങിയതാണു നീതിക്കുവേണ്ടിയുള്ള പോരാട്ടം. അനുനയിപ്പിക്കല്‍, ഭീഷണി, പോലീസ് കേസ് പലതരത്തിലുള്ള ഭീഷണികള്‍ ഉണ്ടായെങ്കിലും തളരാതെ പോരാട്ടം തുടരുകയായിരുന്നു.

പീഡനത്തിനിരയായ കന്യാസ്ത്രീ വര്‍ഗീസിനൊപ്പമാണു കര്‍ദിനാളിനു പരാതി നല്‍കാന്‍ പോയത്. 2017 നവംബര്‍ 23നാണു കര്‍ദിനാളിനെ കണ്ടത്. ആദ്യം പരാതി തയാറാക്കി കര്‍ദിനാളിനു തപാലില്‍ അയച്ചിരുന്നു.

കന്യാസ്ത്രീകളുടെ ജീവന്‍പോലും അപകടത്തിലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ് ഫ്രാങ്കോയുടേത് ഭീഷണിയുടെ സ്വരമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി ഒരു പെൺകുട്ടികൾക്കും ഈ അവസ്ഥ ഉണ്ടാകരുത് അതിനാൽ ഏതറ്റം വരെയും ഈ കേസുമായി മുന്നോട്ടുപോകുമെന്നും സിസ്റ്റർ അനുപമയുടെ പിതാവ് പറഞ്ഞു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622