സണ്ണി എം കപിക്കാടിന്റെ യൂട്യൂബ് പ്രഭാഷണം സംവരണ വിരുദ്ധർ ചേർന്ന് റിപ്പോർട്ട് ചെയ്തു പൂട്ടിച്ചു. കേരളത്തിൽ ജാതി വിവേചനങ്ങൾ ഒറ്റപ്പെട്ടതാണെന്നും ജാതീയമായ ഉച്ചനീചത്വങ്ങളല്ല സമൂഹത്തിൽ നിലനിൽക്കുന്നതെന്നും ‘കാലഹരണപ്പെട്ട’ ജാതി സംവരണം എടുത്തുകളയണമെന്നും ജാതിവാലുകൾ പ്രദർശിപ്പിക്കുന്നവർക്കല്ല അത് അനുചിതമെന്ന് വിമർശിക്കുന്നവർക്കാണ് കുഴപ്പം എന്നും സവർക്കറും സഹോദരൻ അയ്യപ്പനും ഇരട്ടപെറ്റ സഹോദരരാണെന്നും സാമുദായിക സംവരണം എന്നത് ‘ചെന്നായ നീതി’യാണ് എന്നും മറ്റുമുള്ള കാഴ്ചപ്പാടുകൾ പൊതു വേദികളിലും സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന യുക്തിവാദികളിലെ ഒരു വിഭാഗമാണ് സണ്ണി എം കപിക്കാടിന്റെ പ്രഭാഷണം റിപ്പോർട്ട് ചെയ്തു പൂട്ടിച്ചത്.
എന്നാൽ വ്യാപകമായ പ്രതിഷേത്തെ തുടർന്ന് എസെൻസ് ഫ്രീതിങ്കേഴ്സ് ഡയറി എന്ന സംഘടന സംഭവത്തിൽ ക്ഷമാപണം നടത്തി. സംവരണ വിഷയത്തിൽ ഫ്രീതിങ്കേഴ്സ് ചാനലിൽ വന്ന ശ്രീ സണ്ണി കപികാടിന്റെ വീഡിയോ എസ്സെൻസ് ക്ലബ് റിപ്പോർട്ട് ചെയ്തതതായി കാണപ്പെട്ടതിനെ തുടർന്ന് നീക്കം ചെയ്യുവാൻ ഇടയായത്തിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എസ്സെൻസ് ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ഇന്ത്യന്‍ ഭരണഘടനക്ക് ഗുരുതരമായ വെല്ലുവിളി വലതുപക്ഷ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് ഉണ്ടാവുന്ന കാലഘട്ടത്തില്‍, ഇടതുപക്ഷവും പുരോഗമനകാരികളുമാണെന്ന് പറയുന്നവരും ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം.ജാതി സംവരണം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാറും സവർണ സംഘടനകളും രാജ്യമാകെ നുണ പ്രചാരണങ്ങളും സമരങ്ങളും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് സംവരണം എടുത്തുമാറ്റണമെന്നു പറഞ്ഞ് കേരളത്തിലെ യുക്തിവാദികൾക്കിടയിലെ ഒരു വിഭാഗം രംഗത്തുവന്നിരുന്നത്.
ഇത്തരം അഭിപ്രായങ്ങൾ മുന്നോട്ട് വച്ചുകൊണ്ട് പ്രമുഖ യുട്യൂബ് യുക്തിവാദിയും എഴുത്തുകാരനുമായ സി. രവിചന്ദ്രൻ ചില വിചിത്ര വാദങ്ങൾ അവതരിപ്പിച്ചിരുന്നു. സംവരണ സമവാക്യങ്ങൾ എന്നപേരിൽ പാലക്കാട്ടും ജാതിപ്പൂക്കൾ എന്നപേരിൽ കൊച്ചിയിലും എസ്സെൻസ് എന്ന പേരിലുള്ള ഫ്രീ തിങ്കേഴ്സ് സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് രവിചന്ദ്രൻ തന്റെ തികച്ചും പ്രതിലോമകരമായ വാദങ്ങൾ മുന്നോട്ട് വച്ചത്.
ഈ വാദങ്ങൾക്ക് മറുപടിയായാണ് സണ്ണി എം കപിക്കാട് ഫ്രീതിങ്കേഴ്സ് യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചിരുന്നത്. ഈ വീഡിയോയെ ആക്രമിച്ചുകൊണ്ട് യുക്തിവാദികളടക്കം കമന്റുകളുമായി രംഗത്തെത്തിയിരുന്നു. രവിചന്ദ്രനെതിരെ സംസാരിച്ചതിന് തെറിവിളികളടക്കം നടത്തിക്കൊണ്ടായിരുന്നു രവിചന്ദ്ര ഭക്തരുടെ ആക്രമണം. അതിന് തൊട്ടുപിന്നാലെയാണ് വീഡിയോ റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചത്.

“രവിചന്ദ്രനോട് വ്യക്തിപരമായ ഒരു കാര്യമല്ല അദ്ദേഹം പറഞ്ഞ കാര്യത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞിട്ടുള്ളത്. സ്വതന്ത്ര ചിന്തകൻ എന്ന് സ്വയം പദവി വഹിച്ച ആളെന്ന നിലക്കും ജാതി മത വർഗ വർണ്ണ ഭേദമില്ലാതെ ഹോമോസാപ്പിയൻ ആണെന്ന് സ്വയം പ്രഖ്യാപിച്ച ആളെന്ന നിലയ്ക്കും അദ്ദേഹം ആ കാര്യത്തിനുള്ള മറുപടിയാണ് പറയേണ്ടത്. അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങനെയാണല്ലോ ചർച്ച നടക്കേണ്ടത്. അതിനുപകരം എന്റെ വീഡിയോ ഡിലീറ്റ് ചെയ്യുകയാണ് ചെയ്യേണ്ടതെന്ന് ഞാൻ വിചാരിക്കുന്നില്ല” എന്ന് സണ്ണി എം കപിക്കാട് പറഞ്ഞു.
കുറ്റവാളി സമൂഹം കീഴാളജാതികളാണ് എന്നതാണ് അദ്ദേഹത്തിന്റെ യുക്തിയെന്ന് സണ്ണി എം കപിക്കാട് പറഞ്ഞു. അതൊരു സവർണ്ണ യുക്തിയാണ്. സോഷ്യൽ മീഡിയയിലെ ഓഡിയൻസിനകത്ത് ഇറങ്ങിയ ഒരു വിഡിയോ എന്ന നിലയ്ക്കും വളരെ നിരുത്തരവാദിത്തപരമായ വീഡിയോ എന്ന നിലയ്ക്കും അതിനോട് നടത്തിയ ഒരു പ്രതികരണം എന്ന നിലയിൽ ഒരു അഭിപ്രായം രേഖപ്പെടുത്തുകയാണ് ഞാൻ ചെയ്തത്. അതിന് ആ വീഡിയോ നിരോധിക്കണം എന്ന് ആവശ്യപ്പെടുകയല്ലല്ലോ ചെയ്യേണ്ടത്. അതുമായി ബന്ധപ്പെട്ട എന്റെ പ്രതികരണത്തിന് മറുപടിയാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അതിന് സി രവിചന്ദ്രനെ താൻ വെല്ലുവിളിക്കുകയാണെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
ജാതി, ജാതി സംവരണം, കീഴാള നവോത്ഥാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേരളത്തിനകത്തു നിരന്തരം സംവദിച്ചുകൊണ്ടിരിക്കുകയും കേരളത്തിൽ ദളിതർ ആദിവാസികൾ ഉൾപ്പെടെയുള്ളവർ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സണ്ണി എം കപിക്കാട്. മുത്തങ്ങ വിഷയം ഉൾപ്പെടെ പത്തിരുപതു വർഷക്കാലമായി ദളിത് ആദിവാസി മേഖലകളിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തികൂടിയാണദ്ദേഹം.
സംവരണ വിഷയത്തിൽ രവിചന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും മുന്നോട്ടു വച്ച വാദഗതികൾക്കെതിരെ സംവാദവുമായി യുക്തിവാദികളിൽതന്നെ ഒരു വിഭാഗം രംഗത്തെത്തുകയും ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ അതുമായി ബന്ധപ്പെട്ട് സംവാദങ്ങളും വാഗ്വാദങ്ങളും നടക്കുകയും ചെയ്തിരുന്നു. സംവരണത്തെ അനുകൂലിക്കുന്ന നിലപാടെടുത്ത യുക്തിവാദി സംഘടനയായ കേരള ഫ്രീതിങ്കേഴ്സ് ഫോറത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് സണ്ണി എം കപിക്കാട് മറുപടിയുമായി രംഗത്തെത്തിയിരുന്നത്.
വീഡിയോ നിരോധിച്ചത് ശബ്ദം വികലമാക്കിയത് കൊണ്ടോ കോപ്പിറൈറ്റ് കൊണ്ടോ അല്ല മറുപടി ഇല്ലാത്തത് കൊണ്ടാണ് എന്ന് വ്യക്തമാണ്.എന്തുകൊണ്ടാണ് രവിയുടെ യുക്തി സവർണയുക്തി ആയിരിക്കുന്നത് ജാതി വ്യവസ്ഥയെ കീഴാളന്റെ പ്രശ്നമായി അവതരിപ്പിച്ചു എന്നതാണ്. ആ യുക്തിയുടെ പ്രശ്നം. ഇത് തന്നെ തത്തയെ പോലെ രവി അനുകൂലികൾ ആവർത്തിക്കുന്നു.ആ നിലക്കുള്ള മറുപടിയാണ് സണ്ണി എം കപിക്കാടിന് കൊടുക്കേണ്ടത്.അത് തന്നെയാണ് സണ്ണി എം കപിക്കാട് ചോദിക്കുന്നത്. കൃത്യമായ മറുപടി പറയു.
