കഴിഞ്ഞ 10 ദിവസമായി നടത്തിവരുന്ന തപാൽ – ആർ.എം.എസ്. ജീവനക്കാരുടെ അനിശ്ചിതകാല സമരം താത്കാലികമായി നിറുത്തിവച്ചു. ചീഫ് പി.എം.ജി.യുടെ നിർദ്ദേശപ്രകാരം ഡയറക്ടർ ഓഫ് പോസ്റ്റൽ സർവ്വീസസ് സയിദ് റഷീദുമായി സംഘടനാ ഭാരവാഹികൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം നിറുത്തിവയ്ക്കാൻ എൻ.എഫ്.പി.ഇ - എഫ്.എൻ.പി.ഒ. സംഘടനകൾ തീരുമാനിച്ചതെന്ന് ഭാരവാഹികളായ ജോൺസൺ ഡി.ആവോക്കാരൻ, പി.കെ.മുരളീധരൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഒത്തുതീർപ്പ് ചർച്ചയിൽ 30 ദിവസത്തിനകം ജി.ഡി.എസ്. വേതനപരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് തപാൽ വകുപ്പ് സെക്രട്ടറി എ.എൻ.നന്ദ അറിയിച്ചതായി സംഘടനകൾക്ക് രേഖാമൂലം ഉറപ്പ് നൽകി. ചർച്ചയുടെ വിശദാംശങ്ങൾ അടങ്ങിയ രേഖകളും ഒപ്പുവച്ചു. പണിമുടക്കിനെ തുടർന്ന് തപാൽ മേഖലയിൽ സൃഷ്ടിക്കപ്പെട്ട സ്തംഭനാവസ്ഥ മൂലം പൊതുജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ട് പരിഗണിച്ച് വ്യക്തമായ ഉറപ്പ് ലഭിച്ചതിനാൽ സമരം താൽക്കാലികമായി മാറ്റിവയ്ക്കാൻ സംയുക്ത സമരസമിതി തീരുമാനിക്കുകയായിരുന്നു.
എത്രയുംവേഗം ജോലിയിൽ തിരികെ പ്രവേശിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ തീർത്ത് സർവ്വീസ് പുനരാരംഭിക്കുവാൻ പരമാവധി പരിശ്രമിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. നിശ്ചിതസമയത്തിനകം ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് എൻ.എഫ്.പി.ഇ-എഫ്.എൻ.പി.ഒ. സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
കോൺഗ്രസിന്റെയും ഇടതുയൂണിയനുകളുടെയും നേതൃത്വത്തിലുള്ള എഫ്. എൻ.പി.ഇ. എൻ.എഫ്. പി.ഒ. തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിലാണ് സമരം തുടങ്ങിയത്. എന്നാൽ കേരളത്തിന് പുറത്ത് ഇൗ സംഘടനകൾ അത്ര ശക്തമല്ലാത്തതിനാൽ കേരളത്തിലാണ് തപാൽ സമരത്തിന്റെ ദുരന്തം അനുഭവിക്കേണ്ടി വന്നത്. കേന്ദ്രഭരണ കക്ഷിയായ ബി.ജെ. പി.യുമായി ബന്ധമുള്ള ബി.എം.എസ്. യൂണിയനുകൾ സമരത്തിൽ പങ്കെടുക്കുന്നില്ല.
21 നാണ് സമരം തുടങ്ങിയത്. സംസ്ഥാനത്ത് സമരം ആദ്യദിവസം മുതൽ തന്നെ പൂർണ്ണമായിരുന്നു. തപാൽ വിതരണവും കടത്തും സ്പീഡ് പോസ്റ്റ്, മണി ട്രാൻസ്ഫർ, ആർ.എം.എസ്, സേവിംഗ്സ് ബാങ്ക്, തുടങ്ങി അഡ്മിനിസ്ട്രേഷൻ വിഭാഗം വരെ സ്തംഭിച്ചിരുന്നു. അത്യാവശ്യ വിഭാഗങ്ങളെപ്പോലും സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നുമില്ല. അതുകൊണ്ട് തന്നെ അടിയന്തിര പ്രാധാന്യമുള്ള കത്തുകളും അറിയിപ്പുകളും പോലും കിട്ടാത്ത സാഹചര്യമായിരുന്നു സംസ്ഥാനത്ത്. തുടർന്ന് സമരം ഒത്തുതീർപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.