Fri. Nov 6th, 2026

അഞ്ചു വര്‍ഷമായി മലയാളി കുടുംബപ്രേക്ഷകരുടെ മനസു കീഴടക്കിരുന്ന ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് അവസാനിക്കുന്നു. പരിപാടിയുടെ അവതാരകനായ രമേഷ് പിഷാരടി ഫേസ്ബുക്കിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്. പരിപാടിയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷരുടെ മനസില്‍ ഇടംനേടിരുന്നു. നടനും എംഎല്‍എയുമായ മുകേഷിന്റെ സമയക്കുറവും മണ്ഡലത്തില്‍ സജീവമാകാനുള്ള തീരുമാനമാണ് പരപാടി അവസാനിപ്പിക്കാന്‍ കാരണമെന്നാണ് വിവരം.

ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെച്ച് രംഗത്തുവന്നിരിക്കുകയാണ് ഷോയില്‍ പിഷാരടിയുടെ ഭാര്യയായി വേഷമിട്ട ആര്യ. പരിപാടി നിര്‍ത്തുന്ന കാര്യം തന്നെ അറിയിച്ചില്ലെന്നും ഷൂട്ട് ചെയ്ത് വെച്ച രണ്ടുമൂന്നു എപ്പിസോഡുകള്‍ ടെലികാസ്റ്റ് ചെയ്യുമോ എന്നു തന്നെ അറിയില്ലെന്നും ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തില്‍ ആര്യ പറഞ്ഞു. പരിപാടി നിര്‍ത്തുക എന്നാല്‍ വളരെ വിഷമകരമായ കാര്യമാണ് ഇത് എന്റെ കരിയറിലെ നാഴികക്കല്ലായിരുന്നു. ധാരാളം പേര്‍ ഷോ നിര്‍ത്തരുതെന്നാവശ്യപ്പെട്ട് മെസേജ് അയച്ചു. ആര്യ പറഞ്ഞു.

നടന്‍ മുകേഷ്, രമേഷ് പിഷാരടി, ആര്യ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നിരുന്ന പരിപാടി പലപ്പോഴും റേയ്റ്റിങ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ കയറിയിരുന്നു. പരിപാടി അവസാനിപ്പിക്കുന്ന വിവരം സംവിധായകനും മിമിക്രികലാകാരനുമായ രമേഷ് പിഡാരടി തന്നെയാണ് പുറത്തുവിട്ടത്. ഇനി സംപ്രേഷണം ചെയ്യാനുള്ള രണ്ട് എപ്പിസോഡുകള്‍ കൂടി അവസാനിച്ചാല്‍ ‘ബഡായി ബംഗ്ലാവ്’ അവസാനിക്കുമെന്നും 5 വര്‍ഷമായി റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ അഭിമാനവും സന്തോഷവും തരുന്നെന്നും പിഷാരടി പറഞ്ഞു

ഡയാന സില്‍വസ്റ്ററായിരുന്നു പരിപാടിയുടെ പ്രെഡ്യൂസര്‍, മുകേഷ്, ആര്യ, പ്രസീദ, ധര്‍മ്മജന്‍, മനോജ് ഗിന്നസ് തുടങ്ങിയവരാണ് ബഡായി ബംഗ്ലാവിലെ പ്രധാനതാരങ്ങള്‍. സൂപ്പര്‍ ഹിറ്റ് പരിപാടിയായിരുന്ന സിനിമാലക്ക് ശേഷമാണ് ബഡായി ബംഗ്ലാവ് എഷ്യാനെറ്റ് ആരംഭിച്ചത്. ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റായ കോമഡി നൈറ്റ് വിത്ത് കപില്‍ എന്ന് പരിപാടിയില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടാണ് 2013ല്‍ ബഡായി ബംഗ്ലാവ് ആരംഭിച്ചത്.

സിനിമാ മേഖലയിലും സംഗീത മേഖലയിലേയും പ്രതിഭകളെ ഈ പരിപാടികളില്‍ ഗസ്റ്റായും കൊണ്ടു വന്നിരുന്നു. മോഹന്‍ലാല്‍ അടക്കം സിനിമാ മേഖലയിലെ പ്രധാനപ്പെട്ട താരങ്ങളെ എല്ലാം ഈ പരിപാടിയില്‍ ഗസ്റ്റായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്കും അത് ആവേശമായി. പിഷാരടിയുടെ അമ്മായി ആയി പ്രസീദയും വേലക്കാരനായ ധര്‍മജനും മനോജ് ഗിന്നസുമെല്ലാം ഈ കോമഡി പരിപാടിയെ എപ്പോഴും ലൈവായി നിര്‍ത്തിയിരുന്നു.