കൊച്ചി: കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവത്തിൽ നിലപാട് ആവർത്തിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ. വിദ്യാർഥികൾ പരീക്ഷ എഴുതണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാൽ വെല്ലുവിളിയുടെ സ്വഭാവത്തിലേക്ക് അവർ പോവുകയാണെന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു.

വിദ്യാർഥികൾ തിരിച്ചെത്തി പഠനം തുടരണമെന്നാണ് ആഗ്രഹം. കാമ്പസിനകത്തോ പുറത്തോ നടക്കുന്ന സമരങ്ങളോട് വിയോജിപ്പില്ല. എന്നാൽ അക്രമത്തെ അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നതാണ് സുപ്രീംകോടതിയുടെ ഇടപെടൽ. വിദ്യാർഥികൾ നൽകിയ ഹർജി ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി സിംഗിൾ ബെഞ്ചിന് കൈമാറി. വിഷയം അടിയന്തരമായി തീർപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ ഹാജർനില ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചായിരിക്കും ഹൈക്കോടതിയുടെ തീരുമാനം.
ഹർജികളിൽ വിദ്യാർഥികൾ വിജയിച്ചാൽ വീണ്ടും പരീക്ഷ നടത്താമെന്ന് സർവകലാശാല സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് അനുകൂലമായ ഉത്തരവുണ്ടായാൽ അവരുടെ താൽപര്യം സംരക്ഷിക്കപ്പെടണമെന്നും അച്ചടക്കനടപടി സ്വീകരിക്കാൻ സർവകലാശാലയ്ക്ക് അധികാരമുണ്ടെങ്കിലും വിദ്യാർഥികളുടെ കരിയർ അവസാനിക്കരുതെന്നും കോടതി നിരീക്ഷിച്ചു.
65 ശതമാനത്തിലധികം ഹാജർ ഉണ്ടെന്നും ഹൈക്കോടതിയിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാർഥികൾ പ്രതികരിച്ചു.
Content Highlights: Higher Education Minister Roji M John reiterated that suspended Kalady University students should write exams but rejected violence. The Supreme Court directed the High Court single bench to urgently decide on the students’ petition. The university agreed to re-conduct exams if the court orders in favor.


