Fri. Apr 19th, 2024

ആരാധനായലയങ്ങളുടെ മറവിൽ നടത്തുന്ന ആയുധപരിശീലനം തടയാൻ ആവശ്യമെങ്കിൽ നിയമ നിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നതിനെ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷത്ത് നിന്ന് വി.ഡി.സതീശനാണ് വിഷയം സഭയുടെ ശ്രദ്ധയിൽപെടുത്തിയത്. ഭക്തിയുടെ മറവിൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പോലും ആയുധ പരീശീലനം നടത്തുന്നുവന്ന് സതീശൻ ആരോപിച്ചു.

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും അതുപോലെ തന്നെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും ആർ.എസ്.എസുകാർ ദണ്ഡ് ഉപയോഗിച്ച് പരിശീലനം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇത്തരം അനധികൃത ആയുധ പരിശീലത്തെ കുറിച്ച് വിവരം നൽകുന്നവരെ സർക്കാർ സംരക്ഷിക്കും. ആയുധ പരിശീലനം സംബന്ധിച്ച വിവരം നൽകുന്നവരെ കുറിച്ചുള്ള വിവരങ്ങൾ പൊലിസുകാർ ചോർത്തി കൊടുത്തതായി മനസിലാക്കാനായിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പല ക്ഷേത്രങ്ങളിലും ആർ.എസ്.എസ് നേതൃത്വത്തിൽ ശാഖകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവിടെ ആയുധപരിശീലനം നടക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.