ഹോളി ആഘോഷിച്ചതിന്‍റെ പേരില്‍ ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെയും അനധ്യാപകനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കോളേജിലെ അധ്യാപകനായ മുഹമ്മദ് നിഷാദ്, ലാബ് അസിസ്റ്റന്‍റ് എ പി ഇബ്രാഹിം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആയുധവുമായി സംഘം ചേരല്‍, കമ്പ്, കല്ലുകൊണ്ടുള്ള ആക്രമണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇരുവര്‍ക്കും നേരെ ചുമത്തിയും. ഇരുവരെയും രണ്ട് പേരുടെ ജാമ്യത്തില്‍ വിട്ടതായി ഫറോക്ക് പൊലീസ് അറിയിച്ചു. കാറ് കയറ്റി കൊല്ലാന്‍ ശ്രമിച്ചു എന്ന അനധ്യാപകന്‍റെ പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ മാസം പതിനഞ്ചിന് ആയിരുന്നു ഹോളി ആഘോഷിച്ചതിന് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പട്ടിക, പൈപ്പ് തുടങ്ങിയവ കൊണ്ടായിരുന്നു അക്രമം. വിദ്യാര്‍ത്ഥികളെ തല്ലുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. അധ്യാപകരുടെ ആക്രമണത്തില്‍ ഷഹാബ്, ഷെഹീം ഫഹ്മി, നവാസ്, അനീസ് തുടങ്ങി എട്ടോളം പേര്‍ക്കാണ് പരിക്കേറ്റത്. ഷഹാബിന്‍റെ കണ്ണിനും ഷെഹീമിന്‍റെ കൈക്കും ഏറ്റ പരിക്ക് ഗുരുതരമാണ്.

സംഭവത്തില്‍ അധ്യാപകരായ നിഷാദ്, ഷാജിര്‍, യൂനസ് എന്നിവര്‍ക്കെതിരെയും കോളെജ് ജീവനക്കാരനായ ഇബ്രാഹിം കുട്ടിക്കും കണ്ടാലറിയാവുന്ന മറ്റ് അധ്യാപകര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. എസ് ഐ എ രമേശ് കുമാറിന്‍റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളെജ് അധികൃതര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുത്തിരുന്നു. കമ്മീഷന്‍ നാളെ റിപ്പോര്‍ട്ട് നല്‍കും.
പെണ്‍കുട്ടികളെ അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ച കോളെജിലെ തന്നെ അധ്യാപകന്‍ ജൗഹര്‍ മുന്‍വീറിനെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്നലെ കോളെജ് മാനേജ്‌മെന്റിന് പരാതി നല്‍കിയിട്ടുണ്ട്. ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായ അധ്യാപകന്റെ ‘വത്തക്കാ’ പരാമര്‍ശത്തില്‍ പ്രതിഷേധങ്ങളും ഉണ്ടായി. പെണ്‍കുട്ടികളെ അപമാനിച്ചതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം അധ്യാപകനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.