Thu. Mar 28th, 2024

തെലങ്കാനയില്‍ സാവിത്രി ഭുലെയുടെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായി. തെലങ്കാനയിലെ രാജണ്ണ സിര്‍സില ജില്ലയില്‍ സ്ഥാപിച്ചിരുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താണ് സാവിത്രി ഭുലെയുടെ അര്‍ദ്ധകായ പ്രതിമയാണ് തകര്‍ത്തത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പി പരാതി നല്‍കി. മണ്ഡല്‍ റവന്യൂ ഓഫീസിലാണ് പരാതി നല്‍കിയത്. പ്രതിമ തകര്‍ത്തത് ദളിതര്‍ക്കെതിരായ ആക്രമണമാണെന്നും ഉടന്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ബി.എസ്.പി നേതാവ് ലിംഗബള്ളി മധുകര്‍ ആവശ്യപ്പെട്ടു.

നേരത്തെ തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ പെരിയാര്‍ ഇ.വി രാമസ്വാമിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തിരുന്നു. പുതുക്കോട്ടയില്‍ സ്ഥാപിച്ച പെരിയാര്‍ പ്രതിമയുടെ തല അറുത്ത് മാറ്റുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമകള്‍ തകര്‍ക്കണമെന്ന് ബി.ജെ.പി നേതാവ് എച്ച്. രാജ ആഹ്വാനം ചെയ്തിരുന്നു. ഇതേതുടര്‍ന്ന് തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ പെരിയാര്‍ പ്രതിമകള്‍ ആക്രമിക്കപ്പെട്ടിരുന്നു.

ഇത് സംബന്ധിച്ച വിവാദങ്ങള്‍ കെട്ടടങ്ങി വരികെയാണ് വീണ്ടും പ്രതിമ ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ആര്‍.എസ്.എസ് നിര്‍ദ്ദേശമനുസരിച്ചാണ് രാജ്യത്ത് പ്രതിമകള്‍ തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

അതിനിടെ പെരിയോറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സി.ആര്‍.പി.എഫ്. ജവാന്‍ അറസ്റ്റില്‍.സൈനികനായ സെന്തില്‍കുമാറാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെയാണ് പെരിയാറിന്റെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലായിരുന്നു. മദ്യലഹരിയിലാണ് താന്‍ പ്രതിമ തകര്‍ത്തതെന്ന് അറസ്റ്റിലായ സൈനികന്‍ സമ്മതിച്ചിട്ടുണ്ട്.ഇയാള്‍ സ്വമേധയാ പ്രതിമ തകര്‍ക്കുകയായിരുന്നോ അതോ മറ്റാരുടെയെങ്കിലും നിര്‍ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.