Sat. Nov 21st, 2026

കീഴാറ്റൂരിലെ വയല്‍ക്കിളി സമരം പാര്‍ട്ടി ഏറ്റെടുത്തേക്കുമെന്ന് സൂചന നല്‍കി സി.പി.ഐ. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് നാളെ കീഴാറ്റൂരിലെത്തും. ഇന്ന് ചേര്‍ന്ന എ.ഐ.വൈ.എഫ് സംസ്ഥാന നേതൃയോഗമാണ് വയല്‍ക്കിളി സമരക്കാര്‍ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാളെ കീഴാറ്റൂരിലെത്തുന്നത്.

സി.പി.എമ്മിന്റെ ഒരു വിഭാഗമാണ് കീഴാറ്റൂര്‍ ബൈപാസിനെതിരെ സമരം നടത്തുന്നത്. ഇവര്‍ക്ക് തുടക്കം മുതല്‍ സി.പി.ഐ പിന്തുണ നല്‍കിയിരുന്നു. നാളെ സമര പന്തലില്‍ നേരിട്ടെത്തുന്നതോടെ വിവിധ വിഷയങ്ങളില്‍ ഇതുവരെയുണ്ടായിരുന്ന സി.പി.എം-സി.പി.ഐ ഭിന്നത കീഴാറ്റൂര്‍ സമരത്തിലേക്കും വ്യാപിക്കുകയാണ്. വയല്‍ക്കിളികള്‍ക്ക് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് എ.ഐ.വൈ.എഫ് കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു. കാനത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് എ.ഐ.വൈ.എഫ് സംഘം കീഴാറ്റൂരിലേക്ക് പോകുന്നതെന്നാണ് സൂചന.

അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ കടന്നു പോകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങി വികസനത്തിന് തടയിടാന്‍ സാധ്യമല്ല. അനാവശ്യ എതിര്‍പ്പുകള്‍ക്ക് പാര്‍ട്ടി വഴങ്ങില്ലെന്നും സിപിഎമ്മുകാര്‍ എതിര്‍ത്തെന്ന് പറഞ്ഞ് വികസനം നിര്‍ത്തണോയെന്നും ചോദിച്ചു. വി.ഡി സതീശന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ വയല്‍ക്കിളികളല്ലെന്നും അവര്‍ വയല്‍ക്കഴുകന്‍മാരാണെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ തുറന്നടിച്ചിരുന്നു. ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരാണ് സമരം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.