Sun. Feb 25th, 2024

ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരും മരിച്ചതായുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. നാലു വര്‍ഷങ്ങളായി ഈ വിവരം തങ്ങളില്‍നിന്ന് മറച്ചുവെക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

നാലുവര്‍ഷമായി അവര്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് വിദേശകാര്യമന്ത്രി തങ്ങളോട് പറഞ്ഞിരുന്നത്. അവര്‍ മരിച്ചുപോയതായി ഇപ്പോള്‍ പറയുന്നു. ഏതാണ് വിശ്വസിക്കേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ല.

പാര്‍ലമെന്റില്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയതായി അറിഞ്ഞതല്ലാതെ ഞങ്ങള്‍ക്ക് ഇതു സംബന്ധിച്ച് ഒരു വിവരവും നല്‍കിയിട്ടില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇറാഖിലെ മൊസൂളില്‍നിന്ന് 2014ല്‍ ഐഎസ് തീവ്രവാദികളുടെ പിടിയില്‍പ്പെട്ട 40 ഇന്ത്യന്‍ തൊഴിലാളികളില്‍ 39 പേരും കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം സുഷമ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞിരുന്നു.

ഒരാള്‍ രക്ഷപ്പെട്ടിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ ഇന്ത്യക്കാരുടേത് തന്നെയെന്ന് സ്ഥിരീകരിച്ചത്. പഞ്ചാബ്, ഹിമാചല്‍, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ അധികം പേരും.