Fri. Mar 29th, 2024

ശമ്പള വർദ്ധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പ്രഖ്യാപിച്ചിരുന്ന കൂട്ട അവധി സമരം പിൻവലിച്ചു. ശമ്പള വർദ്ധനവ് ഈ മാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് നഴ്സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) പ്രതികരിച്ചു.

എന്നാൽ ചേർത്തല കെ.വി.എം ആശുപത്രിയിലെ സമരം തുടരുമെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.നഴ്സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം മാര്‍ച്ച് 31ന് മുമ്പ് പുറപ്പെടുവിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ശമ്പള പരിഷ്കരണത്തിന്‍റെ കരട് വിജ്ഞാപനം 2017 നവംബര്‍ 16നാണ് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പ്രതിമാസ മിനിമം വേതനം 20,000 രൂപ ഉറപ്പുവരുത്തി കൊണ്ടാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്.

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ എടുത്ത തീരുമാന പ്രകാരമാണ് വേതന പരിഷ്കരണം നടപ്പാക്കുന്നത്. ചേര്‍ത്തല കെ.വി.എം. ആശുപത്രിയിലെ പ്രശ്നം പരിഹരിക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ ആറിന് ചൊവ്വാഴ്ച സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. മിനിമം വേജസ് കമ്മിറ്റി ചൊവ്വാഴ്ച തന്നെ യോഗം ചേര്‍ന്നു വേതന പരിഷ്കരണത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

മുഖ്യമന്ത്രി അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി, തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ലേബര്‍ കമീഷണര്‍ എ. അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗ തീരുമാനങ്ങള്‍ സമരം പ്രഖ്യാപിച്ച നഴ്സുമാരുടെ സംഘടനാ പ്രതിനിധികളെ സര്‍ക്കാര്‍ അറിയിച്ചതിനെ തുടർന്നാണ് സമരം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

ശമ്പള പരിഷ്കരണ വിഷയത്തിലെ സർക്കാർ ഇടപെടലിൽ തൃപ്തിയുണ്ടെന്ന് യു​നൈ​റ്റ​ഡ്​ ന​ഴ്​​സ​സ്​ അ​സോ​സി​യേ​ഷ​​ൻ (യു.​എ​ൻ.​എ) നേതാവ് ജാസ്മിൻ ഷാ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും വിളിച്ചതായും ശമ്പള പരിഷ്ക്കരണം ഉൾപടെയുള്ള കാര്യങ്ങളിൽ അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും ജാസ്മിൻ ഷാ വ്യക്തമാക്കി.

മാ​ർ​ച്ച്​ അ​ഞ്ചു ​മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്​ ന​ട​ത്തു​മെ​ന്ന്​ നേ​ര​ത്തേ പ്രഖ്യാപിച്ചിരുന്നെ​ങ്കി​ലും ഹൈ​കോ​ട​തി ഇ​ട​പെ​ട്ട്​ താ​ൽ​കാ​ലി​ക​മാ​യി വി​ല​ക്കിയിരുന്നു. തു​ട​ർ​ന്ന് ആ​റു​ മു​ത​ൽ അ​വ​ധി​യെ​ടു​ത്ത്​ പ്ര​തി​ഷേ​ധി​ക്കാ​ൻ യു.​എ​ൻ.​എ തീരുമാനിച്ചത്. ചേ​ർ​ത്ത​ല കെ.​വി.​എം ആ​ശു​പ​ത്രി​യി​ലെ സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക, ശ​മ്പ​ള​പ​രി​ഷ്​​ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കു​ക, അ​ടി​സ്​​ഥാ​ന​ശ​മ്പ​ളം 20,000 രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ പരിഹരിക്കാൻ മാനേജ്മെന്‍റ് തയാറാകാത്ത സാഹചര്യത്തിലാ​ണ്​ ​നഴ്സുമാർ സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്.