ലിബി.സി .എസ്
കേരളയുക്തിവാദിസംഘം ആലപ്പുഴ ജില്ലാ കമ്മറ്റി ചേർത്തലയിൽ വെച്ച് മാർച്ച് 10 ന് നങ്ങേലി സ്മൃതി ദിനം ആചരിക്കാൻ തീരുമാനിക്കുകയും ഒരു ചരിത്ര സെമിനാർ സംഘടിപ്പിക്കപ്പെടുകയും ചെയ്തതോടെ ഇതിനോട് അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം അഭിപ്രായങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഉയർന്നു കഴിഞ്ഞു. അതിനെ ഒരു വിവാദമാക്കാതെ സംവാദമാക്കാനാണ് ഞങ്ങൾ ഇവിടെ ശ്രമിക്കുന്നത്. സംവാദത്തിൽ നിന്നാണ് അറിവ് നിർമ്മിക്കപ്പെടുക,വിവാദത്തിൽ നിന്നല്ല.അനുകൂലമായും പ്രതികൂലമായും വന്ന പല അഭിപ്രായങ്ങളും ഉയർന്ന നിലവാരം പുലർത്തുന്നവയുമാണ്.അവയിൽ മറുപടി അർഹിക്കുന്നവയ്ക്ക് മറുപടി നൽകാനുംവിഷയാവതരക്കാർക്ക് ഈ സ്നേഹ സംവാദം ഉപകരിക്കട്ടെ.
ദരിദ്രന്റെയും ദലിതന്റെയും ചോരയും വിയര്‍പ്പും കണ്ണീരും കൊണ്ട് നനഞ്ഞ സമ്പത്തിന്മേലാണല്ലോ എന്നും അധികാരത്തിന്റെ ദന്തഗോപുരങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. എത്രയൊക്കെ തമസ്കരിച്ചാലും നിശ്ശബ്ദരാക്കപ്പെട്ട ആയിരക്കണക്കിനു നങ്ങേലിമാര്‍ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും.
ആലപ്പുഴ ജില്ലയിൽ ചേർത്തല പട്ടണത്തിൽ നിന്നും ഒരുകിലോമീറ്റർ ദൂരത്തിൽ മാത്രം സ്ഥിതി ചെയ്യുന്ന മലച്ചി പറമ്പിൽ താമസിച്ചിരുന്ന നങ്ങേലി രക്ത സാക്ഷിത്വം വരിച്ചത് 1803ൽ ശ്രീമൂലം തിരുനാളിൻറെ കാലത്താണ്. മുലക്കരം പിരിച്ചെടുക്കുന്നതിനായി പ്ര്വൃത്തിയാർ നങ്ങേലിയുടെ വീട്ടിൽ എത്തി.പ്രത്യേകിച്ച് ഭാവം ഒന്നും കൂടാതെ ഗൃഹ നാഥയായ നങ്ങേലി വിളക്ക് കൊളുത്തിവെച്ചു സമീപം വഴയില തയാറാക്കി വച്ചു.തൻറെ കൊയ്ത്തരിവാൾ കൊണ്ട് മുല രണ്ടും മുറിച്ച് നായ്ക്കിലയിൽ വച്ച് പുറകോട്ടു വീണ് രക്തം വാർന്ന് ആ ധീര വനിത മരിച്ചു.നങ്ങേലിയെ ദഹിപ്പിച്ച ചിതയിൽ ചാടി ഭർത്താവ് കണ്ടപ്പൻ ആത്മാഹൂതി ചെയ്തു.
കാട്ടുതീ പോലെ ഈ ദാരുണ വാർത്ത തിരുവിതാങ്കൂർ മുഴുവൻ പടർന്നു പിടിച്ചു.തുടർന്ന് തിരുവിതാന്കൂറിൽ മുലക്കരം നിർത്തലാക്കി.കേരള ചരിത്രത്തിലെ അസമാനമായ ഈ സംഭവം നടന്ന ഈ പ്രദേശത്ത് ഒരു സ്മാരകം പോലും ഇതുവരെ നിർമിച്ചിട്ടില്ല.ചരിത്രത്തിൽ നിന്നും തമസ്കരിക്കപ്പെട്ട ജാതി വിരുദ്ധ സമരത്തിൻറെ ഈ ഉജ്വല പാരമ്പര്യം സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് കൂടിയാണ്.
ചേർത്തലയിലെ പൂഴിമണ്ണിൽ ആണ്ടു കിടന്ന ചരിത്ര ധൂളികളെ മാന്തിയെടുത്ത് പൊടിമണ്ണു ചേർത്ത് സ്വന്തം ചരിത്ര ബോധമണ്ഡലത്തിലിട്ട് സ്നേഹമൊഴിച്ച് കുഴച്ച് സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമായി മാറാനുള്ള ചൈതന്യം ആവാഹിച്ചു നൽകി, നവ മാധ്യമത്തിലെ മനുഷ്യ സ്നേഹികളുടെ ഹൃത്തടത്തിലിട്ട് വളർത്തി വലുതാക്കി വിട്ട ത് പ്രമുഖ ചിത്രകാരൻ ടി.മുരളി ആയിരുന്നു.
ചിത്രങ്ങൾ വെറും അലങ്കാരങ്ങളും മസാലക്കൂട്ടുകളുമല്ല, സാംസ്കാരിക നവീകരണത്തിൽ ചിത്രങ്ങൾക്ക് മുഖ്യമായ പങ്കുണ്ടെന്നും, ചിത്രം ഒരു കലാകാരന്റെ ചിന്തകളുടെ ഇരിപ്പിടമാണെന്നും വിശ്വസിക്കുകയും സ്ഥാപിക്കുകയും ചെയ്ത ചിത്രകാരനാണ് ടി.മുരളി. ഒരു വലിയ സാംസ്കാരിക തിരിച്ചറിവിന്റെ വഴിത്തിരിവിൽ തന്റേതായ ചില അടയാളപ്പെടുത്തലുകൾ അദ്ദേഹം ഇതിനകം നടത്തിക്കഴിഞ്ഞു.
അക്കാദമിക് ചരിത്രത്തിനു അപ്പുറം തമ്സ്കരിക്കപ്പെട്ട കീഴാള ജനതയുടെ ചരിത്രവും സംസ്കാരവും പഠനവിധേയമാക്കേണ്ടതും അതിൻറെ പുനർരചന നിർവഹിക്കേണ്ടതും നാം ഓരോരുത്തരുടെയും കടമയാണ്.അതിൽ ഈ കലഘട്ടത്തിൽ ഏറ്റവും നിസ്തുലമായ സംഭാവന നൽകിയ ചിത്രകാരനാണ് ടി. മുരളി.
ലോകചരിത്രത്തിൽതന്നെ വിചിത്രമായ ഒരു നികുതി നിഷേധത്തിൻറെ ധീരവും വികാരഭരിതവുമായ ഒരു പെൺ പ്രതിഷേധത്തിന്റെ കഥ 2 നൂറ്റാണ്ടിനു ശേഷം ലോകമാധ്യമ ശ്രദ്ധ നേടിയത് അദ്ദെഅഹത്തിന്റെ ഇടപെടലിലൂടെ ആയിരുന്നു. ബി ബി സി പോലും നങ്ങേലിയുടെ കഥ വാർത്തയാക്കി.
‘നങ്ങേലിയുടെ വിഗ്രഹം’ മലയാളികളുടെ പൊതുബോധത്തിൽ ഇപ്പോൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു !!
ഭക്തജനങ്ങൾ വിഗ്രഹത്തെ പൂജിക്കാനാരംഭിക്കുമ്പോൾ പെരുന്തച്ഛന് അവിടെ നിന്നു തിരിയേണ്ട കാര്യമില്ല. ശാന്തിക്കാർക്കും തന്ത്രി തിരുമേനിമാർക്കും ചരിത്ര തിരുമനസ്സുകൾക്കും അയിത്തമാകരുതല്ലോ. അഹമ്മദ് ലഹോരിക്ക് സ്വന്തം കൈകളാണ് നഷ്ടപ്പെട്ടത്. നമ്മുടെ സാംസ്കാരിക ബോധം ഇന്നും അതിലപ്പുറം വളർന്നിട്ടില്ല .
തരിസാപ്പള്ളി ശാസനത്തിൽ “മുലൈവില” എന്നാണിത് അറിയപ്പെടുന്നത്. മാനുഷയാവയവങ്ങൾക്കു വരെ നികുതി ഏർപ്പെടുത്തിയ തിരുവിതാങ്കൂറിലെ പൊന്നു തമ്പുരാന് വേണ്ടി നികുതിപിരിക്കാൻ വന്ന പ്രവൃത്ത്യാർക്ക് മുന്നിൽ തന്റെ മാറിടം മുറിച്ചുനല്‍കി പ്രതിഷേധിച്ച് മരിക്കുകയായിരുന്നു നങ്ങേലി.മരണ വാർത്തയറിഞ്ഞെത്തിയ നങ്ങേലിയുടെ ഭർത്താവ് കണ്ടപ്പനും നങ്ങേലിയെ ദഹിപ്പിച്ച ചിതയിൽ ചാടി മരിച്ചു.ഈ കീഴാള ചരിത്രം പശ്ചാത്തലമാക്കി അക്രിലിക്കിലാണ് മുരളി ചിത്രരചന നടത്തിയത്. ഇംഗ്ലീഷ് പത്രങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ബി .ബി.സി. ഇദ്ദേഹവുമായി ബന്ധപ്പെടുന്നത്.തുടർന്നായിരുന്നു അന്ന് വിശദമായ വാർത്ത നനൽകിയത്.
എങ്ങനെയാണ് നമ്മേക്കാൾ മാനവിക ബോധമുള്ള സാംസ്കാരിക സമൂഹം നങ്ങേലിയുടെ ത്യാഗത്തെ രേഖപ്പെടുത്തിയത് എന്ന് തിരിച്ചറിയാൻ ബിബിസി ന്യൂസ് കാണുക.
നിങ്ങളുടെ അനുകൂലമായോ പ്രതികൂലമായോ ഉള്ള അഭിപ്രായങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
നങ്ങേലിയുടെ ജീവത്യാഗം? ഈ സംഭവം നടന്നത് ചേര്‍ത്തലയിലല്ല. ആ സ്ത്രീയുടെ പേര് നങ്ങേലി എന്നുമല്ല: മനോജ് ബ്രൈറ്റ് .

നങ്ങേലി എന്നൊരു സ്ത്രീ നടത്തിയതായി പറയുന്ന ജീവത്യാഗം പ്രസിദ്ധമാണല്ലോ. മുലക്കരം എന്നു പേരുള്ള ഒരു കരം ഒടുക്കാന്‍ വഴികാണാതെ അവര്‍ സ്വന്തം സ്തനങ്ങള്‍ മുറിച്ചു കളഞ്ഞു എന്നാണു കഥ.
ഇപ്പോള്‍ ഇതാ കേരള യുക്തിവാദി സംഘം കുറെ ബുദ്ധിജീവികളെയും കൂട്ടി നങ്ങേലി സ്മൃതിയും ആഘോഷിക്കുന്നു. എല്ലാവരും കൂടി പ്രസംഗിച്ചു മറിക്കുമായിരിക്കും. ഒരു ചങ്ങാതി അതിനെ ആസ്പദമാക്കി ചിത്രങ്ങള്‍ വരച്ച് നാടുമുഴുവന്‍ നടന്ന് ഇത് കൂടുതല്‍ പ്രസിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും ചോദിക്കട്ടെ ഈ കഥ സത്യമാണോ? കരം കൊടുക്കാന്‍ കഴിയാതെ നങ്ങേലി എന്നൊരു ഈഴവസ്ത്രീ മുല മുറിച്ചു എന്നു പറയുന്ന സംഭവം ശരിക്കും നടന്നതാണോ?
വലിയ ചിത്രകാരന്മാരുടെയും മറ്റും പെയ്ന്റിങ്ങുകളുടെ ആധികാരകത തീരുമാനിക്കുന്നതിന് ചിത്രത്തിന്റെ അതിന്റെ provenance അഥവാ ഉത്ഭവകഥ നോക്കുന്ന ഒരു രീതിയുണ്ട്. അതായത് ആ ചിത്രംഉണ്ടായതു മുതല്‍ ഇന്നുവരെ ആരൊക്കെ ഉടമസ്ഥതയിലായിരുന്നു എന്നതിന്റെ രേഖകളും മറ്റു തെളിവുകളും നോക്കും. ഉദാഹരണത്തിന് ഡാവിഞ്ചിയുടെത് എന്ന് പറയപ്പെടുന്ന ഒരു ചിത്രത്തിന് പതിനെട്ടാം നൂറ്റാണ്ടിനപ്പുറം അതിന്റെ ഉടമസ്ഥര്‍ ആയിരുന്നവരെ കണ്ടെത്താന്‍ ആകുന്നില്ലെങ്കില്‍ അത് വ്യാജം ആയിരിക്കാം എന്ന നിഗമനത്തിലാണ് ആദ്യം എത്തുക. അതായത് അതുവരെ ആരും കേള്ക്കാത്തഒരു ഡാവിഞ്ചി ചിത്രം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു. എങ്കില്‍ അത് വ്യാജമാകാന്‍ നല്ല സാധ്യതയുണ്ട്. യേശുവിനെ പൊതിഞ്ഞത് എന്നു പറയപ്പെടുന്ന ശവക്കച്ച വ്യാജമാണ് എന്ന് പറയാന്‍ കാരണംപതിമൂന്നാം നൂറ്റാണ്ടിണ് പുറകോട്ട് അതിന്റെ provenance ഇല്ല എന്നതു കൊണ്ടാണ്.
അതുപോലെ ചരിത്ര സംഭവങ്ങളുടെ ഉത്ഭവകഥ അഥവാ provenance ഉം നോക്കാം. ഈ നങ്ങേലിയുടെ കഥ ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ്? പത്തൊന്‍പതാം നൂറ്റാണ്ടില്‍ നടന്ന സംഭവമാണെങ്കില്അന്ന് മുതലുള്ള provenance ലഭ്യമായിരിക്കും. എവിടെയെങ്കിലും ഏതെങ്കിലും രൂപത്തില്‍ അത് രേഖപ്പെട്ടു കിടക്കും. ഏതെങ്കിലും മിഷനറിമാരുടെ എഴുത്തുകുത്തുകളില്‍, പുസ്തകങ്ങളില്‍ സര്‍ക്കാര്‍രേഖകളില്‍ ഒക്കെ. ഈ നങ്ങേലിയുടെ കഥക്ക് അധികം പഴക്കമില്ല എന്നതാണ് സത്യം.
നമുക്ക് നങ്ങേലി കഥയുടെ ഉറവിടം (provenance) നോക്കാം. ഈ കഥ ആദ്യം പ്രത്യക്ഷപ്പെടുന്നതായി കാണുന്നത് 2000ത്തില്‍ പ്രസിദ്ധീകരിച്ച എസ്.എന്‍. സദാശിവന്റെ A social history of India എന്ന
പുസ്തകത്തിലാണ്. അതില്‍ നങ്ങേലി എന്ന പേരും അവരുടെ നാളും ഒന്നുമില്ല. അതൊക്കെ 2000 നു ശേഷം വന്ന പലരുടെയും ഭാവനാവിലാസങ്ങളാണ്. വേറൊരു രസം എസ്.എന്‍.സദാശിവന്റെ ഒരു വമ്പന്‍ തള്ളാണ്. മുലക്കരത്തെ breast tax എന്ന് വിളിച്ച് മനഃപ്പൂര്‍വ്വം തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മുലക്കരം എന്ന നികുതി സ്ത്രീകളുടെ മുലകളുടെ വലുപ്പവും ഭംഗിയും വലുപ്പവും അനുസരിച്ചാണ് എന്നു പോലും പറഞ്ഞു കളഞ്ഞു. മറ്റൊരു രസം ഇതിന്റെ തൊട്ടു മുകളിലുള്ള പാരഗ്രാഫില്‍ അദ്ദേഹം തന്നെ മുലക്കരം ഈഴവര്‍ക്ക് ബാധകമായിരുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട് എന്നതാണ്.
വീണ്ടും പുറകോട്ടു പോയാല്‍ അന്ത്രോപ്പോളജിസ്റ്റായ എല്‍. അനന്തകൃഷ്ണയ്യരുടെ 1937 ല്‍ പ്രസിദ്ധീകരിച്ച Travancore tribes and castes എന്ന പുസ്തകത്തില്‍ ഒരു മുലയറുക്കല്‍ കഥ പറയുന്നുണ്ട്. പണ്ടെന്നോ നടന്നത് എന്ന് കേട്ടുകേള്‍വിയുള്ള ഒരു കഥ. മലയരയന്‍ എന്ന വിഭാഗത്തില്‍ പെടുന്ന ഒരു വനവാസിയാണ് കഥയിലെ നായിക.
പുന്നാട്ട് രാജാവിന്റെ ഉദ്യോഗസ്ഥന് ഒരു മലയരയനോട് തലക്കരം ചോദിച്ചപ്പോള്‍ അത് കൊടുക്കാനില്ലാത്തതു കൊണ്ട് അവര്‍ ഒരാളുടെ തലവെട്ടി ഉദ്യോഗസ്ഥന്റെ മുന്നില്‍ വച്ചത്രേ. അതുപോലെ മുലക്കരം കൊടുക്കാനില്ലാത്തതുകൊണ്ട് ഒരു സ്ത്രീയുടെ മുലയും അരിഞ്ഞെടുത്ത് ഉദ്യോഗസ്ഥന് സമര്‍പ്പിച്ചത്രെ. ഈ വിവരം അറിഞ്ഞ് കോപം പൂണ്ട പുന്നാട്ട് രാജാവ് ആ കരങ്ങള്‍ നിര്‍ത്തലാക്കി എന്നാണ്കഥ എന്ന് എല്‍. അനന്തകൃഷ്ണയ്യര്‍ രേഖപ്പെടുത്തുന്നു.
The Puniat Raja, who ruled over those at Mundapalli, made them pay head money – two chuckrams a head monthly as soon as they were able to work and a similar sum as ‘presence money’
besides certain quotas of fruits and vegetables and feudal service. They were also forced to lend money if they possessed any, and to bring leaves and other articles without any pretext of
paying them, and that for days. The men these villages were placed in were in a worse position than the slaves. The petty Raja used to give a silver headed cane to the principal headman,
who was then called ‘Perumban or ‘cane man’. The head money was popularly known as ‘thalakaram’ in the case of males and ‘mulakaram’ in the case of females. It is said that these
exactions came to an end under very tragic circumstances. Once, when the agent of the Raja went to recover talakaram, the Malayarayan pleaded inability to pay the amount, but the agent
insisted on payment. The Arayans were so enraged that they cut off the head of the man and placed it before the Agent saying ‘here is your ‘thalakaram.’ Similarly, inability was pleaded in the
case of an Arayan woman from payment of mulakaram, but the Agent again persisted. One breast of the woman was cut off and placed before him saying ‘here is your mulakaram.’ On
hearing this incident, the Raja was so enraged at the indiscretion of the agent that he forthwith ordered the discontinuance of this system of receiving payment.
എന്താണ് തലക്കരം, എന്താണ് മുലക്കരം എന്ന് അനന്തകൃഷ്ണയ്യര്‍ വ്യക്തമായി പറയുന്നുണ്ട്. പണിയെടുക്കാന്‍ ശരീരശേഷിയുള്ള പുരുഷന് കൊടുക്കേണ്ട നികുതിയാണ് തലക്കരം. തന്നെയാണ്മുലക്കരവും. സ്ത്രീകളില്‍ ആ നികുതിയെ വിളിക്കുന്ന പേരാണ് മുലക്കരം എന്നത്. അതായത് തലക്കരവും മുലക്കരവും വരുമാന നികുതി പോലെ ഒന്നാണ്. മാസം രണ്ടു ചക്രമായിരുന്നു നികുതി എന്നും അനന്തകൃഷ്ണയ്യര്‍ പറയുന്നു. (അത് അമിതമാണോ അല്ലയോ എന്നത് അന്നത്തെ കൂലി എത്രയായിരുന്നു എന്നതനുസരിച്ചിരിക്കും.) അത് നമ്മുടെ അഭിനവ ചരിത്ര പണ്ഡിതര്‍ പറയുന്നപോലെ സ്ത്രീകള്ക്ക്മേല്വസ്ത്രം ധരിക്കാനുള്ള അനുവാദം കിട്ടാനുള്ള നികുതിയല്ല. സ്തനങ്ങളുടെ വലുപ്പം അനുസരിച്ചാണ് നികുതി നിശ്ചയിച്ചിരുന്നത് എന്നൊക്കെ തള്ളുന്നവരെ സമ്മതിക്കണം.
തലയും മുലയും അര്‍പ്പിച്ചത് ഒരേ അവസരത്തിലാണ് എന്നാണ് ഈ കഥ വായിച്ചാല്‍ തോന്നുക. ഒറ്റ നോട്ടത്തില്‍ തന്നെ ഒരു വെറും കഥ മാത്രമാണ് എന്ന് വളരെ വ്യക്തം. മറിച്ചൊരു അവകാശവാദംഅനന്തകൃഷ്ണയ്യരും ഉന്നയിക്കുന്നില്ല. പിന്നെ പുന്നാട്ട് രാജാവ് തിരുവിതാംകൂര്‍ മഹാരാജാവിനു കീഴിലാണ്. അദ്ദേഹത്തിന് സ്വന്തം ഇഷ്ടപ്രകാരം കരം പിരിവ് നിര്‍ത്താനൊന്നും പറ്റില്ല.
ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത് നടന്നത് മലയരയന്മാരുടെ ഇടയിലാണ്. ഈഴവരുടെ ഇടയിലല്ല. അത് നടന്നിട്ടുണ്ടെങ്കില്‍ തന്നെ അത് ചേര്‍ത്തലയിലല്ല. ആ സ്ത്രീയുടെ പേര് നങ്ങേലി എന്നുമല്ല.
ഇതുപോലുള്ള നിസ്സാര നികുതികള്‍ പിരിച്ചെടുക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടോ, ബ്രിട്ടീഷുകാരുടെ പ്രേരണകൊണ്ടോ, തിരുവിതാംകൂര്‍ മഹാരാജാവ് ദരിദ്രവാസികളുടെ മേല്‍ ചുമത്തിയിരുന്ന ഇതുപോലുള്ളനൂറ്റിഇരുപതോളം നിസ്സാര നികുതികള്‍1865 ല്‍ നിര്‍ത്തലാക്കി. നങ്ങേലി സംഭവം നടന്നത് 1803ലാണ് എന്ന് ചില “ചരിത്രകാരന്മാര്” അവകാശപ്പെടുന്നുണ്ട്. (1803ല്‍ നടന്ന സംഭവത്തിന്റെ പേരില്നികുതി നിര്‍ത്തലാക്കുന്നത് 1865 ല്‍. അറുപത്തിരണ്ട് കൊല്ലം കഴിഞ്ഞ്. കൊള്ളാം,നല്ല ചരിത്രബോധം.) നമ്മുടെ എസ്.എന്‍. സദാശിവന് നങ്ങേലി സംഭവം നടന്നതായി പറയുന്നത് 1840 കളിലാണ്എന്നാണ്. എന്തായാലും നികുതി നിര്‍ത്തലാക്കാന്‍ കാരണം നങ്ങേലിയല്ല എന്ന് വ്യക്തം.
എല്ലാം മിത്തെന്ന് വാദം നങ്ങേലിക്ക് മാത്രമാണോ ബാധകം: പ്രശാന്ത് ഗീത അപ്പുൽ

മൈക്രോ പാരസൈറ്റുകളും മഹാ പകർച്ചവ്യാദികളുമാണ് തൊട്ടുകൂടായ്മപോലുള്ള അശുദ്ധി സങ്കല്പങ്ങളുണ്ടാക്കിയത് എന്നും അങ്ങനെ ബ്രാഹ്മണർക്ക് പരിണാമപരമായി തന്നെ എന്തോ ഒരു അതീജീവന ശേഷി കിട്ടിയെന്നും നൈസായിട്ട് ജാതീയതയെ വെളുപ്പിച്ചെടുക്കുന്ന എന്നാൽ ഗോക്രി മോഡല്ലെന്ന് വാദിക്കുന്ന ഒരു ഊഹാദിഷ്ഠിത ചരിത്രവായന നടത്തുന്ന പ്രമുഖ ബ്ലോഗർക്ക്
നങ്ങേലിയുടെ മുല മുറിച്ചത് മിത്തല്ലെന്ന് വാദിക്കാൻ തെളിവു വേണമെത്രേ. നിങ്ങൾ സൃഷ്ടിച്ച് ചരിത്രം, അതിൻ്റെ തെളിവ് രൂപങ്ങൾ നിങ്ങൾ നിശ്ചയിച്ചത് അത്തരം തെളിവ് രൂപങ്ങളില്ലെങ്കിൽ എല്ലാം മിത്തെന്ന് വാദം നങ്ങേലിക്ക് മാത്രമാണോ ബാധകം അത് നേരത്തെ പറഞ്ഞ ഒരു ഊഹാധിഷ്ഠിത ചരിത്ര വായനകൾക്ക് ബാധകമല്ലേ.
എഴുത്തു വായനും കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രം കിട്ടിയ ജനത വായപ്പാട്ടുകളിലൂടേയും ശബ്ദരൂപങ്ങളിലൂടേയും മിതമായെങ്കിലും അടയാളപ്പെടുത്തിയ ചരിത്രം അംഗീകരിക്കാൻ
നിങ്ങൾക്ക് സാധിക്കില്ലെന്നതോ പോട്ടെ. അത് മിത്താണെന്ന് വാദിക്കുന്നതും സഹിക്കാം
പക്ഷെ നിങ്ങൾ വായിക്കുന്നതൊക്കെ ഊഹാധിഷ്ഠിതമെങ്കിലും ‘ചരിത്ര’ വായന ആകുന്നതാണ് സഹിക്കാൻ പറ്റാത്തത്.
അയ്യരും പിള്ളയും മനോനും ഉണ്ടാക്കിയ കേരളത്തിൻ്റെ ചരിത്രം മാത്രമാണ് ചരിത്രം എന്ന് കരുതുന്നിടത്ത് സവർണതയല്ലെങ്കിൽ മറ്റെന്താണ്.
ആരെങ്കിലും എവിടെയെങ്കിലും കൊറിയിട്ടാൽ മാത്രം ഉണ്ടാകുന്നതാണ് ചരിത്രം എന്ന് കരുതുന്നത് തന്നെ യുക്തിയില്ലായ്മയാണ് ആ യുക്തിഇല്യാ്മ നങ്ങേലിക്ക് മാത്രം ബാധകമാക്കുന്നത് സവർണതയും.

കൊച്ചൂസ് ‘ഒ’പോസിറ്റിവ്
നങ്ങേലിയും മുലമുറിക്കലും സത്യമാണെങ്കില്‍ തന്നെ ഒരു സംശയം രണ്ടുമുലയും മുറിച്ച് ഇലയിൽ വെച്ച് കൊടുത്തതായിട്ടാണ് പറയുന്നത് ഒരു മുല മുറിച്ചതിന് ശേഷം രണ്ടാമത്തെ മുല മുറിക്കാൻ സാധിക്കുമോ?മുറിഞ്ഞ് വീണ മുലകൾ എടുത്ത് ഇലയിൽ വെച്ച് കൊടുക്കാൻ നങ്ങേലിക്ക് കഴിയുമോ?വേദന അറിയാതെ മുറിക്കാൻ മയക്കണ വിദ്യകൾ അന്ന് ഇല്ല എന്നാണ് എന്റെ അറിവ് അതുകൊണ്ടാണ് ഈ സംശയം യുക്തിവാദികളുടെ പോസ്റ്റിലും അവിശ്വസനീയമായ മതകഥപോലെ തോന്നുന്നു നങ്ങേലികഥ.
ടി മുരളി മറുപടി പറയുന്നു

മുലച്ചി പറമ്പ്
ഭൂമിക്ക് ലക്ഷങ്ങളുടെയും കോടികളുടെയും വിലയുള്ള ഇക്കാലത്ത് ചേര്‍ത്തലയിലെ റോഡ് സൈഡിലുള്ള മുലച്ചിപ്പറമ്പ് എന്ന സ്ഥലത്ത് ഏതാണ്ട് 75 വര്‍ഷം മുന്‍പ് നങ്ങേലിയുടെ ബന്ധുക്കള്‍ മുലച്ചി പറമ്പ് ഒട്ടേറെ തുണ്ടുകളായി വിറ്റൊഴിവാക്കിയിട്ടും ആരും വാങ്ങാതെയും ബന്ധുക്കള്‍ക്ക് പ്രേത ഭയമുള്ളതിനാല്‍ ഉപേക്ഷിച്ചതുമായ കുറഞ്ഞത് പത്തു പതിനഞ്ചു സെന്‍ണ്ടു സ്ഥലം ഇപ്പോഴും നങ്ങേലിയുടെ വീടും കുളവും നിന്നിരുന്ന സ്ഥലമായി ചരിത്രത്തിലേക്കുള്ള ഒരു പൊക്കിള്‍ക്കൊടി പോലെ കാടുകെട്ടി നിലനില്‍ക്കുന്നുണ്ട്. തൊട്ടടുത്ത് പ്രശസ്തരായ ഒരു വൈദ്യ കുടുംബത്തിലെ രണ്ടു സഹോദരങ്ങള്‍ വീടെടുത്ത് താമസിക്കുന്നുണ്ട്. അവരുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലത്തിലൂടെ നങ്ങേലിയുടെ വീടും കുളവും നിന്നിരുന്ന അനാഥ സ്ഥലത്തിലേക്ക് മൂന്നടി വീഥിയില്‍ ഒരു വഴിയും വിട്ടിട്ടുണ്ട്. നങ്ങേലി ചിത്രത്തിലൂടെ ചരിത്രം തിരുത്താനായി ഞാന്‍ പണം മുടക്കി വാങ്ങിയ സ്ഥലമല്ല അത്. പരശുരാമന് മഴു എറിഞ്ഞു കേരളം സൃഷ്ടിച്ഛപോലെ, ബ്രഷ് എറിഞ്ഞു സൃഷ്ടിച്ചതും അല്ല മുലച്ചി പറമ്പിലെ നങ്ങേലിയുടെ വീട് നിന്ന ഇടം.
ഒന്ന് രണ്ടു കിലോമീറ്റര്‍ മാറി ശാസ്താം കവലക്ക് സമീപം 75 വര്‍ഷം മുന്‍പ് നങ്ങേലിയുടെ മുലച്ചി പറമ്പില്‍ നിന്നും സ്ഥലങ്ങള്‍ വിറ്റൊഴിഞ്ഞുപോയ നങ്ങേലിയുടെ ബന്ധുക്കളില്‍ കുറച്ചു പേരെ ഞാന്‍ നേരില്‍ കാണുകയും അവരുടെ ഫോട്ടോകള്‍ നെറ്റിലും എന്റെ പുസ്തകമായ അമണയിലും പ്രകാശിപ്പിക്കയും ചെയ്തിട്ടുണ്ട്. 2016 ല്‍ “വേഗ ബോംബ്” എന്ന ഓണ്‍ ലൈന്‍ മാഗസിനില്‍ നങ്ങേലി ചിത്രം വൈറലായതിനെ തുടര്‍ന്ന്, മുംബെയില്‍ നിന്നെത്തിയ ടൈംസ് ഓഫ് ഇന്ത്യ സീനിയര്‍ എഡിറ്റര്‍ വിജയ് സിങ്ങും ഈ കുടുംബത്തെ തേടിപ്പിടിച്ചു കണ്ടിരുന്നു. കേരളത്തിലോഴിച്ച് ഇന്തയിലെ എല്ലാ എഡിഷനുകളിലും 2016 ലെ ലോക വനിതാദിനത്തിന്റെ തലേന്ന് (മാര്‍ച്ച് 7 നു) ടൈംസ് ഓഫ് ഇന്ത്യ ഒന്നാം പേജില്‍ തന്നെ വാര്‍ത്ത കൊടുത്തിരുന്നു. കേരളത്തിലെ ടൈംസ് എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഡോക്ടരെപ്പോലെ ആരോ സവര്‍ണ്ണ ജാഗ്രതയോടെ ഇടപെട്ടതിനാലാകാം കേരളത്തില്‍ ആ വാര്‍ത്ത വന്നില്ല. പക്ഷെ, ആ വാര്‍ത്ത ദില്ലി പത്രത്തില്‍ കണ്ട ബിബിസി ടീം തിരഞ്ഞെടുപ്പിനോട് അനുബന്ടിച്ച് കേരളത്തില്‍ വരികയും, നങ്ങേലിയുടെ ഞാന്‍ പരിചയപ്പെട്ടിട്ടില്ലാത്ത ബന്ധുക്കളെപ്പോലും ഇന്റര്‍വ്യു ചെയ്ത് നങ്ങേലിയുടെ ചരിത്രം ലോകത്തെ അറിയിച്ചു. എന്റെ രണ്ടു നങ്ങേലി ചിത്രങ്ങളും BBC ക്രെഡിട്ടോടെ ലേഖനത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
കണ്ണൂരില്‍ നിന്നും ഒരു ചിത്രം വരക്കാനുള്ള ആശയത്തിന്റെ പിന്നിലെ ചരിത്രത്തിന്റെ സത്യം വ്യക്തിപരമായി നേരിട്ട് ബോധ്യപ്പെടാന്‍ ആലപ്പുഴയിലെ ചേര്‍ത്തല – മുലച്ചിപ്പരമ്പിലേക്ക് നിരവധി യാത്രകള്‍ നടത്തിയ നങ്ങേലി ചിത്രങ്ങളുടെ രചയിതാവ് എന്ന നിലയില്‍ എനിക്ക് ആരെയും പണവും സമയവും നഷ്ടപ്പെടുത്തി ചരിത്രം ശേഖരിച്ച് സ്പൂണ്‍ ഫീഡ് ചെയ്തു ബോധാവല്‍ക്കരിക്കേണ്ട ധാര്‍മ്മിക ബാധ്യത ഇല്ലാത്തതാണ്.
ആര്‍ക്കും തെളിവ് നല്‍കാനല്ല, ഞാന്‍ മുലച്ചിപ്പരമ്പ് പലവുരു സന്ദര്‍ശിച്ചത്.
ക്രൂരമായ ബ്രാഹ്മണിക്കല്‍ ജാതീയ ഭരണ പീഡനങ്ങളാല്‍ പൊറുതിമുട്ടിയ വിസ്മൃത ബൌദ്ധ പാരമ്പര്യമുള്ള ഈഴവ ജനതയിലെ ഒരു ധീര സ്ത്രീയുടെ സ്മരണയെ എന്റെ മനസ്സുകൊണ്ട് ആത്മാര്‍ഥമായി സ്പര്‍ശിച്ചു അറിയാനുള്ള വ്യക്തിപരമായ ശ്രമം മാത്രമാണ്.
944 ല്‍ കുമ്പളം ചിറയില്‍ വാസവ പണിക്കര്‍ എഴുതിയ “സരസ കവി മൂലൂര്‍ എസ. പത്മനാഭ പണിക്കര്‍ ” എന്ന പുസ്തകത്തില്‍ നങ്ങേലിയുടെ ചരിത്രം പ്രധിപാദിക്കുന്നുന്ടെന്ന് കേരളത്തിലെ മാറിടം മറക്കല്‍ കലാപം എന്ന ഈ രാജന്റെ പുസ്തകത്തില്‍ കാണുന്നു. പേജുകളുടെ മൊബൈല്‍ ഫോട്ടോ താഴെ കൊടുത്തിരിക്കുന്നു.


ആ സ്ത്രീയുടെ പേര് നങ്ങേലി എന്നാണെന്ന് വാസവപ്പണിക്കര്‍ പറയുന്നുണ്ടോ?: മനോജ് ബ്രൈറ്റ്

ഇപ്പോഴും കണ്ടവനെ ചൂണ്ടിക്കാണിക്കാനല്ലാതെ ചുരുങ്ങിയ പക്ഷം ഈ വാസവപ്പണിക്കര്‍ കൃത്യമായി എന്താണ് പറഞ്ഞത് എന്നുപോലും നമ്മുടെ ആധികാരിക ഗവേഷകനു അറിയില്ല. ഞാന്‍ തന്നെ സൂചിപ്പിച്ച അനന്തകൃഷ്ണയ്യര്‍ 1937 ല്‍ പറയുന്ന മലയരയരുടെ കഥ ഈഴവരുടെ ഇടയില്‍ നടന്നതാണ് എന്ന് പറയുന്നതല്ലാതെ വേറെ പുതുതായി ഒന്നും പറയുന്നില്ലല്ലോ. ആ സ്ത്രീയുടെ പേര് നങ്ങേലി എന്നാണെന്ന് വാസവപ്പണിക്കര്‍ പറയുന്നുണ്ടോ? മുലച്ചിപ്പറമ്പ് എന്ന പേര് എന്നുമുതലാണ് നിലവില്‍ വന്നത്,ആ സ്ഥലത്തിന്റെ ആദ്യത്തെ പേര് എന്തായിരുന്നു,ആരൊക്കെയായിരുന്നു ഉടമസ്ഥര്‍ എന്നെല്ലാം രേഖകള്‍ പരിശോധിച്ചാല്‍ അറിയാം. അതു വല്ലതും അറിയാമോ? provenance എന്നു പറഞ്ഞാല്‍ ഇതൊക്കെയാണ്.
ഇതുപോലുള്ള ഒരു സംഭവം നടന്നിട്ട് അക്കാലത്തെ മിഷനറിമാരോ, മറ്റു വിദേശികളോ ഇക്കാര്യം അവരുടെ ഔദ്യോഗിക രേഖകളിലോ (ഇങ്ങനൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ മിഷനറിമാര്‍ അത് രേഖപ്പെടുത്താതെ വിടില്ലായിരുന്നു) സ്വകാര്യ കത്തുകളിലോ സൂചിപ്പിക്കുന്നുണ്ടോ? വിദേശികളുടെ അത്തരം സ്വകാര്യ കത്തുകള്‍ പുസ്തക രൂപത്തില്‍ ഇഷ്ടം പോലെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ വല്ലയിടത്തും ഈ സംഭവം വിവരിക്കുന്നുണ്ടോ? ഗവേഷണം എന്നുപറഞ്ഞാല്‍ അതൊക്കെയാണ്. അല്ലാതെ കണ്ണൂരില്‍ നിന്ന് ബസ്സ് കയറി ചേര്‍ത്തലയില്‍ ഇറങ്ങി ചായക്കട വര്‍ത്തമാനങ്ങള്‍ ചരിത്രമായി വിളമ്പുകയല്ല.
(തുടരും…) നിങ്ങളുടെ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ ക്ഷണിച്ചുകൊള്ളുന്നു.
“അമണ” നവോത്ഥാന തെരുവോര ചിത്ര പ്രദര്‍ശനം; നങ്ങേലിയെ മായ്ച്ചുകളയാന്‍ ആകുമോ ?
Comments are closed.